Home » നമ്മുടെ കോഴിക്കോട് » കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി ഇടതു സംഘടനകള്‍

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി ഇടതു സംഘടനകള്‍

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പോഷക സംഘടനയായ കെ.എസ്.ആര്‍.ടി.സി.എ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് തുടങ്ങിയ സമരം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ തുടരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ബസ്റ്റാന്റിന് ചൂണ്ടിക്കാണിക്കപ്പെടുന്ന പോരായ്മകള്‍ നിരവധിയാണ്. ബിഒടി കരാറില്‍ കെടിഡിഎഫ് സിയാണ് പത്ത് നിലകളിലായി ഇരട്ട ടവറോടെയുള്ള ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. ബസ് ടെര്‍മിനല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന ക്ഷമമാക്കുക, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, കെ.എസ്.ആര്‍.ടി.സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി/കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്നിവയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍. ബസ്സ്റ്റാന്റ് രൂപീകരിച്ച് രണ്ടു വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പലതും പൂര്‍ത്തിയാക്കിയിട്ടില്ല. ഇപ്പോഴും കിലോമീറ്ററകലെ പാവങ്ങാടാണ് ഓഫീസുള്ളത്. ക്ലോക്ക്‌റൂമോ വിശ്രമ സ്ഥലമോ ബസ്റ്റാന്റിലില്ല. മഴയായാലും വെയിലായാലും ബസ് ജീവനക്കാര്‍ ബസ്സില്‍ തന്നെ വിശ്രമിക്കേണ്ടി വരുന്നു. ഭക്ഷണ ശാലകളില്ല യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ അത്യാവശ്യത്തിന് ദാഹം മാറ്റാന്‍ കുടിവെളള്ളമില്ല. ഇങ്ങനെ നിരവധി പോരായ്മയുള്ള ബസ്റ്റാന്റിനെ നവീകരിക്കണമെങ്കില്‍ സത്യാഗ്രഹവും സമരവും ശക്തമാക്കി അധികാരികളുടെ ശ്രദ്ധ കൊണ്ടു വരികയാണ് സി.ഐ.ടി.യുവിന്റെ തീരുമാനം. ബസ് സ്റ്റാന്റില്‍ മൈക്കു കെട്ടി ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടാണ് സത്യാഗ്രഹം നടത്തുന്നത്.

Leave a Reply