കേരളത്തെയും തുറിച്ചുനോക്കുന്ന ‘ഓക്സിജൻഭീതി’യുടെ കാലത്ത് വായിക്കാം, ഒരിക്കൽക്കൂടി രാധാകൃഷ്ണൻ പേരാമ്പ്രയുടെ നാടകാനുഭവം..
ഓക്സിജന്‍ കുപ്പിയിലാക്കി വില്‍പ്പന നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ കേരളം ഞെട്ടി പിന്തിരിഞ്ഞുനോക്കുന്നത് കോഴിക്കോട്ടുകാരനായ ഒരു നാടകകാരനെ. ‘ഫാന്റസി കൂടുതലാണ്’ എന്ന് ആദ്യനാടകത്തിന് വിമര്ശനമേൽക്കേണ്ടിവന്ന രാധാകൃഷ്ണന് പേരാമ്പ്രയുടെ ‘നാടകപ്രവചന’മാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
കാര്‍ഡുള്ളവര്‍ക്കു മാത്രം ഓക്സിജന്‍ പരിമിതപ്പെടുത്തുകയും അല്ലാത്തവരെ ചേമ്പറില്‍ അടക്കുകയും ചെയ്യുന്നതായിരുന്നു ‘O2 അഥവാ അവസാന ശ്വാസം’ എന്ന രാധാകൃഷ്ണന് പേരാമ്പ്രയുടെ നാടകത്തിന്റെ പ്രമേയം. പ്രതിരോധിച്ച് ശ്വാസംപിടിച്ച് ജീവിക്കുന്ന ‘മോണ്ടി കാസ്റ്റോ’ എന്ന കഥാപാത്രവും കഥാപാത്രത്തിനുണ്ടായിവരുന്ന അനുയായിവൃന്ദവും തിയേറ്റർ വൄത്തങ്ങളിൽ കാര്യമായി സ്വീകരിക്കപ്പെട്ടെങ്കിലും, അതിശയോക്തിപരമെന്ന വിമർശനം നിലനിന്നു.
മാതൃഭൂമി ആഴ്ചപതിപ്പില്‍ പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ച നാടകത്തിന് 2013 ല്‍ രചനക്കുള്ള പി ജെ ആന്റണി പുരസ്കാരം, ബി എസ് എന്‍ എല്‍ അഖിലേന്ത്യ നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ കിട്ടി. എ ശാന്തകുമാറാണ് നാടക സംവിധായകന്.
നാടകകൄത്ത് ഉയർത്തിയ ആശങ്കയെ യഥാർത്ഥത്തിലാക്കുകയാണിപ്പോൾ ഓക്സിജന്‍ വില്പന നടത്താന്‍ കാനഡക്കാരായ മോസസ് ലാം, ട്രോയ് പാക്വിറ്റ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനി. ചൈനയെ വിപണിയായി കണ്ടാണ് കമ്പനി കാര്യങ്ങള്‍ നീക്കുന്നത്. ബീജിംഗ് നഗരത്തിന്റെ അന്തരീക്ഷത്തില്‍ കറുത്ത പുക പടര്‍ന്ന് ഈയിടെ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ ശുദ്ധവായു കുപ്പിയിലാക്കി നല്കിയാല് വാങ്ങാന്‍ ആളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സമീപഭാവിയിൽ ഇന്ത്യൻ നഗരങ്ങളും കേരളവും ഇവർക്ക് മറ്റൊരു വിപണിയാകാം, അതിശയോക്തി തോന്നേണ്ടതില്ല!
കേരളത്തെയും തുറിച്ചുനോക്കുന്ന ‘ഓക്സിജൻഭീതി’, ഈ നാടകകൄത്തിന്റെ നാടകാനുഭവത്തിലേക്ക് ഒന്നുകൂടി നോക്കാൻ നമ്മെ പ്രേരിപ്പിക്കും. ഒരിക്കൽക്കൂടി വായിക്കാം, രാധാകൃഷ്ണന് പേരാമ്പ്രയുടെ പ്രസിദ്ധമായ കുറിപ്പ്:
“ഏകദേശം പതിനഞ്ചു വര്ഷ൦മുമ്പ് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ അങ്കമാലി ബസ് സ്റ്റാന്റില്‍ അല്പ നേരം ബസ് നിര്‍ത്തി. അര്‍ദ്ധരാത്രി കഴിഞ്ഞതിനാല്‍ ഒന്നു രണ്ടു പെട്ടിക്കടകള്‍ മാത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളൂ. പെട്ടിക്കടയില്‍ നിന്ന് ഒരു ചായയും കടിയും കഴിച്ചു. നല്ല ദാഹം തോന്നിയതുകാരണം കടക്കാരനോട് ഒരു ഗ്ലാസ് പച്ചവെള്ളം ചോദിച്ചു.
കടക്കാരന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു. ഞാനെന്തോ അപരാധം ചെയ്തതു പോലെയാണ് അയാള്‍ എന്നോട് പെരുമാറിയത്. ‘പച്ചവെള്ളമൊന്നുമില്ല, വേണമെങ്കില്‍ വല്ല സ്പ്രൈറ്റോ കോളയോ വാങ്ങി കഴിച്ചോളൂ’ എന്ന ഉപദേശവും.
അതുകേട്ട് ഞാന്‍ അവിടെത്തന്നെ നിന്നു. എന്റെ കയ്യില്‍ ഒരു കുപ്പി വെളളം വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ടല്ല, മറിച്ച് പണമില്ലാത്ത ഒരു മനുഷ്യന് കുടിവെള്ളം കിട്ടാന്‍ പോകുന്നില്ല ഇനി ഈ കേരളത്തില്‍ എന്ന ചിന്ത വല്ലാതെ വേദനിപ്പിച്ചു. എന്റെ നില്പ്പു കണ്ടിട്ടോ എന്തോ കടക്കാരന് ദേഷ്യത്തോടെ ഒരു ഗ്ലാസ് വെള്ളം എന്റെ മുമ്പില്‍ വെച്ചു. ഞാന്‍ അത് സ്വീകരിക്കാതെ തിരിയെ നടന്നു. അടുത്ത സീറ്റില്‍ ഇരുന്നയാള്‍ എനിക്ക് അയാള്‍ കരുതിവെച്ച വെള്ളം തന്നു.
‘കഷ്ടമാണ് കാര്യങ്ങള്‍, അല്ലേ’, അയാള്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ ഇനി പ്രാണവായു പോലും വിലകൊടുത്തു വാങ്ങേണ്ടി വരുന്ന ഒരു കാലം വരും. എന്റെ മനസ്സിലൂടെ ഈ ചിന്തയാണ് ഓടിയത്. ഈ സംഭവം ഒരു നാടകത്തിന് ബീജമാവുകയായിരുന്നു.
ഞാന്‍ ആദ്യമെഴുതിയ നാടകവും O2 അഥവാ അവസാന ശ്വാസം എന്ന നാടകമായിരുന്നു. പക്ഷെ അന്ന് ആരും ശ്രദ്ധിച്ചില്ല. പിന്നീട് 2013 കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തില്‍ സെലക്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രശസ്ത സംവിധായകന് എ ശാന്തകുമാറിന്റെ സംവിധാനത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നാടകം അരങ്ങേറി. അപ്പോള്‍ നാടക പ്രേമികള്‍ നാടകമേറ്റെടുത്തെങ്കിലും, പല പഴയകാല നാടക പ്രവര്‍ത്തകരും നേരില്‍ കാണുമ്പോള്‍ നല്ലതു പറയുമെങ്കിലും, നാടകത്തിന്റെ ടെക്സ്റ്റിനെ വെറും ഫാന്റസി ആയാണ് അവര്‍ വിലയിരുത്തിയിരുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു നാടകക്കാരന്റെ ജല്പ്പനങ്ങള്..
ഞാന്‍ ഇത്രയും പറയാന്‍ ഒരു കാരണമുണ്ട്. ഈ അടുത്ത ദിവസം വന്ന ഒരു വാര്‍ത്ത അതെന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. O2 കുപ്പികളില്‍ ഇറങ്ങിയിരിക്കുന്നു. കമ്പനി ലക്ഷ്യമിടുന്നത് ചൈനയെപ്പോലുള്ള രാജ്യങ്ങളെ…”