Home » ന്യൂസ് & വ്യൂസ് » ആഘോഷങ്ങളോ ആരവങ്ങളോ ഇല്ല; വിഎസ് അച്യുതാനന്ദന് ഇന്ന്തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍

ആഘോഷങ്ങളോ ആരവങ്ങളോ ഇല്ല; വിഎസ് അച്യുതാനന്ദന് ഇന്ന്തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍

വിഎസിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍. ഇത്തവണയും പിറന്നാളിന് ആഘോഷമൊന്നുമില്ലെന്നും കുടുംബാഗങ്ങളോടൊത്ത് ഒരു സദ്യ മാത്രമെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജന്മദിനവുമായി ബന്ധപ്പെട്ട് രാവിലെ മാധ്യമങ്ങളെ കണ്ട വിഎസ് മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി എന്ന മറുപടി മാത്രമാണ് നല്‍കിയതും.
കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ എല്ലാവരും ഒന്നിച്ചിരിക്കണം. സമാധാനപൂര്‍ണമായ ജീവിതം ഭാവി കേരളത്തിനും ഭാവിതലമുറയ്ക്കും അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു800x480_image59278566

കേരളത്തിലെ മുതിര്‍ന്ന സിപിഐഎം നേതാവും പ്രതിപക്ഷ നേതാവുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 93-ാം പിറന്നാള്‍. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വിഎസ് അച്യുതാനന്ദന്റെ ജനനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു. ജനകീയ വിഷയങ്ങളില്‍ പ്രതികരിച്ച് ഒരു ബഹുജന നേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുവാന്‍ വിഎസിന് കഴിഞ്ഞു. മതികെട്ടാനിലെ ഭൂമികയ്യേറ്റം മുതല്‍ പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നവും മറയൂരിലെ ചന്ദനക്കൊള്ളയും ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വിഎസ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 2006-ല്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ അക്കാലത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്തു.
നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കി പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന പുന്നപ്ര-വയലാര്‍ സമരങ്ങളില്‍ പങ്കെടുത്ത പ്രധാനികളില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദന്‍. പുന്നപ്രയുടെ സമരനായകന്‍ എന്ന വിളിപ്പേര് വിഎസിന് ലഭിച്ചതും ഇങ്ങനെ തന്നെ.
പുന്നപ്രയില്‍ നിരവധി ക്യാമ്പുകള്‍ക്ക് വിഎസ് അക്കാലത്ത് നേതൃത്വം നല്‍കി. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പൊലീസുകാര്‍ മരിച്ചതും ദിവാന്‍ സി.പിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറില്‍ നിന്ന് വിഎസ് അറസ്റ്റിലായത്. പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയില്‍ പൊലീസുകാര്‍ വി.എസിനെ ഉപേക്ഷിച്ചു പോയി.
1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതുരംഗത്തു സജീവമായി. പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാര്‍ട്ടിക്ക് വേണ്ടി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മര്‍ദ്ദനങ്ങളും ജയില്‍ ശിക്ഷയും അനുഭവിച്ചു. അഞ്ചു വര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുന്‍പേ വിഎസ്. പാര്‍ട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ്.

Leave a Reply