Home » ന്യൂസ് & വ്യൂസ് » ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു

ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു

സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. വര്‍ഷങ്ങളായുള്ള ഭിന്നലിംഗ സമൂഹത്തിന്റെ ആവശ്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. പദ്ധതിക്ക് സാമൂഹ്യനീതിവകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവായി.

ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ സ്ക്രീനിങ് സമിതിവഴിയാണ് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുക. പദ്ധതിക്കായി പ്രാരംഭഘട്ടത്തില്‍ 2,10,000 രൂപ ചെലവഴിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമായുള്ളതാണ് ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ സ്ക്രീനിങ് സമിതികള്‍. ഒരോ ജില്ലയിലും കലക്ടര്‍ അധ്യക്ഷനായി സമിതികള്‍ ഉടന്‍ രൂപീകരിക്കും. ഭിന്നലിംഗ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാകും ഈ സമിതി. ഭിന്നലിംഗ നയത്തിന്റെ ഭാഗമായി നടത്തിയ സര്‍വേപ്രകാരം 4000 ഭിന്നലിംഗക്കാര്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. എന്നാല്‍, അനൌദ്യോഗിക കണക്കുപ്രകാരം ഇതിലേറെ വരും.

തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുസ്വീകാര്യതയുടെയും അംഗീകാരത്തിന്റെയും അടയാളംകൂടിയാണ് ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള നടപടി. ഭിന്നലിംഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് പദ്ധതിക്കും സാമൂഹ്യനീതിവകുപ്പ് തുടക്കംകുറിച്ചു. ഇതിനു പുറമെ തൊഴില്‍പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വകുപ്പ്. സാക്ഷരതാ മിഷന്‍ ഇവര്‍ക്കായി തുടര്‍വിദ്യാഭ്യാസ പദ്ധതിയും ആവിഷ്കരിച്ചു.

ഭിന്നലിംഗ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്. ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായുള്ളതാണ് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയും. വിവിധ പദ്ധതികളുടെ തുടക്കമെന്ന നിലയില്‍ 10 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

Leave a Reply