Home » ഇൻ ഫോക്കസ് » ഫോണോഗ്രാഫിയിൽ പതിഞ്ഞ മതിലുകൾ പ്രദർശനത്തിന്

ഫോണോഗ്രാഫിയിൽ പതിഞ്ഞ മതിലുകൾ പ്രദർശനത്തിന്

കാഴ്ചകളിൽ കൗതുകമുണർത്തി ‘മതിലുകൾ’ പ്രദർശനം ആരംഭിച്ചു. ലൈറ്റ് സോഴ്സ് ഫേസ്ബുക് പേജിലെ ഫോണോഗ്രാഫി വിഭാഗത്തിൽ പോസ്റ്റ് ചെയ്ത നൂറോളം ചിത്രങ്ങളാണ് പ്രദര്ശനത്തിനുള്ളത് നവംബർ രണ്ടു മുതൽ ആറ് വരെ കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിലാണ് പ്രദർശനം. മൊബൈൽ ഫോൺ ക്യാമറയുടെ സാധ്യതകൾക്കപ്പുറത്തേക്കു നീളുന്ന ചിത്രങ്ങൾ‍ പകർത്തിയത് പ്രതാപ് ജോസഫാണ്. ഫോട്ടോഗ്രാഫിയിൽ മാത്രമല്ല സിനിമയിലും തന്റേതായ ഇടം നേടിയെടുക്കാൻ കഴിഞ്ഞ പ്രതാപ് ജോസഫ് തന്റെ വിശേഷങ്ങളും സിനിമ അനുഭവങ്ങളും കാലിക്കറ്റ് ജേര്ണ‍ലിനോട് പങ്കു വെക്കുന്നു.

ഞാൻ നടന്ന വഴിയിലെ മതിലുകൾ
പ്രതാപ് ജോസഫ് /ദിനു കടവ്

ഒരു കാലത്ത്‌ കാമറയില്ലാതെ പുറത്തിറങ്ങില്ലായിരുന്നു.പിന്നൊരുകാലത്ത്‌ കാമറ അലർജ്ജിയായി; തൊടാൻ തന്നെ മടി. അങ്ങെനെയിരിക്കുമ്പോഴാണ്‌ Aparna Sivakaami ഒരു കാമറയുള്ള മൊബെയിൽഫോൺ (micromax nitro 4.45)വാങ്ങിത്തരുന്നത്‌. പിന്നെ പണി അതിന്റെമേലായി.ലൈറ്റ്സോഴ്സിന്റെ ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ phoneography എന്ന പേരിൽ പോസ്റ്റാനും തുടങ്ങി. ഏതാണ്ട്‌ ഒരു വർഷം, ഫോണോഗ്രഫി 1000 തികയുന്നു. എടുത്ത ചിത്രങ്ങൾ 50000 എങ്കിലും വരും. അതിൽനിന്ന് തിരഞ്ഞെടുത്ത 100 ചിത്രങ്ങൾ ആണ്‌ പ്രദർശ്ശിപ്പിക്കുന്നത്‌. 2013 ലാണ്‌ അവസാനത്തെ സോളോ ചെയ്യുന്നത്‌. ‘ഒരു കുമ്പളവള്ളിയുമൊത്തുള്ള എന്റെ ജീവിതം’. 2014ൽ അതിനു ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചു. ഇത്തവണ വിഷയം ‘മതിലുകൾ’ ആണ്‌. ഞാൻ നടന്ന വഴിയിലെ മതിലുകൾ..

പ്രതാപ് ജോസഫിന്റെ ഈ ഫേസ് ബുക്‌പോസ്റ്റാണ് മതിലുകളിലേക്കു എത്തിച്ചത്. എന്താണ് മതിലുകൾ എന്നൊരു പേരുനൽകാൻ കാരണം?

ലോകത്തുള്ള ഏതുവസ്തുവിൽനിന്നും നമുക്ക്‌ ഒന്നിലധികം ഇമേജുകൾ കണ്ടെത്താൻ കഴിയും. അതിനെ നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നതാണ്‌ പ്രധാനം. കല ഇല്ല എന്ന് നമ്മൾ പൊതുവെ കരുതുന്ന ചിലയിടങ്ങളിൽനിന്നും കലയെ കണ്ടെത്താനുള്ള ശ്രമമാണ്‌ മതിലുകൾ സീരീസ്‌. ചുറ്റുമുള്ളതിനെ പകർത്താനുള്ള ഒരു ശ്രമംകൂടിയാണത്‌.

ഫോട്ടോഗ്രാഫിയിലേക്കുള്ള പ്രവേശനം

കാമറയില്ലാതെയും ഫോട്ടോയെടുക്കുന്നവരാണ്‌ നല്ല ഫോട്ടോഗ്രാഫർമ്മാർ. ഒരിക്കൽ ഒരു ഓട്ടോഫോക്കസ്‌ ഫിലിം കാമറവാങ്ങി ആ ശ്രമം ഉപേക്ഷിച്ചതാണ്‌. ഡിജിറ്റൽ വന്നപ്പോൾ പണി എളുപ്പമായി തോന്നി. ഒരുപക്ഷേ ഈ കാലത്തല്ലായിരുന്നുവെങ്കിൽ ഞാൻ ഒരു ഫോട്ടോഗ്രാഫറാവില്ലായിരുന്നു.14708338_1148990391866164_3149747398990543971_n

‘ഒരു കുമ്പളവള്ളിയുമൊത്തുള്ളഎന്റെ ജീവിതം’ ഇപ്പോൾ ‘മതിലുകൾ’ അവയിലെ പച്ചപ്പുകൾ, ക്യാമറയുടെ ലെന്സ് പ്രകൃതിയിലേക്കാണോ തുറക്കാനിഷ്ടം

എല്ലാം ഇഷ്ടമാണ്‌. പ്ലാൻ ചെയ്ത്‌ ഒന്നും ചെയ്യാറില്ല. ജോലിക്കാര്യത്തിനല്ലാതെ യാത്ര ചെയ്യാറുമില്ല. മുന്നിൽകാണുന്നതിനെ പകർത്തുന്നു അത്രമാത്രം.

ആദ്യത്തെ സിനിമ അനുഭവം, ഛായാഗ്രഹണം /സംവിധാനം

സുദേവന്റെ ക്രൈം നമ്പർ 89 ൽ കാമറചയ്യാൻ അവസരം കിട്ടിയത്‌ വലിയ വഴിത്തിരിവായി. ഓഡേസ സത്യനും സുദേവനുമൊക്കെ നമ്മുടെ നിലപാടുകളെ നിർണ്ണയിക്കുന്നതിനും കാരണമായി. ആ ആത്മവിശ്വാസത്തിൽനിന്നാണ്‌ ആദ്യ സിനിമ കുറ്റിപ്പുറം പാലം ചെയ്യുന്നത്‌avalkkoppam
ജനകീയ സിനിമവേദിയുടെ പ്രവർത്തനങ്ങൾ/അവ എത്രത്തോളം സിനിമ പ്രവർത്തനങ്ങളെ സഹായിച്ചു

സിനിമയെടുക്കുന്നത്‌ ആർക്കുവേണ്ടിയാണ്‌ എന്ന വ്യക്തമായ ബോധ്യമുണ്ട്‌. അത്‌ എനിക്കുവേണ്ടിത്തന്നെയാണ്‌. അത്‌ ചിലർക്കെങ്കിലും ഇഷ്ടപ്പെടുന്നു എന്നതിൽ സന്തോഷവുമുണ്ട്‌. നല്ല സിനിമ ഉണ്ടാവണമെങ്കിൽ ജനങ്ങളുടെ സാമ്പത്തിക സഹായംകൂടിയേ തീരൂ. അതിനവർ തയ്യാറാവുന്നു എന്നത്‌ വലിയ കാര്യമാണ്‌.

കുറ്റിപ്പുറം പാലം ,അവൾക്കൊപ്പം… ഇനി അടുത്ത പ്രോജക്ട്

ജനുവരിയിൽ തുടങ്ങണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. കേരളത്തിൽ നടന്ന ചുംബനസമരത്തെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള ഒരു സിനിമയായിരിക്കും.

സിനിമ പ്രദര്‍ശന രംഗത്തെ നൂതന സാധ്യതയായ ഓൺലൈൻ റിലീസിംഗിനെ കുറിച്ച് എന്താണ് അഭിപ്രായം

ഓൺലൈൻ റിലീസിങ്ങിനെ വലിയൊരു സാധ്യതയായാണു കാണുന്നത്‌. അതുകൊണ്ടുതന്നെ സെൻസർ ബോർഡിനെ പേടിക്കാതെ സിനിമയെക്കുറിച്ചു ചിന്തിക്കാൻ കഴിയുന്നു.

ഇപ്പോഴത്തെ കാലഘട്ടത്തിൽ ഒരു സിനിമയെ ഗ്രേഡ് ചെയ്യുന്നതും ഡീഗ്രേഡ് ചെയ്യുന്നതിലും അവയുടെ വിജയത്തിലും പ്രൊമോഷനിലും വലിയ പങ്കു വഹിക്കുന്നത് സോഷ്യൽ മീഡിയ ആണല്ലോ അവ എത്രത്തോളം സഹായിച്ചു

ഒരു രൂപപോലും പബ്ലിസിറ്റിക്കുവേണ്ടി ചിലവഴിക്കാതെയാണ്‌ ഈ സിനിമകളൊക്കെയും ജനങ്ങളിലെത്തിയത്‌. സോഷ്യൽമീഡിയയുടെ സാധ്യതയാണത്‌.

അവൾക്കൊപ്പം പനോരമയിൽ തിരസ്കരിയ്ക്കപ്പെട്ടെന്നു ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. ഈ വർഷത്തെ മികച്ച സിനിമൾക്കുള്ള അവാർഡ് കിട്ടിയ ഒഴിവുദിവസത്തെ കളിയും ഒഴിവാക്കപ്പെട്ടെന്നു വാർത്തകൾ പറയുന്നു എന്തായിരിക്കാം ഇതിന്റെ കാരണങ്ങൾ
panorama
ഇന്ത്യൻ പനോരമ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കാൻ തുടങ്ങിയിട്ട്‌ കാലം കുറേയായി. കഴിഞ്ഞ വർഷം കുറേ പനോരമസിനിമകൾ ഗോവയിൽ വെച്ച്‌ ഞാൻ കാണാൻ ശ്രമിച്ചിരുന്നു. ദയനീയമാണ്‌ അവയുടെ അവസ്ഥ. മേജർ രവിയെപ്പോലുള്ള ആളുകളാണ്‌ സെലക്ഷൻ ജൂറിയിലുണ്ടായിരുന്നത്‌. ഇത്തവണയും മാറ്റമൊന്നുമില്ല. അടുത്ത സിനിമ സംസ്കൃതത്തിലായാലോ എന്നാണ്‌ ആലോചന. പനോരമയിൽ ഉദ്ഘാടന ചിത്രം ആകും.

ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ തിയേറ്ററുകൾ അടക്കിവാഴുമ്പോൾ ഇത്തരം തിരസ്‌കാര തീരുമാനങ്ങൾ കലാമൂല്യമുള്ള കൊച്ചു ചിത്രങ്ങൾക്ക് വെല്ലുവിളിയാകില്ലേ

സ്ഥാപിത താൽപര്യങ്ങൾ എന്ന് ഒറ്റവാക്കിൽ പറയാം.നമ്മുടെ സിനിമ ലോകോത്തര സിനിമയാണ്‌ എന്ന അഹങ്കാരമല്ല പ്രതിഷേധത്തിനുപിന്നിൽ. മികച്ച സിനികൾക്കുവേണ്ടിയുള്ള ഒരു വേദികൂടി ഹൈജാക്ക്‌ ചെയ്യപ്പെടുകയാണ്‌.

താങ്കളുടെ സിനിമകളിലെ രാഷ്ട്രീയം

എന്റെ രാഷ്ട്രീയം തന്നയാണ്‌ എന്റെ സിനിമകളുടെ രാഷ്ട്രീയവും. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം പറയാൻ വേണ്ടിയല്ല ഞാൻ സിനിമയെടുക്കുന്നത്‌. അത്‌ സംഭവിച്ചുപോകുന്നതാണ്‌. എന്നെ അറിയുന്നവർക്ക്‌, എന്നെ വായിക്കുന്നവർക്ക്‌, എന്റെ സിനിമകാണുന്നവർക്ക്‌ അതു മനസ്സിലാവും എന്നാണ്‌ ഞാൻ കരുതുന്നത്‌.

അവാർഡുകൾ ,മറക്കാനാവാത്ത അനുഭവങ്ങൾ

ഫോട്ടോഗ്രഫിക്ക്‌ ആദ്യകാലത്ത്‌ ചില അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ അവാർഡുകൾക്ക്‌ അയക്കാറില്ല. സിനിമ ഫെസ്റ്റിവലുകൾക്ക്‌ അയക്കാറുണ്ടെങ്കിലും അവാർഡുകൾക്ക്‌ അയക്കാറില്ല.

കുടുംബത്തിന്‍റെ സപ്പോർട്ട്

ആദ്യത്തെ കാമറയും ലെൻസുകളുമൊക്കെ അപർണ്ണ വാങ്ങിത്തന്നിട്ടുള്ളതാണ്‌. സിനിമകളേയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്‌. ഭാര്യയും മകളും മാത്രമല്ല സ്നേഹമുള്ള കുറേ ആളുകൾ ചുറ്റുമുള്ളതുകൊണ്ടാണ്‌ നമുക്ക്‌ പ്രവർത്തിക്കാൻ കഴിയുന്നത്‌,പ്രവർത്തിക്കാൻ തോന്നുന്നത്‌.

ഭാര്യ അപർണ ശിവകാമിക്കും മകൾ അഥിതിക്കുമൊപ്പം
പ്രതാപ് ജോസഫ് കോഴിക്കോട് താമസിക്കുന്നു

Leave a Reply