Home » യാത്ര » കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി 925 ബസ്സുകളും നിരത്തിലിറക്കും

കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി 925 ബസ്സുകളും നിരത്തിലിറക്കും

കെഎസ്ആര്‍ടിസിയുടെ 925 ബസുകള്‍ മാസങ്ങളായി കട്ടപ്പുറത്താണെന്നു മാനേജിങ് ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി. ശരാശരി 65 ലക്ഷം രൂപയാണ് ഇതുമൂലമുള്ള പ്രതിദിന നഷ്ടം. മൂന്നു മാസത്തിനകം മുഴുവന്‍ ബസുകളും നിരത്തിലിറക്കാന്‍ ഡിപ്പോകള്‍ക്കു നിര്‍ദേശം നല്‍കി. ആദ്യഘട്ടമായി 300 ബസുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ 40 ലക്ഷം രൂപ അനുവദിച്ചു. എംഡിയായി ഈയിടെ ചുമതലയേറ്റ എം.ജി.രാജമാണിക്യമാണു വിവിധ ഡിപ്പോകളില്‍ നിന്നു പ്രവര്‍ത്തനക്ഷമമല്ലാത്ത ബസുകളുടെ വിവരങ്ങള്‍ ശേഖരിച്ചത്.
പല ബസുകളും ആറു മാസത്തിലേറെയായി കട്ടപ്പുറത്താണ്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമല്ലാത്തതും ജീവനക്കാരുടെ കുറവും മൂലമാണ് അറ്റകുറ്റപ്പണി മുടങ്ങിയതെന്നാണു ജീവനക്കാര്‍ നല്‍കിയ വിശദീകരണം. കട്ടപ്പുറത്തായ മുഴുവന്‍ ബസുകളുടെയും വിവരങ്ങളും എംഡി ശേഖരിച്ചു. ബസുകളുടെ ശരാശരി പ്രതിദിന വരുമാനം 7000 രൂപ കണക്കാക്കിയാല്‍ പോലും 65 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പല റൂട്ടിലും പ്രതിദിന വരുമാനം 10,000 രൂപയ്ക്കു മുകളിലാണെന്നതിനാല്‍ പ്രതിദിനനഷ്ടം ഒരു കോടി രൂപ വരെയാണ്. ഡിപ്പോ മേധാവികളുടെ അടിയന്തരയോഗം വിളിച്ചാണു മൂന്നു മാസത്തിനകം മുഴുവന്‍ ബസുകളും നിരത്തിലിറക്കാന്‍ നിര്‍ദേശിച്ചത്. താരതമ്യേന ചെറിയ തകരാറുകളുള്ള 150 ബസുകള്‍ ഒരാഴ്ചയ്ക്കകം പണി പൂര്‍ത്തിയാക്കി സര്‍വീസ് പുനരാരംഭിക്കും. ഇതിനായി 20 ലക്ഷം രൂപ ഡിപ്പോകള്‍ക്കു കൈമാറി. നിലവില്‍ ശരാശരി 4500 ബസുകളാണു സര്‍വീസ് നടത്തുന്നത്. ഇതു പലപ്പോഴും നാലായിരത്തോളമായി കുറയാറുണ്ട്.
ഏകദേശം നാലിലൊന്നു ബസുകള്‍ കട്ടപ്പുറത്തായതു കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു. പ്രതിദിനം ഏഴുകോടി രൂപ വരുമാനമുണ്ടായാല്‍ മാത്രമേ കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുത്താനാകൂ എന്നാണു വിലയിരുത്തല്‍. അതേസമയം, നിലവില്‍ വരുമാനം അഞ്ചുകോടി രൂപയില്‍ താഴെയാണ്. ജീവനക്കാരുടെ കൂട്ടായ ശ്രമത്തിലൂടെ ഇടക്കാലത്തു വരുമാനം ആറു കോടിയിലേറെയായി ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീടു വരുമാനം വന്‍തോതില്‍ ഇടിഞ്ഞു. ഡീസല്‍ വിലയുടെ അടിസ്ഥാനത്തില്‍ ബസ് നിരക്ക് ഒരു രൂപ കുറച്ചതോടെ വീണ്ടും വരുമാനം കുറഞ്ഞു. ഡീസല്‍ വില കൂടിയതോടെ ബസ് നിരക്കു കൂട്ടണമെന്നു കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഗ്രാമ പ്രദേശങ്ങളിലടക്കം പുതിയ സര്‍വീസുകളും നടത്തും

Leave a Reply