Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് നഗരപരിധിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട് നഗരപരിധിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുഗമമായ യാത്രായ്ക്ക് നഗരത്തിലെത്തുന്ന എല്ലാ ജനങ്ങളും ട്രാഫിക് പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസുമായി സഹകരിക്കണമെന്നും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

= മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ നിന്ന് സമ്മേളനത്തിനായി വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര, ഫറോക്ക്,അരീക്കാട്,ഫ്രാന്‍സിസ് റോഡ്,ഓവര്‍ ബ്രിഡ്ജ് വഴി കോതി ബീച്ചില്‍ പ്രവേശിച്ച് തെക്കോട്ട് കോതി ബീച്ച് മുതല്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

= കാസര്‍കോട്,കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കോരപ്പുഴ വെങ്ങാലി വഴി ബീച്ചില്‍ പ്രവേശിച്ച് പുതിയാപ്പ മുതല്‍ ഗാന്ധി റോഡ് വരെയുള്ള ഭാഗത്ത് ബീച്ച് സൈഡില്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്.

= വയനാട്, താമരശ്ശേരി, കൊടുവള്ളി, ഓമശ്ശേരി, മുക്കം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ മലാപ്പറമ്പ് നിന്ന് വടക്കോട്ടു തിരിഞ്ഞ് വേങ്ങേരി ജംഗ്ഷന്‍, പൂളാടിക്കുന്ന്, പാലോറ മല, വെങ്ങളം ജംഗ്ഷനില്‍ പ്രവേശിച്ച് വെങ്ങാലി,കോരപ്പുഴ,പുതിയാപ്പ,ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി തെക്കു നിന്ന് വടക്കോട്ട് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് പുതിയാപ്പ വരെ പാര്‍ക്ക് ചെയ്യേണ്ടതാണ്.

= പേരാമ്പ്ര,കുറ്റ്യാടി,നാദാപുരം ഭാഗത്തു നിന്ന് വരുന്ന് വാഹനങ്ങള്‍ പാവങ്ങാട്,പുതിയങ്ങാടി,ചുങ്കം ജംഗ്ഷന്‍,വരയ്ക്കല്‍ റോഡ് വഴി ഭട്ട് റോഡില്‍ പ്രവേശിച്ച് ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി തെക്കു നിന്ന് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് വടക്കോട്ട് പാര്‍ക്ക് ചെയ്യേണ്ടതും വാഹനങ്ങള്‍ നിറയുന്ന പക്ഷം മീഡിയം വാഹനങ്ങള്‍ അപ്പോളോ അപ്പാര്‍ട്ട്‌മെന്റിനു സമീപവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

= സമ്മേളനത്തിനായി വരുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും സിറ്റിയില്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

= മാവൂര്‍,മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ തൊണ്ടയാടു നിന്ന് വടക്കോട്ട് തിരിഞ്ഞ് മലാപ്പറമ്പ്,വേങ്ങേരി ജംഗ്ഷന്‍,പൂളാടിക്കുന്ന്,പാലോറ മല,വെങ്ങളം ജംഗ്ഷനില്‍ പ്രവേശിച്ച് വെങ്ങാലി,കോരപ്പുഴ,പുതിയാപ്പ,ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി തെക്കു നിന്ന് വടക്കോട്ട് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് പുതിയാപ്പ വരെ പാര്‍ക്ക് ചെയ്യേണ്ടതാണ്.

= മാങ്കാവ്,പന്തീരാങ്കാവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ് വഴി കോതി ബീച്ചില്‍ പ്രവേശിച്ച് തെക്കോട്ട് കോതി ബീച്ച് മുതല്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്നും ട്രാഫിക് സൗത്ത് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Leave a Reply