Home » ധനം » നിർമാണ മേഖല തകരും മലബാറിന്റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്കോ?

നിർമാണ മേഖല തകരും മലബാറിന്റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്കോ?

ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ സർക്കാർ നടപടി ഏറ്റവും കൂടുതൽ ബാധിക്കുന്നതു കോഴിക്കോട് ജില്ല അടക്കമുള്ള മലബാർ മേഖലയെ യാണ് നിർമ്മാണ മേഖലയടക്കം കുറച്ചു കാലത്തേക്കെങ്കിലും സ്തംഭനാവസ്ഥയിലേക്കു നീങ്ങുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹവാല പണമെത്തുന്നത് കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലേക്കാണ്. മുത്തങ്ങ, കക്കനഹല്ല, തോല്‍പ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകള്‍ കടന്ന് കര്‍ണാടകയില്‍ നിന്നുള്ള പണമൊഴുക്ക് പ്രധാനമായും മലബാറിലേക്കാണ്. ഹവാല പണത്തില്‍ നല്ലൊരു പങ്കും ഭൂമിക്കച്ചവടത്തിലും സ്വര്‍ണ്ണ ബിസിനസിലുമാണ് നിക്ഷേപിച്ചുവരുന്നത്. ഇപ്പോള്‍ നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ക്രയവിക്രയങ്ങളെയെല്ലാം കേന്ദ്ര സർക്കാർ നടപടികൾ സാരമായി ബാധിക്കും.

കുറിക്കല്യാണം, ചായപ്പയറ്റ് പോലുള്ള മലബാറിലെ പരമ്പരാഗത പരസ്പര സഹായ സാമ്പത്തിക പദ്ധതികളെയും വിവാഹങ്ങളെയും നടപടി പ്രതികൂലമായി ബാധിക്കും. സഹായദാന പദ്ധതികള്‍ നടക്കുമെങ്കിലും ലഭിക്കുന്ന സഹായങ്ങള്‍ നിലവിലുള്ളതിനേക്കാള്‍ മൂന്നിലൊന്നായി ചുരുങ്ങിയേക്കുമെന്നാണ് വിദഗ്ധാഭിപ്രായം. നൂറുകണക്കിന് ക്രയവിക്രയങ്ങളും വാഹന ഇടപാടുകളും അനുദിനം നടക്കുന്ന ജില്ലകളാണ് മലബാറിലേത്. പ്രത്യേകിച്ചും മലപ്പുറം, കോഴിക്കോട് ജില്ലകൾ. തുടങ്ങിവച്ച ഏർപ്പാടുകൾ പോലും മരവിച്ചതായി മേഖലയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാർ പറയുന്നു.

കൊണ്ടും കൊടുത്തും ഒറ്റിയും പിടിച്ചുപറിച്ചുമൊക്കെയാണ് മലബാറിലെ ഹവാലാസംഘങ്ങള്‍ വളര്‍ന്നത്. ഹൈദരബാദില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമൊക്കെയായി വയനാടതിര്‍ത്തി കടന്നുവരുന്ന പണത്തിന്റെ പ്രധാന ക്യാരിയേഴ്‌സ് മലയാളികളാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഹവാല ഇടപാടിന്റെ ഒരു പ്രധാന കേന്ദ്രമാണ്. മലപ്പുറം ജില്ലയിലെത്തിയാല്‍ മലപ്പുറവും വേങ്ങരയും തിരൂരുമൊക്കെ ഇക്കൂട്ടത്തിൽ വരുന്നു. കണ്ണൂരില്‍ ഇരിക്കൂറും ഇരിട്ടിയും തലശ്ശേരിയും കള്ളപ്പണ ഇടപാടിന്റെ പ്രധാന താവളങ്ങളാണ്. കാസര്‍ഗോട്ട് ഏറെക്കുറെ എല്ലാ ചെറുകിട പട്ടണങ്ങളെയും കേന്ദ്രീകരിച്ച് ഇത്തരം സമാന്തര ഇടപാടുകള്‍ ശക്തമാണെന്നാണ് സാമ്പത്തിക ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

ഗള്‍ഫ് പണത്തിനൊപ്പം, മലബാറിന്റെ ഇപ്പോഴുള്ള സമ്പന്നതയ്ക്ക് കള്ളപ്പണമൊഴുക്കും തുണയായിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്താറുണ്ട്. ഗൾഫ് പണം ഹവാല വഴി നാട്ടിലെത്തിക്കുന്ന രീതി പരമ്പരാഗതമായി തുടർന്നു വരുന്നവയാണ് മലബാർ ജില്ലകൾ. ഇവ രണ്ടിനെയും സാമ്പത്തിക നടപടി നേരിട്ട് ബാധിക്കും.

ബ്രിട്ടീഷ് ഭരണം വരുന്നതിനും വളരെ മുന്നേ തന്നെയുള്ള മണി ട്രാൻസ്ഫർ രീതിയാണ് ഹവാല. എന്നാൽ ആധുനിക ഇന്ത്യയിൽ നിയമവിരുദ്ധമാണ്, പേപ്പർ ട്രെയിൽ പോലുമില്ലാത്ത ഈ രീതി. ബാങ്കുകൾ വരുന്നതിനും മുന്നേ വിദൂരനഗരങ്ങളിലെ കച്ചവടക്കാർ പരസ്പരം പണം കൈമാറാൻ ഉപയോഗിച്ചുപോന്ന രീതിയാണിത്. വിശ്വാസത്തിന്റെ പുറത്തുമാത്രമാണ് ഈ ഇടപാടുകൾ നടക്കുന്നത്. പശ്ചിമേഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും വളരെ വ്യാപകമായിരുന്ന രീതിയാണിത്.

Leave a Reply