Home » അടുക്കള » ഇടിയങ്ങര ഇത് വിലക്കുറവിന്‍റെ കോഴിക്കോടൻ ‘മീഞ്ചന്ത’

ഇടിയങ്ങര ഇത് വിലക്കുറവിന്‍റെ കോഴിക്കോടൻ ‘മീഞ്ചന്ത’

മലയാളിയുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൽസ്യങ്ങൾ മീൻ കറിയോ മീൻ പൊരിച്ചതോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ തന്നെ പ്രയാസം എന്നാൽ വിലയോ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല… കോഴിക്കോട്ടുകാർക്ക് വിലയെ പേടിക്കാതെ ഇനി മീൻ വാങ്ങാം

മീന്‍ വാങ്ങണമെങ്കില്‍ ഇടിയങ്ങരയിലേക്ക് വരണം. ഇവിടെയാണ് കച്ചോടം… ഇവിടുത്തെ പ്രദേശിക ഭാഷയില്‍ പറഞ്ഞാല്‍ മീങ്കച്ചോടം.. നല്ല പെടക്കണമീന്‍ എന്നു വെറുതേ പറയുന്നതല്ല. പെടപ്പിച്ചുകാണിച്ചുതരും. കീശകാലിയാവുകയുമില്ല. വലിയ അയക്കൂറയ്ക്ക് വില 250-മുതല്‍ 300 വരെ. എരിമീനിന് 200, ആവോലി 280, നെയ്മീന്‍ 220, നാവില്‍ കൊതിയൂറുന്ന മുരുവിന് 280 രൂപ. മുരു കൊണ്ടുവരുന്നതേ കാണൂ, അപ്പോഴക്കും വിറ്റഴിഞ്ഞിട്ടുണ്ടാകും. അതാണ് ഇടിയങ്ങരയിലെ മീന്‍ കച്ചോടം.

ഏറ്റവുംകൂടുതല്‍ പേര്‍ വാങ്ങുന്നത് മുരുവാണ്. ഇവിടുത്തെ സ്പഷെലായി മുരു നിറഞ്ഞുനില്‍ക്കുമ്ബോള്‍ സ്രാവ് ‘ എന്നും പടിക്കുപുറത്താണ്. സ്രാവിനെ “തേടി’ ആരും ഇങ്ങോട്ടുവരാറില്ല.

കച്ചവടക്കാര്‍ കൊണ്ടുവരാറുമില്ല. ഇടിയങ്ങരയ്ക്കു സമീപത്തെ കുണ്ടുങ്ങലിലും കുറച്ചുമാറിയുള്ള നൈനാംവളപ്പിലും മീന്‍കച്ചവടമുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന വിലകുറവാണെങ്കിലും വലിയമീനും വാങ്ങുന്നവരുടെ മനസും നിറയണമെങ്കില്‍ ഇടിയങ്ങരയില്‍തന്നെ എത്തണം.

മീന്‍ കച്ചോടം എന്നാല്‍ എന്നും രാവിലെയാണ്. എഴുമുതല്‍ 12.30 വരെ. ഏഴുമുതല്‍ എട്ടുവരെ തിരക്കോടുതിരക്കാണിവിടെ. ഈ പ്രദേശത്തുനിന്നുള്ളവര്‍ രാവിലെ എഴുന്നേറ്റ് “മീഞ്ചാപ്പ’യിലേക്ക് പോകും. വലിയ മീനുമായി തിരിച്ചുവരും. വൈകുന്നേരം ഇവിടെ കച്ചവടമില്ല. എല്ലാവരും നേരത്തെതന്നെ വാങ്ങിവച്ചിട്ടുണ്ടാകും. ചെറിയമീനുകള്‍ വളരെ കുറവായേ എത്താറുള്ളു.അതിന് ആവശ്യക്കാരില്ല എന്നതുതന്നെകാര്യം.എന്നാല്‍ വലിയ മീന്‍ എത്തികഴിഞ്ഞാല്‍ പിന്നെ തിക്കും തിരക്കുമായി. മറ്റിടങ്ങളില്‍ ചെറിയമീനുകളായ അയില, മത്തി, മാന്ത,നത്തല്‍ എന്നിവ വാങ്ങിയാല്‍ തന്നെ നൂറുരുപയില്‍ അധികമാകും. ഇവിടെ അത്രയും പണം കൊണ്ട് മുറിമീനുമായി തകര്‍ത്തുണ്ണാം. ഇടിയങ്ങരയുടെ മീന്‍ ഖ്യാതി സമീപത്തെ കടല്‍ പോലെ അലയടിച്ചതോടെ ബേപ്പൂരില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും, എന്തിന് നാട്ടിന്‍പുറങ്ങളില്‍ നിന്നുവരെ ആളുകള്‍ ഇവിടെ എത്താന്‍ തുടങ്ങി. 17 കച്ചവടക്കാര്‍ നിരന്നുനിന്ന് കച്ചവടം. അവധിദിനങ്ങളില്‍ കൂടുതല്‍പേര്‍ കച്ചവടത്തിനുണ്ടാകുമെന്ന് 16 വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന മമ്മദ് കോയ പറയുന്നു. കച്ചവടം കഴിഞ്ഞാല്‍ പിന്നെ പുലര്‍ച്ചെയേ എല്ലാവരും മാര്‍ക്കറ്റില്‍ എത്തൂ.

ഇടിയങ്ങരയിലെ മീന്‍കച്ചവടത്തിന്റെ വില അറിയണമെങ്കില്‍ പുറത്തുനിന്ന് മീന്‍ വാങ്ങിനോക്കണമെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. പലയിടത്തും”ആളെ’ നോക്കി വില ഈടാക്കുമ്ബോള്‍ ഇടിയങ്ങരയില്‍ വാങ്ങുന്നത് ‘കുചേലനായാലും’, ‘കുബേരനായാലും’ ഒറ്റവിലയേയൂള്ളു. മീന്‍ എടുത്തുകൊടുക്കാന്‍ ഒരാള്‍, മുറിച്ചുകൊടുക്കാന്‍ മറ്റൊരാള്‍. അതാണ് രീതി. മുറിച്ചു കഷണമാക്കിതരും, കഴുകി ചട്ടിയിലേക്കിടുകയേ വേണ്ടൂ. സ്ഥിരമായി വാങ്ങുന്നവരെ കച്ചവടക്കാര്‍ക്കുമറിയാം. നേരം വൈകിയാല്‍ പോലും അവര്‍ക്കായി മീന്‍ മാറ്റിവച്ചിട്ടുണ്ടാകും.

സമീപത്തെ ആഘോഷസ്ഥലങ്ങളിലേക്കുള്ള മീനും ഇറച്ചിയും പോകുന്നത് ഇവിടെനിന്ന് തന്നെ. ആട്ടിറച്ചിക്ക് 480 രൂപ, ബീഫ് 200, ചിക്കന്‍(ബ്രോയിലര്‍) 140 എന്നിങ്ങനെയാണ് റേറ്റ്.

Leave a Reply