Home » നമ്മുടെ കോഴിക്കോട് » സംഭാവനയും, പിരിവും; കോഴിക്കോട്ടെ പൊതുഇടങ്ങള്‍ കീശ കാലിയാക്കുന്നു

സംഭാവനയും, പിരിവും; കോഴിക്കോട്ടെ പൊതുഇടങ്ങള്‍ കീശ കാലിയാക്കുന്നു

കോഴിക്കോട്ടെ പൊതു ഇടങ്ങൾ പിരിവു കേന്ദ്രങ്ങളാവുന്നു. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ബീച്ചിലെത്തുന്നവരെ വരവേൽക്കുന്നത് ഇത്തരം പിരിവുകാരാണ് . കോഴിക്കോട് ബീച്ചിൽ വൈകുന്നേരം ഭർത്താവിനൊപ്പം കാറ്റുകൊള്ളാനെത്തി പിരിവിലും ഭിക്ഷാടനത്തിലും പൊറുതിമുട്ടിയ യുവ മാധ്യമപ്രവർത്തകയുടെ ഫേസ് ബുക്ക് പോസ്റ്റ്

എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ വൈകുന്നേരം കിട്ടിയപ്പോള്‍ ഇന്നലെ അല്‍പം കടല്‍ക്കാറ്റു കൊള്ളാന്‍ മോഹം. ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തി അല്‍പ നേരം നടന്നു. കുറച്ചു വിശ്രമിക്കാം എന്നു കരുതി ഒരിടത്ത് ഇരുന്നപ്പോഴാണ് ഒരു കുഞ്ഞിനെയും കൈയ്യിലേന്തി അന്യസംസ്ഥാനക്കാരിയായ ഒരു യുവതി ഭിക്ഷ യാചിച്ച് എത്തിയത്. പൂര്‍ണ ആരോഗ്യത്തോടയിരിക്കെ ജോലി ചെയ്യാതെ ഭിക്ഷയാചിച്ച് നടക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ അവരെ ശ്രദ്ധിച്ചതേയില്ല. ശല്യം സഹിക്കാതായപ്പോള്‍ ഭര്‍ത്താവ് അവര്‍ക്ക് പണം നല്‍കി ഒഴിവാക്കി. prഅല്‍പ സമയം കഴിഞ്ഞപ്പോള്‍ ദാ വരുന്ന അടുത്ത ആള്‍. കൈയ്യില്‍ അച്ചടിച്ച നോട്ടീസ്. സമീപ പ്രദേശത്തെ ഏതോ സന്നദ്ധ പ്രവര്‍ത്തകരാണെന്നും എല്ലാ ദിവസവും തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാറുണ്ടെന്നും നാളെ ഒരു ദിവസത്തേക്ക് സ്‌പോണ്‍സറെ ലഭിക്കാത്തതിനാല്‍ പിരിവിന് ഇറങ്ങിയതാണെന്നും അവന്‍ വിശദീകരിച്ചു. എന്നാല്‍ അത്ര വിശ്വാസയോഗ്യമായ യാതൊന്നും ആ നോട്ടീസില്‍ ഉണ്ടായിരുന്നുമില്ല. ഒടുവില്‍ അവനും പണം നല്‍കി. അതുവാങ്ങി പോക്കറ്റിലിട്ട് അവന്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു. രണ്ടുപേരും ഒരേ കുടുംബത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ വിശ്വാസമില്ലാത്തപോലെ അവന്‍ ഒന്ന് ആക്കി ചിരിച്ചു. കൊടുത്തത് തീരെ കുറഞ്ഞു പോയെന്ന് അവന്‍ തുറന്നു പറഞ്ഞാണ് നടന്നകന്നത്(ഭാവം കണ്ടാല്‍ തോന്നും ചില്ലറയാണ് പൊറുക്കി കൊടുത്തതെന്ന്്). നല്ല ദാഹം തോന്നിയതിനാല്‍ അടുത്തുള്ള കടയില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി. വെള്ളം തുറന്ന് അല്‍പം കുടിച്ചപ്പോഴേക്കും അതാ അടുത്ത ആള്‍ മുന്നില്‍. ഇത്തവണ ഒരു കൗമാരക്കാരനായ പയ്യനാണ്. വീര്‍പ്പിച്ച ബലൂണ്‍ വില്‍ക്കാന്‍ വന്ന അവനോട് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കി. എന്നാല്‍ അവന്റെ അടുത്ത ആവശ്യം തൊട്ടു പിന്നാലെ എത്തി. അവന് വെള്ളം വേണം. അടപ്പു തുറന്ന കുപ്പി ഞാന്‍ അവന്റെ നേരെ നീട്ടി. അപ്പോ അവന്‍ നയം വ്യക്തമാക്കി. ഇപ്പോള്‍ കുടിക്കാനല്ല, അവന് ആ കുപ്പിവെള്ളം മുഴുവന്‍ വേണം. ദാഹിച്ച് വെള്ളം വാങ്ങി ഒരു കവിള്‍ വെള്ളം മാത്രം കുടിച്ച് നില്‍ക്കുമ്പോഴാണ് വളരെ രസകരമായ അവന്റെ ആവശ്യം. പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഇത്രയും ആയപ്പോള്‍ പരസ്പരം നോക്കി ഞാനും എന്റെ പങ്കാളിയും ചിരിച്ചു പോയി. തീര്‍ന്നില്ല, അതാ വരുന്നു അടുത്ത അവതാരങ്ങള്‍. ഇത്തവണ സാക്ഷാന്‍ എസ്എഫ്‌ഐ ആണ് രംഗത്ത്. ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രവര്‍ത്തന ഫണ്ടിലേക്കുള്ള സംഭാവനയാണ് വിഷയം. 20 രൂപ ടിക്കറ്റും കൊണ്ട് രണ്ട് വിദ്യാര്‍ത്ഥി നേതാക്കന്മാരെത്തി. അഞ്ച് വര്‍ഷം മുമ്പ് ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇവരെക്കൊണ്ടെങ്കിലുമുള്ള പ്രവര്‍ത്തന ശല്യം തീര്‍ന്നെന്ന് കരുതിയതാണ്. പക്ഷെ രക്ഷയില്ല. ഇപ്പോ പ്രവര്‍ത്തനം (പിരിവ്) തെരുവിലും തുടങ്ങി. അങ്ങനെ ആകെ മൊത്തം ഇന്നലത്തെ വൈകുന്നേരം പിരിവുകാരുടെ മുന്നില്‍പെട്ട് നട്ടം തിരിഞ്ഞെന്ന് പറഞ്ഞാല്‍ മതി. ഇത്രയുമൊക്കെ ആയപ്പോള്‍ ബാക്കി പോക്കറ്റിലുള്ള പണം സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ കടല്‍ക്കാറ്റ് കൊള്ളല്‍ അവസാനിപ്പിച്ച് നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു. പിരിവുകാരോട് ഒരുവാക്ക്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്താണ് ഭൂരിഭാഗം കുടുംബങ്ങളും ജീവിക്കുന്നത്. പലപ്പോഴും ബീച്ച് അടക്കമുള്ള പൊതു ഇടങ്ങളില്‍ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ വന്നിരിക്കുന്നതു പോലും ടിക്കറ്റ് അടക്കമുള്ള അമിത ചെലവുകള്‍ ഒഴിവാക്കാനാണ്. അവിടെ വന്ന് ഇങ്ങനെ പിരിച്ചാല്‍ കുടുംബ ബജറ്റ് വല്ലാതെ അങ്ങ് പിരിഞ്ഞു പോകും.

Leave a Reply