Home » നമ്മുടെ കോഴിക്കോട് » മാവൂരിനെ ചേര്‍ത്ത് കോഴിക്കോടിനെ ഇരട്ടനഗരമായി വികസിപ്പിക്കും

മാവൂരിനെ ചേര്‍ത്ത് കോഴിക്കോടിനെ ഇരട്ടനഗരമായി വികസിപ്പിക്കും

മാവൂരിലെ 250 ഏക്കര്‍ പ്രയോജനപ്പെടുത്തി കേന്ദ്രസഹായത്തോടെ ഗ്രീന്‍ഫീല്‍ഡ് സമാര്‍ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് ശ്രമങ്ങള്‍ ആരംഭിച്ചു. ഇതോടെ മാവൂരിനെ ചേര്‍ത്ത് കോഴിക്കോട് ഇരട്ട നഗരമായി വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് കണക്കുകൂട്ടല്‍. നേരത്തേ ഗ്വാളിയര്‍ റയോണ്‍സിനു വിട്ടുകൊടുത്ത സ്ഥലത്താണ് സ്മാര്‍ട് സിറ്റി നടപ്പാക്കാന്‍ കണ്ടെത്തിയിരിക്കുന്നത്. റയോണ്‍സ് പൂട്ടിയശേഷം ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം ബിര്‍ളയില്‍നിന്ന് ഏറ്റെടുത്തശേഷമേ പദ്ധതി നടപ്പാക്കാനാകൂ.
ഇതുസംബന്ധിച്ച് ബിര്‍ള അധികൃതരുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞതായി ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് പ്രസിഡന്റ് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആകെ 316 ഏക്കറാണ് ഉപയോഗിക്കാതെ മാവൂരില്‍ കിടക്കുന്നത്. ഇതില്‍ സ്മാര്‍ട് സിറ്റി പദ്ധതിക്കാവശ്യമായതിനുശേഷം അവശേഷിക്കുന്ന സ്ഥലം സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതികള്‍ നടപ്പാക്കാനായി ഉപയോഗിക്കാനാണ് ജിഎംഐ വിഭാവനം ചെയ്യുന്നത്.
ഗ്രീന്‍ സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുന്നതോടെ കോഴിക്കോട് നഗരം മുതല്‍ മാവൂര്‍ വരെ 25 കിലോമീറ്ററോളം വികസിക്കും.മലബാറിന്റെ വിവിധ മേഖലകളുടെ വികസനം ഊര്‍ജിതമാക്കാന്‍ ലക്ഷ്യമിട്ട് രൂപം കൊടുത്ത ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളും കോഴിക്കോട്ട് നടക്കുന്ന കേരള ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ക്ലേവില്‍ ബിര്‍ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെന്നും ജിഎംഐ ഭാരവാഹികള്‍ വ്യക്തമാക്കി.
വയനാട്ടില്‍നിന്ന് അടിവാരത്തേക്ക് റോപ് വേ പദ്ധതിതിക്കായി ജിഎംഐ മുന്‍കയ്യെടുത്ത് പദ്ധതി രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും സ്വകാര്യസംരംഭകര്‍ ഏറ്റെടുത്താല്‍ ഇതു നടപ്പക്കാനാകുമെന്നും ജിഎംഐ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.ചെറുകിട സംരംഭകരെ ആകര്‍ഷിക്കാന്‍ ഹോം സ്റ്റേ വ്യാപകമാക്കുകയാണ് ജിഎംഐ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന അടുത്ത പദ്ധതി.

Leave a Reply