Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സമ്പൂര്‍ണ ശൌചാലയ ജില്ല പ്രഖ്യാപനം നാളെ

കോഴിക്കോട് സമ്പൂര്‍ണ ശൌചാലയ ജില്ല പ്രഖ്യാപനം നാളെ

കോഴിക്കോട് കോര്‍പ്പറേഷനിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയമായി. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കംക്കുറിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ കോര്‍പറേഷന്‍ കണ്ടെത്തിയ 1503 കുടുംബങ്ങള്‍ക്കാണ് കക്കൂസ് നിര്‍മിച്ചുനല്‍കിയത്. ഇതിനുപുറമെ ഒമ്പതിടത്ത് കമ്യൂണിറ്റി കക്കൂസുകളുടെ നിര്‍മാണവും നടന്നുവരികയാണ്. കോഴിക്കോടിനെ സമ്പൂര്‍ണ വെളിയിട വിസര്‍ജന രഹിത (ഒഡിഎഫ്)നഗരസഭയായി വെള്ളിയാഴ്ച പകല്‍ 11ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രഖ്യാപിക്കും.
കഴിഞ്ഞവര്‍ഷം കുടുംബശ്രീ നടത്തിയ സര്‍വേയില്‍ ശൗചാലയങ്ങള്‍ ഇല്ലാത്ത 911 വീടുകളും പൊട്ടിപ്പൊളിഞ്ഞ 592 ഗാര്‍ഹിക ശൗചാലയങ്ങളും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1,503 ടോയ്‌ലറ്റുകള്‍ നിര്‍മിച്ചത്. ഒരു കക്കൂസിന് 15,400 രൂപയാണ് ചെലവ്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ 4,000 രൂപയും സംസ്ഥാനസര്‍ക്കാര്‍ 1,333 രൂപയും കോര്‍പറേഷന്‍ വിഹിതമായി 10,067 രൂപയും നല്‍കും. ഗഡുക്കളായാണ് ഗുണഭോക്താക്കള്‍ക്ക് പണം അനുവദിച്ചത്. 23,17,7000 രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പദ്ധതിയുടെ ഭാഗമായി കുണ്ടായിത്തോട്, കപ്പക്കല്‍ ചേരികള്‍ക്ക് സമീപം, ശാന്തിനഗര്‍, വെസ്റ്റ്ഹില്‍, ചക്കുംകടവ് കോളനി, പയ്യാനക്കല്‍ കോളനി, 64 ാം വാര്‍ഡിലെ സിഡിഎ കോളനി, കല്ലുത്താന്‍കടവ് കോളനി, കോട്ടൂളി ജങ്ഷന്‍, കനോലി കനാലിന് സമീപം എന്നിവിടങ്ങളിലായാണ് ഒമ്പത് കമ്യൂണിറ്റി ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നത്. കേന്ദ്രവിഹിതമായ 26,000 രൂപയും സംസ്ഥാന വിഹിതമായ 8667 രൂപയും നഗരസഭയുടെ 30,333 രൂപയും അടക്കം 65,000 രൂപയാണ് ഒരു യൂണിറ്റിന് ചെലവ്.
നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പൊതു ശൗച്യാലയങ്ങള്‍ നിര്‍മിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കും. വെള്ളിയാഴ്ച ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മാലിന്യ നിര്‍മാര്‍ജനം, ശുചിത്വം എന്നിവയുടെ ബോധവല്‍ക്കരണത്തിനായി തയ്യാറാക്കിയ ‘ശുചിത്വഭൂമി’ ടെലിഫിലിം, കോര്‍പറേഷന്‍ പൗരാവകാശ രേഖ എന്നിവ പ്രകാശനം ചെയ്യും.

Leave a Reply