Home » കലാസാഹിതി » സിനിമാക്കൊട്ടക » ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് മോഹന്‍ലാല്‍

ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് മോഹന്‍ലാല്‍

ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്ന് നടന്‍ മോഹന്‍ലാല്‍. ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടുളള ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നത് പ്രകാരമാണ് സംസ്ഥാന വനം വന്യജീവി വകുപ്പ് ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്.

ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടുകയും ചെയ്തു. സര്‍ക്കാര്‍ ഇതിന് സാവകാശം തേടിയിട്ടുണ്ട്. തുടര്‍ന്ന് അടുത്താഴ്ചത്തേക്കാണ് ഹൈക്കോടതി ഹര്‍ജി മാറ്റിവെച്ചത്.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ പിടികൂടിയ കേസില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 15നാണ് വിജിലന്‍സ് കോടതി മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിടുന്നതും.

മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. അതെസമയം വിജിലന്‍സ് കോടതി ഉത്തരവ് കാര്യങ്ങള്‍ വേണ്ടവിധം പരിശോധിക്കാതെയാണെന്നാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

Leave a Reply