Home » ന്യൂസ് & വ്യൂസ് » വടക്കാഞ്ചേരി ബലാത്സംഗം: ജയന്തനേയും അനുജനേയും സിപിഎം സസ്‌പെന്റ് ചെയ്തു

വടക്കാഞ്ചേരി ബലാത്സംഗം: ജയന്തനേയും അനുജനേയും സിപിഎം സസ്‌പെന്റ് ചെയ്തു

വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ സിപിഎം അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെയും പാര്‍ട്ടി അംഗം പി.സി.ബിനീഷിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി.

ജയന്തന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും മാനഭംഗക്കേസില്‍ പ്രതിയായ സാഹചര്യവും പാര്‍ട്ടിയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ജയന്തന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യം പാര്‍ട്ടി പിന്നീടു തീരുമാനിക്കും. ജയന്തന്‍ മാനഭംഗക്കേസില്‍ പ്രതിയാണോ ഇല്ലയോ എന്ന കാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. ഇക്കാര്യം പാര്‍ട്ടി ഏരിയാ കമ്മിറ്റി അന്വേഷിക്കും.

അതേസമയം, ജയന്തനും കൂട്ടാളികള്‍ക്കുമെതിരായ കൂട്ടമാനഭംഗക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എഡിജിപി ബി.സന്ധ്യയ്ക്ക് നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

പൊലീസ് മാത്രമല്ല, പാര്‍ട്ടിയും ആരോപണം ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്നു ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പീഡനം നടന്നതായി ഇപ്പോള്‍ പറയാനാകില്ല. പക്ഷേ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കവെ, ജയന്തനെതിരെ ആരോപണമുന്നയിച്ച യുവതിയുടെ പേര് ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ച് പരാമര്‍ശിച്ചത് കല്ലുകടിയായി. ജയന്തന്റെ പേര് പറയാമെങ്കില്‍ മറിച്ചും പറയാമെന്ന ന്യായീകരണത്തോടെയാണ് ഇരയുടെ പേര് ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയത്.

കുറാഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗങ്ങളാണ് ജയന്തനും ബിനീഷും. 2014 ഏപ്രിലില്‍ തിരുവുള്ളക്കാവില്‍വച്ചു മാനഭംഗപ്പെടുത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ പരാതിപ്പെട്ടില്ല. 2014 ഓഗസ്റ്റില്‍ പരാതി നല്‍കിയെങ്കിലും ഭീഷണിയെത്തുടര്‍ന്നു മജിസ്‌ട്രേട്ടിനു മൊഴിമാറ്റി നല്‍കി. ഇതോടെ കേസന്വേഷണവും അവസാനിച്ചു. മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ വിവരം പുറത്തു പറയുന്നതെന്നാണ് വീട്ടമ്മ പറഞ്ഞത്.

വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ എ. പത്മനാഭന്‍, ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണു നടപടി വേണമെന്നു ജില്ലാ കമ്മിറ്റിയോടു ശുപാര്‍ശ ചെയ്തത്. ഒരു മണിക്കൂറിനു ശേഷം ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റി സസ്പന്‍ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

കൂട്ടമാനഭംഗത്തെക്കുറിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പാണ് സംഭവം വീണ്ടും ചര്‍ച്ചയാക്കിയത്. കൂട്ടമാനഭംഗത്തെക്കുറിച്ചും ഇതിനുപിന്നാലെ പൊലീസില്‍നിന്നു കൂടി ഇരയ്ക്കും ഭര്‍ത്താവിനും ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

Leave a Reply