Home » ന്യൂസ് & വ്യൂസ് » സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് എല്‍പി, യുപി സ്‌കൂളുകളില്‍ വൈഫൈ ഉടന്‍

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് എല്‍പി, യുപി സ്‌കൂളുകളില്‍ വൈഫൈ ഉടന്‍

ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് എല്‍പി, യുപി സ്‌കൂളുകളിലും വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. നവംബര്‍ 1 മുതല്‍ രണ്ട് എംബിപിഎസ് വേഗതയുള്ള ഡേറ്റാ ലഭ്യമാകും. ഡേറ്റാ ഉപയോഗം കൂടിയാലും വേഗത കുറയില്ല. ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.

നിലവില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 5000ഓളം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഐടി@സ്‌കൂള്‍ നല്‍കിവരുന്നുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രൈമറി തലത്തില്‍കൂടി ലഭ്യമാക്കുന്നതോടെ എല്ലാ സ്‌കൂളുകളും ഉള്‍പ്പെടുത്തി ആകെ കണക്ഷന്‍ 15,000 ഓളം ആകും. കമ്പ്യൂട്ടര്‍ ലാബിനോടനുബന്ധിച്ചാണ് ഇന്റര്‍നെറ്റ് കണക്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കേണ്ടത്. ലാബ് സൗകര്യം ലഭ്യമല്ലാത്തിടത്ത് മള്‍ട്ടിമീഡിയ ക്ലാസ്മുറികളിലോ അല്ലെങ്കില്‍ താല്‍ക്കാലികമായി കംപ്യൂട്ടര്‍ ലഭ്യമായ ഓഫീസ് മുറിയിലോ കണക്ഷന്‍ നല്‍കാം.

പ്രതിവര്‍ഷം നികുതികള്‍ ഉള്‍പ്പടെ 5000 രൂപയാണ് നിരക്ക്. ഇത് ഐടി അറ്റ് സ്‌കൂള്‍ വഹിക്കും. പരാതികള്‍ പരിഹരിക്കാന്‍ കോള്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. സ്‌കൂളില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply