Home » ന്യൂസ് & വ്യൂസ് » നോട്ടു മാറൽ: വീണ്ടും നിയന്ത്രണം ഇനി മാറാവുന്നത് 2000 രൂപ മാത്രം

നോട്ടു മാറൽ: വീണ്ടും നിയന്ത്രണം ഇനി മാറാവുന്നത് 2000 രൂപ മാത്രം

അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ മുതല്‍ 2000 രൂപ വരെ മാത്രമേ ഒരാള്‍ക്ക് മാറ്റിയെടുക്കാനാകൂ. നിലവില്‍ 4500 രൂപ വരെ മാറ്റിയെടുക്കാമായിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് അവസരം നല്‍കാനാണെന്നാണ് വിശദീകരണം. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല.

ഒരേ ആളുകള്‍ തന്നെ വീണ്ടും വീണ്ടും വന്ന് പണം പിന്‍വലിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് തടയാനാണ് 4500 രൂപയുടെ പരിധി 2000 ആക്കി കുറച്ചതെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത ദാസ് അറിയിച്ചു. കറന്‍സിയുടെ ദൗര്‍ലഭ്യം കൊണ്ടല്ലെന്നും അദ്ദേഹം അറിയിച്ചു. ഒരാഴ്ച കര്‍ഷകര്‍ക്ക് 25,000 രൂപ വരെ പിന്‍വലിക്കാം.എന്നാല്‍ ബാങ്ക് അക്കൗണ്ട് കര്‍ഷകരുടെ പേരിലായിരിക്കണം. വിള ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കാന്‍ 15 ദിവസം കൂടി നീട്ടി നല്‍കി. വിവാഹാവശ്യങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി. രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് 50,000 രൂപ വരെ പിന്‍വലിക്കാം. കര്‍ഷകവായ്പകളുടെയും ഇന്‍ഷൂറന്‍സിന്റെയും അടവിന് കൂടുതല്‍ സമയം അനുവദിച്ചു.

ഒരാള്‍ തന്നെ വീണ്ടും ക്യൂ നിന്ന് പണം പിന്‍വലിക്കുന്നതിന് തടയാന്‍ കൈയില്‍ മഷി പുരട്ടുന്നതിന് പിന്നാലെയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്

Leave a Reply