Home » ന്യൂസ് & വ്യൂസ് » കേരളത്തിലും 2000 ന്‍റെ വ്യാജനോട്ടുകൾ

കേരളത്തിലും 2000 ന്‍റെ വ്യാജനോട്ടുകൾ

2000 രൂപ നോട്ട് ബാങ്കുകളിലെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വ്യാജനും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ നോട്ടിന്റെ വ്യാജന്‍ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ തിരുവനന്തപുരത്തും വ്യാജനോട്ട് നല്‍കി കബളിപ്പിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഫോട്ടോകോപ്പി നല്‍കി വഞ്ചിക്കപ്പെട്ടത് ഒരു ലോട്ടറി വില്‍പനക്കാരനും. ഫോട്ടോകോപ്പി നല്‍കി ലോട്ടറി എടുത്ത ശേഷം മുങ്ങുകയായിരുന്നു. ചിറയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് എസ്ബിടി ബാങ്കിനു മുന്നിലായിരുന്നു വ്യാജന്‍ കൈമാറ്റം നടന്നത്. നോട്ടുകള്‍ മാറ്റി വാങ്ങാന്‍ എത്തിയ ജനങ്ങള്‍ക്കിടയില്‍ ലോട്ടറി വില്‍പ്പന നടത്തിയ കച്ചവടക്കാരനാണ് വ്യാജനില്‍ പറ്റിക്കപ്പെട്ടത്. പുതിയ നോട്ടുമായി ലോട്ടറി വാങ്ങാനെത്തിയ യുവാവ് 100 രൂപയുടെ ലോട്ടറി വാങ്ങിയ ശേഷം 2000 രുപ നല്‍കുകയായിരുന്നു. കച്ചവടക്കാരന്‍ തിരികെ 1900 രൂപ നല്‍കുകയും ചെയ്തു. പിന്നീട് ഈ 2000 രൂപ നോട്ടുമായി ബിവറേജില്‍ എത്തിയപ്പോള്‍ ജീവനക്കാരാണ് വ്യാജനാണെന്ന് ചൂണ്ടിക്കാട്ടിയത്. നോട്ട് കൊണ്ട് ഗുണമില്ല എന്നും അറിയിച്ചു. ഇതോടെ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കേസ് നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 നോട്ട് അസാധുവാക്കപ്പെട്ട 1000 രൂപയുടെ നോട്ടിനേക്കാള്‍ ചെറുതാണ്. പത്തുരൂപ നോട്ടിന്റെ വീതി മാത്രമാണ് 2000 രൂപയുടെ നോട്ടിനുള്ളത്. കാഴ്ചയില്‍ ഡോളറിനെയും റിയാലിനെയും അനുസ്മരിപ്പിക്കുന്നതാണെങ്കിലും ഇന്ത്യന്‍ മുദ്രകളെല്ലാം നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ഇന്ത്യയുടെ ശാസ്ത്രമുന്നേറ്റത്തിന്റെ അടയാളമായ മംഗള്‍യാന്റെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മജന്ത നിറത്തിലുള്ള നോട്ടിന് 166 മില്ലിമീറ്റര്‍ നീളവും 66 മില്ലിമീറ്റര്‍ വീതിയുമാണുള്ളത്. പഴയ ആയിരം രൂപക്ക് 177 മില്ലിമീറ്റര്‍ നീളവും 73 മില്ലിമീറ്റര്‍ വീതിയുമാണുള്ളത്

2000ന്റെ കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ 15 മാര്‍ഗങ്ങള്‍

1. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള നോട്ടുകളില്‍ ഗാന്ധിജിയുടെ സ്ഥാനം വലതുവശത്തായിരുന്നു.

2. ഗാന്ധിജിയുടെ പഴയ സ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രം വാട്ടര്‍മാര്‍ക്കായി നല്‍കിയിരിക്കുന്നു. കൂടാതെ 2000 എന്ന് ഇലക്ട്രോടൈപ്പും ചെയ്തിട്ടുണ്ട്.

3. ഏഴ് ആംഗുലര്‍ ബ്ലീഡ് ലൈനാണ് മറ്റൊരു പ്രത്യേകത, പ്രതലത്തില്‍ നിന്നാണ് ഉയര്‍ന്നു നില്‍ക്കുന്നതാണ് ബ്ലീഡ് ലൈന്‍.

4. പ്രകാശത്തിനു നേരെ പിടിച്ചാല്‍ 2000 എന്നു തെളിയും.

5. ദേവനാഗിരി ലിപിയില്‍ 2000 എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

6. കണ്ണിന്റെ നിരപ്പില്‍ ചെരിച്ചു പിടിച്ചാല്‍ ബ്രൗണ്‍ നിറത്തിന്റെ പശ്ചാത്തലത്തില്‍ 2000ന്റെ പ്രതിബിംബം.

7. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ അശോക ചക്രം ഇടതു ഭാഗത്തായിരുന്നെങ്കില്‍ പുതിയ രണ്ടായിരത്തില്‍ ഇത് വലതു വശത്താണ്.

8. മധ്യഭാഗത്ത്, ഗാന്ധിജിയുടെ ചിത്രത്തിനരികില്‍ രണ്ടായിരം എന്നും ആര്‍ബിഐ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

9. ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ആര്‍ബിഐ, 2000 എന്നുംരേഖപ്പെടുത്തിയ സെക്യൂരിറ്റി ത്രെഡ്. നോട്ട് തിരിച്ച് പിടിച്ച് നോക്കിയാല്‍ ഇത് പച്ച നിറത്തില്‍ നിന്ന് നീല നിറമാകും.

10. ആര്‍ബിഐ ചിഹ്്‌നത്തോടെ വലതു വശം ചേര്‍ന്ന് ഗവര്‍ണറുടെ ഒപ്പും വാഗ്ദാനവും പ്രതിജ്ഞയും.

11. മുകളില്‍ ഇടത്തും താഴെ വലത്തുമായി നമ്പര്‍ പാനല്‍. വലത്തു നിന്ന് ഇടത്തോട്ട് വലിപ്പം കുറയുന്ന നമ്പര്‍ പാനല്‍. രൂപയുടെ ചിഹ്്‌നത്തോടെ വലത്തു വശത്ത് താഴെയായി പച്ച നിറത്തില്‍ നിന്ന് നീലയിലേക്ക് നിറം മാറുന്ന രീതി.

മറുവശം

12. ശാസ്ത്രലോകത്ത് രാജ്യം കൈവരിച്ച കുതിപ്പിന്റെ ചിഹ്്‌നമായി മംഗള്‍യാന്‍ ദൗത്യ ചിത്രീകരണം.

13. നോട്ടിന്റെ മറുവശത്തായി പ്രിന്റ് ചെയ്ത വര്‍ഷം. ഇടത്ത് താഴെയായി സ്വച്ഛ് ഭാരതിന്റെ ലോഗോയും.

14. വിവിധ ഭാഷകളില്‍ രൂപയുടെ മൂല്യം വെളിവാക്കുന്ന ഭാഷാ പാനല്‍. നോട്ടിന്റെ താഴെയായി ആന, മയില്‍, താമര എന്നിവയുടെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു.

15. ഏറ്റവും വലിയ പ്രത്യേകത 2000ന്റെ നോട്ട് അന്ധര്‍ക്ക് കൂടി അനായാസം തിരിച്ചറിയുമെന്നതാണ്. മഹാത്മാഗാന്ധിയുടെ ചിത്രം, അശോകസ്തംഭം, ബ്ലീഡ് ലൈന്‍, തിരിച്ചറിയല്‍ രേഖ, എന്നിവയില്‍ പ്രതലം ഉയര്‍ന്നു നില്‍ക്കുന്ന തരത്തില്‍ ഇന്റാഗ്ലിയോ അച്ചടി.

Leave a Reply