Home » നമ്മുടെ കോഴിക്കോട് » മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: തുക ഉടന്‍ അനുവദിക്കും- മന്ത്രി

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: തുക ഉടന്‍ അനുവദിക്കും- മന്ത്രി

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി തുക എത്രയും വേഗം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്- മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിയമസഭയില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സ്ഥലം ഏറ്റെടുക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ശുപാര്‍ശ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ധനകാര്യ വകുപ്പിന്റെ അനുമതിയോടെ ഫണ്ട് അനുവദിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്നും ഫണ്ട് ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍പ്പെടുന്ന ആറ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് നഗരത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. കോഴിക്കോട് നഗര റോഡ് വികസന പദ്ധതിയിലെ ഒരു പ്രധാന കോറിഡോറാണ് 8.212 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്. സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതുകൊണ്ട് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും സബ്ഡിവിഷന്‍ റിക്കോര്‍ഡ് അംഗീകാരം ലഭിച്ചിട്ടുമുണ്ട്. ഭൂമിയുടെ നഷ്ടപരിഹാരത്തൂക മാത്രം 344.50 കോടി രൂപ വേണ്ടിവരുമെന്നാണ് കോഴിക്കോട് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 60 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിനായി അനുവദിച്ചത്. ഈ തുക ഉപയോഗിച്ച്‌ മലാപ്പറമ്ബ് ജങ്ഷനില്‍ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply