Home » നമ്മുടെ കോഴിക്കോട് » സിവില്‍ സ്റ്റേഷനു മുന്നിലെ വിദേശ മദ്യശാല അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു

സിവില്‍ സ്റ്റേഷനു മുന്നിലെ വിദേശ മദ്യശാല അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു

16 ദിവസം പിന്നിട്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജനവാസ കേന്ദത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യശാലയ്ക്ക് പൂട്ടു വീണു. സിവില്‍ സ്റ്റേഷനു മുന്നിലെ ഒ പി രാമന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യശാലയ്ക്കാണ് പൂട്ടു വീണിരിക്കുന്നത്. ഇന്നേക്ക് സമരം 17-ാം ദിവസമായിരുന്നു. ഇന്ന് രാവിലെ 10.30 ഓടു കൂടി കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് മദ്യശാല അടച്ചുപൂട്ടാന്‍ നിര്‍ദ്ദശം നല്‍കിയത്. പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറയേറ്റിലേക്കും കലക്ടറേറ്റിലേക്കും സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിട്ടുണ്ടായിരുന്നു.

മദ്യശാലയ്ക്ക് ഷിഫ്റ്റ് ചെയ്ത് പ്രവൃത്തിക്കുവാനുള്ള ലൈസന്‍സ് ഉണ്ടെങ്കിലും, ഡി.എല്‍.ഒ സര്‍ട്ടിഫിക്കറ്റില്ലാത്തതാണ് താഴുവീഴാന്‍ കാരണമായതെന്ന് സമരസമിതി ചെയര്‍മാനും 8-ാം വാര്‍ഡ് കൗണ്‍സിലറുമായ ശോഭിത ‘മെട്രോ മലയാളി’ യോടു പറഞ്ഞു. കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിലേക്ക് പോവാനിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. മദ്യശാല അടക്കുവാനുള്ള കോര്‍പ്പറേഷന്‍ തീരുമാനത്തെ തുടര്‍ന്ന് പോലീസ്, എക്‌സൈസ്, ഹെല്‍ത്ത് വിഭാഗങ്ങള്‍ സംയുക്തമായി വന്നു ബീവറേജിലെ സ്റ്റോക്കിന്റെ കണക്കെടുപ്പ് നടത്തി. ഇതിനിടെ മദ്യശാല അടച്ചു പൂട്ടിയതറിയാതെ പലരും വന്നു മടങ്ങിപ്പോവുന്നുണ്ടായിരുന്നു. ബിവറേജ് അടക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്നു വൈകീട്ട് നഗരത്തില്‍ പ്രകടനം നടത്തുമെന്ന് സമരസമിതിക്കാര്‍ അറിയിച്ചു.

Leave a Reply