Home » ന്യൂസ് & വ്യൂസ് » റിമ കല്ലിങ്കല്‍ അറിഞ്ഞോ, `കൈവിട്ട സഞ്ചാര’ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റ കഥ?

റിമ കല്ലിങ്കല്‍ അറിഞ്ഞോ, `കൈവിട്ട സഞ്ചാര’ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റ കഥ?

 

നടി റിമ കല്ലിങ്കലിന്റെ അവതരണക്കുറിപ്പോടെ പുറത്തിറങ്ങിയ `റാണിമാർ, പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ ഉയർത്തിയ പുസ്തക വിവാദത്തിൽ ന്യായാന്യായങ്ങള്‍ ആരുടെ ഭാഗത്ത്?


പ്രസാധനരംഗത്തെ സെലിബ്രിറ്റി-ധൈഷണിക  ഐക്യമുന്നണി ആശാസ്യമോ? അതാർക്കു വേണ്ടി?


സ്റ്റാർ വാല്യുവിനു മുമ്പിൽ നീതി കുമ്പിട്ടോ?


ആരാണ് എഡിറ്റർമാരെന്ന ‘അധികാരിമാർ’?


സംവാദ൦‘ ചർച്ച ചെയ്യുന്നു.

ദിലീപ്‌ രാജ്‌ എഡിറ്റുചെയ്‌ത്‌, നടി റിമാ കല്ലിങ്കലിന്റെ അവതരണക്കുറിപ്പോടെ പുറത്തിറങ്ങിയ `റാണിമാർ, പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ എന്ന പെണ്‍യാത്രാ പുസ്‌തകം, പുതിയൊരു ചര്‍ച്ചക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌.

റാസ്‌ബെറി ബുക്‌സിന്റെ മുന്‍കയ്യില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആസൂത്രണംചെയ്യപ്പെട്ട പുസ്‌തകം പലേ കാരണങ്ങളാല്‍ സമയത്തിനു പുറത്തിറങ്ങിയില്ല. റിമ കല്ലിങ്കലും മഞ്‌ജുവാര്യരും വീടുവിട്ടിറങ്ങുന്ന യാത്രികരായി പുറത്തുവന്ന ആഷിഖ്‌ അബു-ചിത്രം `റാണി-പദ്‌മിനി’യുടെ പശ്‌ചാത്തലത്തില്‍ ബ്രണ്ണന്‍ കോളേജ്‌ ഫിലോസഫി അധ്യാപകനും ആക്‌ടിവിസ്‌ററുമായ ദിലീപ്‌ രാജ്‌ ഇതേ ആശയവുമായി പുതിയൊരു പുസ്‌തകസംരംഭത്തിന്‌ മുന്‍കയ്യെടുക്കുകയായിരുന്നു.

റാസ്‌ബെറി ബുക്‌സിന്റെയും, അവരുടെ പുറത്തിറങ്ങാതെ പോയ `പെണ്‍യാത്രകള്‍’ പുസ്‌തകത്തിന്റെ എഡിറ്റര്‍മാരായ മഡോണ മാധവന്‍, അപര്‍ണ്ണ ശിവകാമി എന്നിവരുടെയും അനുമതിയോടെ, ആ പുസ്‌തകത്തിനായി സമാഹരിച്ച്‌ പ്രസിദ്ധീകരണയോഗ്യമാക്കി എഡിറ്റു ചെയ്‌തുവച്ചിരുന്ന കുറിപ്പുകള്‍ (എഴുത്തുകാരുടെയും അനുമതിയോടെ) ഡി.സി. ബുക്‌സിന്റെ പുസ്‌തകത്തിനായി നല്‍കി.

ബ്രണ്ണന്‍ കോളേജില്‍ നടന്ന പുസ്‌തകോത്‌സവത്തില്‍, റിമ കല്ലിങ്കല്‍, ആഷിഖ്‌ അബു, ഗായകന്‍ ഷഹബാസ്‌ അമന്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തില്‍ `കൈവിട്ട സഞ്ചാരങ്ങള്‍’ പുറത്തിറങ്ങി.

പിന്നെ സംഭവിച്ചത്‌ ഇതൊക്കെയാണ്‌:

– പുറത്തിറങ്ങിയ പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പില്‍ പുസ്‌തകത്തിന്റെ മൗലികാശയം മഡോണ-അപര്‍ണ്ണമാരുടെതാണെന്ന്‌ പരാമര്‍ശിക്കേണ്ടിയിരുന്നെന്ന്‌ റാസ്‌ബെറി ബുക്‌സ്‌ വിമര്‍ശനമുയര്‍ത്തി.
– എഡിറ്റര്‍ എന്ന അധികാരരൂപത്തിനു പകരം വെക്കാവുന്ന കൂട്ടുസംരംഭങ്ങള്‍ക്ക്‌, സിനിമയിലും മറ്റും ഉണ്ടായി വന്നപോലെ, പുതിയ രൂപം ഉണ്ടായി വരേണ്ടതുണ്ടെന്നും, വിമര്‍ശനം സ്വാഗതാര്‍ഹമാണെന്നും ദിലീപ്‌ രാജ്‌.
– പുസ്‌തകാശയം ആദ്യമായി രൂപപ്പെടുത്തിയ എഡിറ്റര്‍മാര്‍ എന്ന നിലക്ക്‌ തനിക്കും മഡോണക്കും നീതി കിട്ടിയില്ലെന്ന അപര്‍ണ്ണ ശിവകാമിയുടെ വിമര്‍ശനം.

DILEEP-BOOK-COVER

`റാണിമാർ, പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ കവർ

എഴുത്തിന്റെ മേഖലയില്‍ നടക്കേണ്ട ഒരു സംവാദമെന്ന നിലക്ക്‌ `സംവാദം’ ഇക്കാര്യം ചര്‍ച്ചക്കിടുന്നു.

ന്യായാന്യായങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തുണ്ടെങ്കില്‍ അതേപ്പറ്റി,

സെലിബ്രിറ്റി-ധൈഷണിക-കച്ചവടസംഘ ഐക്യമുന്നണിയെപ്പറ്റി ചര്‍ച്ച വേണ്ടതുണ്ടെങ്കില്‍ അതേപ്പറ്റി,

പുസ്‌തകപ്രസാധനമേഖലയില്‍ നിലവിലുള്ള അനാരോഗ്യപ്രവണതകളിലേക്ക്‌ വെളിച്ചമെത്തേണ്ടതുണ്ടെങ്കില്‍ അതേപ്പറ്റി,

എഡിറ്റര്‍മാരെന്ന അധികാരരൂപങ്ങള്‍ക്ക്‌ സംവാദസാധ്യതയുണ്ടെങ്കില്‍ അതേപ്പറ്റി,
ഇവിടെ ചര്‍ച്ചയാവാം. ആര്‍ക്കും പങ്കെടുക്കാം.

ചര്‍ച്ച മുന്നോട്ടുപോയ ഘട്ടത്തില്‍ മൂന്നു കക്ഷികളും എടുത്ത നിലപാടുകള്‍ ചുവടെ ചേര്‍ക്കുന്നു – റഫറന്‍സ്‌ സൗകര്യത്തിനുവേണ്ടി.

ഒരധ്വാനവും കാണാതെ പൊയ്‌ക്കൂടാ/റാസ്‌ബറി പക്ഷം (1)

RASPBERRY-LOGO

പ്രിയ ദിലീപ്‌രാജ്‌,

ഒരു വിവാദം കെടച്ചാല്‍ കെടയ്‌ക്കട്ടെ, ഡീസിക്കും സന്തോഷമാവുമല്ലോ. ശക്‌തരെ കല്ലെറിഞ്ഞുനേടുന്ന പേരും, കിടാങ്ങള്‍ക്ക്‌ സല്‌പ്പേരാവുമെങ്കില്‍ ആവട്ടെ!

പോയിന്റ്‌ ഇതാണ്‌:

മഡോണ മാധവന്‍-അപര്‍ണ്ണ ശിവകാമി സംഘമാണ്‌ ഇങ്ങനെയൊരു പുസ്‌തക ആശയത്തിനുപിന്നില്‍ ആദ്യം പ്രവര്‍ത്തിച്ചത്‌ – കഴിഞ്ഞ വര്‍ഷം മാതൃഭൂമി ബുക്‌സ്‌ സമാനമായൊരു പുസ്‌തകം പുറത്തിറക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ.

റാണി പദ്‌മിനി ചലച്ചിത്രമോ, റിമ കല്ലിങ്കലിന്‌ ഇത്ര താരമൂല്യമോ ഇല്ലാതിരുന്ന സമയത്താണ്‌ ഇവര്‍ രണ്ടുപേരും സ്വയമേവ പെണ്‍യാത്രകള്‍ക്ക്‌ ഒരുമ്പെടുകയും, ഇത്തരക്കാരായ പെണ്‍താത്രികരുടെ അനുഭവക്കുറിപ്പുകള്‍ എഴുതിക്കുകയും സമാഹരിക്കുകയും ചെയ്‌തത്‌.

ഇങ്ങനെയൊരു പുസ്‌തകാശയത്തിന്‌ തലതൊട്ടപ്പര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതിവരാണ്‌.
അവരുടെ സംഭാവനയില്‍ നല്ലൊരു പങ്ക്‌ താങ്കള്‍ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയ സ്‌ഥിതിക്ക്‌ അവരെ വേണമെങ്കില്‍ താങ്കള്‍ക്ക്‌ പുസ്‌തകത്തിന്റെ കോ-എഡിറ്റര്‍മാരാക്കാമായിരുന്നു. അങ്ങനെയൊരു നിര്‍ദേശം വന്നിരുന്നെങ്കില്‍ അവര്‍ ഒരു കാരണവശാലും അത്‌ നിരാകരിക്കുമായിരുന്നില്ല!

ഞങ്ങളുടെ അറിവില്‍, ഗംഭീരമായി നടന്ന ആ പുസ്‌തകപ്രകാശനച്ചടങ്ങിലേക്ക്‌ ഈ എഡിറ്റര്‍മാരെ സംഘാടകര്‍ ക്ഷണിക്കുകപോലും ഉണ്ടായിട്ടില്ല.

ഏതുതരം അധ്വാനമായാലും അത്‌ കാണാതെ പോയിക്കൂടാ. പ്രത്യേകിച്ചും, താരതമ്യേന അശക്‌തരും അപ്രശസ്‌തരുമായവരുടെ കാര്യത്തില്‍.

-റാസ്‌ബെറി.

കൈവിട്ട കളിയായിരുന്നു, വീഴ്‌ചയുണ്ട്‌, ചര്‍ച്ചയാവാം/എഡിറ്ററുടെ പക്ഷം (1)

ദിലീപ്‌ രാജ്‌

ദിലീപ്‌ രാജ്‌

ഈ പുസ്തകം ഒരു ‘കൈ വിട്ട കളി ‘ തന്നെ ആയിരുന്നു . ഏതു കൈ വിട്ട കളിയിലും പരിക്കുകൾ ഉണ്ടാവും . ഞാൻ അതിനു തയ്യാറാണ് .

ഏഴു ദിവസം കൊണ്ട് ഒരു പുസ്തകം എന്നത് തീർച്ചയായും വലിയ സാഹസമാണെന്ന് തീർച്ച .അതിന്റെ ചില പാടുകൾ പുസ്തകത്തിൽ വരും . സത്യത്തിൽ ഞാൻ പറഞ്ഞു എഴുതിച്ചതിലും അയച്ചു കിട്ടിയതിലും  മുപ്പതോളം നല്ല എഴുത്തുകൾ ഇപ്പോഴും ഈ പുസ്തകത്തിന്‌ പുറത്താണ്. അതു കൂടി ചേർത്ത് ഒരു വലിയ volume , അല്ലെങ്കിൽ രണ്ടാം volume ആണ് പ്ലാൻ ചെയ്തത്.

ഇപ്പോൾ ഇറങ്ങിയ volume ആമുഖത്തിൽ എന്റെ പങ്ക് എന്തെന്ന് സ്വയം രേഖപ്പെടുത്തിയത് ഇതോടൊപ്പം. അതിൽ മഡോണയെയും അപർണയെയും, നടക്കാതെ പോയ പുസ്തകത്തെയും റാസ്‌ബറിയെയും മുൻ പിൻ നോക്കാത്ത നിങ്ങളുടെ തീരുമാനത്തെയും
ഉള്ള പടി acknowledge ചെയ്തിട്ടുണ്ട് .

പക്ഷെ താങ്കളുടെ പിൻ നോട്ടം പുസ്തകം ഇറങ്ങുന്ന സന്നർഭതിൽ പ്രസക്തം തന്നെ. ഞാനും ഇതേ
പറ്റി ആലോചിക്കാതെ അല്ല .

റാസ്‌ബറിയോടും മഡോണയോടും നടത്തിയ ആലോചനകൾ ആണ് ഈ തീരുമാനത്തിന് പിന്നിൽ .
മഡോണയ്ക്ക് വയനാട്ടിൽ പോകാൻ ഉള്ളത് കൊണ്ടാണ് വരാൻ പറ്റാഞ്ഞത്‌, ക്ഷണിക്കാത്തത് കൊണ്ടല്ല. അപർണയെ നേരിട്ട് വിളിക്കേണ്ടതായിരുന്നു, വീഴ്ച അംഗീകരിക്കുന്നു.

തീർച്ചയായും ഒരു കൂട്ടായ ആഘോഷം എന്ന സ്പിരിട്ട് അല്ലാതെ വേറെ ഒരു സ്പിരിറ്റും എനിക്ക് ഈ  സാഹസത്തിൽ ഇല്ല എന്ന് താങ്കൾക്കു അറിയാം എന്ന് വിശ്വാസം ഉണ്ട്.

ഇത് ലേഖനങ്ങൾ എഴുതിയ സ്ത്രീകളുടെ പുസ്തകം ആണ്. അതിന്റെ എഡിറ്റർ ഒരു നിമിത്തം ആണ് . പക്ഷെ ‘വ്യക്തി ‘ (എഡിറ്റർ ) അധികാരി ആയിരിക്കുന്ന ഉടമ്പടി ലോകത്ത് സിദ്ധാന്തം പറച്ചിൽ അല്ലാതെ ഇക്കാര്യം എങ്ങനെ നിർവഹിച്ചെടുക്കാം എന്നത്  തീർച്ചയായും ആലോചിക്കേണ്ടതാണ്. സിനിമയിൽ ഒക്കെ കൂട്ടായ പ്രവർത്തനത്തെ അങ്ങനെ തന്നെ അടയാളപ്പെടുത്താൻ ഫോർമാറ്റ്‌ ഉണ്ട്. പുസ്തകത്തിനും അത് കണ്ടെത്തേണ്ടതാണ്.

അത് കൊണ്ടു താങ്കളുടെ വിമർശനത്തെ ഞാൻ സ്വീകരിക്കുന്നു. ആ ആത്മ പരിശോധന എന്റെ ആമുഖത്തിൽ കാണാം. അത് മുന്നോട്ടു കൊണ്ടു പോയി കൂട്ടായ ആലോചനകളിലേക്കും
പുതിയ ഒരു ‘രൂപ ‘ത്തിലേക്കും ഉടനെ എത്തിക്കാൻ പറ്റും എന്ന് പ്രത്യാശിക്കുന്നു .

ഈ പ്രക്രിയയെ തീർന്ന ഒന്നായി കാണരുത് എന്ന് അഭ്യർത്ഥന . കൂട്ടായ്മ
എന്ന കൂടിയ അനുഭവത്തെ അതേ പടി വെളിവാക്കാനും എഡിറ്റർ എന്ന ഏക വ്യക്തി
രൂപത്തെ മായ്ക്കാനും കഴിയേണ്ടതാണ്. അതിൽ ഏറ്റവും സന്തോഷം എനിക്ക് തന്നെ ആയിരിക്കും .

സ്‌റ്റാര്‍ വാല്യുവിനു മുന്നില്‍ നീതി നഷ്‌ടമായി/അപര്‍ണ്ണ-മഡോണ പക്ഷം

മഡോണ, അപർണ്ണ

മഡോണ, അപർണ്ണ

നാലു വർഷം മുൻപാണ് മാതൃഭൂമി വാരന്തപ്പതിപ്പിലും പിന്നീട് ദേശാഭിമാനി സൺഡേ സപ്ലിമെന്റിലും എന്റേയും മഡോണയുടേയും പെൺ യാത്രകളെക്കുറിച്ചുള്ള സ്പെഷ്യൽ ഫീച്ചർ വന്നത്. അതിനേത്തുടർന്നാണ് ഒറ്റയ്ക്ക് പെൺയാത്രകൾ നടത്തുന്ന സ്ത്രീകളുടെ യാത്രാനുഭവങ്ങൾ സമാഹരിച്ച് ഒരു പുസ്തകം എന്ന ആശയം ഉണ്ടായത്. മഡോണ അന്ന് റാസ്ബെറി ബുക്സിലാണ് ജോലി ചെയ്തിരുന്നത്.

പരിചയത്തിലുള്ളവരും അല്ലാത്തവരുമായ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട് അനുഭവക്കുറിപ്പുകൾ ചോദിച്ചു. അത് എഡിറ്റ് ചെയ്തു.ഡി.റ്റി.പി ചെയ്ത് പ്രൂഫ് നോക്കി. പുസ്തകരൂപത്തിലുള്ള പ്രകാശനത്തിന് കാത്തിരുന്നു. വെള്ളത്തിലാശാൻ എന്ന പ്രാണിയേപ്പോലെയുള്ള രണ്ടു ജീവികൾ ദൂരേക്ക് നടന്നു പോകുന്ന കവർ ചിത്രത്തെക്കുറിച്ച് റാസ്ബറിയിലെ ഷാനവാസ് കൊനാരത്ത് പറഞ്ഞത് ഓർമ്മയുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ പുസ്തകത്തിന്റെ പ്രസാധനം അനന്തമായി നീണ്ടു പോയി.

ഡിസംബർ 19 വൈകുന്നേരമാണ് മഡോണ എന്നെ വിളിച്ച് ദിലീപ് രാജ് എഡിറ്ററായി ഡി സി ബുക്സ് 25-ന്‌ ഇറക്കാൻ ഉദ്ദേശിക്കുന്ന “റാണിമാർ പത്മിനിമാർ” എന്ന പുസ്തകത്തിലേക്ക് നമ്മുടെ പുസ്തകത്തിലെ ലേഖനങ്ങൾ നല്കുമോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് പറയുന്നത്. ഞാൻ റാസ്ബെറിയുമായി കോൺടാക്റ്റ് ചെയ്തു. പെൺ യാത്രകൾ എന്ന് ഇറക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പും പറയാൻ കഴിയില്ല എന്നാണ് മറുപടി പറഞ്ഞത്.

ഞങ്ങൾക്ക് യാത്രാനുഭവങ്ങൾ തന്ന എഴുത്തുകാരോടും ഞങ്ങൾക്ക് ഒരു ഉത്തരവാദിത്തമുണ്ട്.ഒരു ഒന്നാം കിട പ്രസാധകർ ഇറക്കുന്ന ഒരു പുസ്തകത്തിൽ തങ്ങളുടെ അനുഭവക്കുറിപ്പ്‌ വരുന്നത് അവർക്കും സന്തോഷമാകും. അങ്ങനെ വളരെ വേദനയോടെ. സത്യത്തിൽ മനസ്സില്ലാമനസ്സോടെയാണ് ഞാൻ മഡോണയോട് സമ്മതം പറഞ്ഞത്.

റാസ്ബെറിയോട് ഒന്നേ പറഞ്ഞുള്ളൂ. ഞങ്ങൾ അതിനു വേണ്ടി ചെയ്ത അത്ര ചെറുതല്ലാത്ത അധ്വാനമുണ്ട്, ഞങ്ങൾ കണ്ട സ്വപ്നമുണ്ട്. അത് അർഹിക്കുന്ന രീതിയിൽ പരിഗണിക്കപ്പെടണം.. അങ്ങനെ ദിലീപിനോട് ആവശ്യപ്പെടാം എന്നായിരുന്നു മറുപടി.

ഞങ്ങളുടെ അധ്വാനം ഒരാഴ്ച മാത്രം നീണ്ടുനിന്നതായിരുന്നില്ല. ഒരു രൂപ പോലും എവിടെ നിന്നും പ്രതിഫലം വാങ്ങിയിരുന്നുമില്ല.ഒരു പുസ്തകം രൂപപ്പെടുത്തി എടുക്കാൻ നടത്തിയ പരിശ്രമങ്ങൾ ആമുഖത്തിൽ മറ്റു പേരുകളോടൊപ്പം വെറും പരാമർശമായി ഒതുങ്ങി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പുസ്തകത്തിന് ആമുഖം എഴുതിയ റീമാ കല്ലിങ്കലിന്റെ പേരോളം സ്റ്റാർ വാല്യു ഞങ്ങളുടെ പേരുകൾക്കില്ലാത്തതാകും കാരണം. പുസ്തകം ഞാൻ കണ്ടില്ല. ദിലീപേട്ടൻ ആമുഖക്കുറിപ്പിന്റെ ഫോട്ടോ ഇട്ടതിൽ നിന്ന് മനസ്സിലായത് അതാണ്.

ഞങ്ങൾക്ക് നീതി കിട്ടിയില്ല എന്ന് ഞാൻ കരുതുന്നു.

ധര്‍മ്മങ്ങളും സങ്കടങ്ങളും/എഡിറ്ററുടെ പക്ഷം (2)

പ്രകാശനച്ചടങ്ങിൽ റിമ കല്ലിങ്കൽ, ആഷിഖ്‌ അബു, ശ്രീബാല കെ മേനോൻ

പ്രകാശനച്ചടങ്ങിൽ റിമ കല്ലിങ്കൽ, ആഷിഖ്‌ അബു, ശ്രീബാല കെ മേനോൻ

പ്രിയ അപർണ ,

‘റാണിമാർ, പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈ വിട്ട സഞ്ചാരങ്ങൾ ‘ എന്ന പുസ്തകത്തിൽ 35 ലേഖനങ്ങൾ ആണ് ഉള്ളത് .അതിൽ 11 ലേഖനങ്ങൾ അപർണയും മഡോണയും കൂടി ശേഖരിച്ച ഇറങ്ങാത്ത സമാഹാരത്തിൽ നിന്നും ഉള്ളവയാണ് . ഇത് ഈ സമാഹാരത്തിൽ വന്നത് ചില ധർമ സങ്കടങ്ങളുടെയും പരസ്പര വിശ്വാസത്തിന്റെയും ഫലമായിട്ടാണ് എന്ന് അപർണയ്ക്ക് അറിയാമല്ലോ . അതായത് ,

വേറെ ആരെങ്കിലും ചോദിച്ചാൽ ഡി .സി .ബുക്സ് ഇറക്കുന്ന ഒരു സമാഹാരത്തിലേക്ക് തങ്ങളുടെ നടക്കാതെ പോയ സ്വപ്ന പദ്ധതിയിൽ നിന്നും ഇത്രയും ഉദാരമായി ഒരു ദാനത്തിനു പ്രസാധകർ എന്ന നിലയ്ക്ക് ആരും തയ്യാറാവില്ല .

ഞാൻ ഇങ്ങനെ ചോദിക്കാൻ ഇട വന്ന സാഹചര്യം പറയാം . ‘ബ്രണ്ണൻ – തലശ്ശേരി ബുക്ക്‌ ഫെയർ & ലിറ്റററി ഫെസ്റ്റിവൽ ‘

എന്ന ഇന്നലെ സമാപിച്ച എട്ടു ദിവസത്തെ പരിപാടിയുടെ creative director ആയിരുന്നു ഞാൻ . ആ പരിപാടി തലശ്ശേരിയിൽ ഏറ്റവും നല്ല നിലവാരത്തിൽ നടത്തണം എന്ന സ്വപ്നത്തിന്റെ ഭാഗമായി ‘നടക്കാത്ത ‘ പല കാര്യങ്ങളും ഭാവന ചെയ്യുകയും അതിൽ ചിലതൊക്കെ അദ്ഭുത കരമായി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു .അതിൽ ഒരു സ്വപ്നമായിരുന്നു റിമ കല്ലിങ്കലിനെ ഈ പരിപാടിയിൽ കൊണ്ടു വരിക എന്നത് . എനിക്ക് ബഹുമാനം ഉള്ള ഒരു professional ആണ് റിമ കല്ലിങ്കൽ . പുസ്തകൊൽസവങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്ന ചില fine minds -ഉം ആയി ഇടപഴകാൻ അവസരം ഒരുക്കണം എന്ന സങ്കൽപ്പമാണ് എനിക്ക്.

പക്ഷെ റിമ കല്ലിങ്കലിനെ എനിക്ക് യാതൊരു പരിചയവും ഇല്ല . തലശ്ശേരി പോലൊരു സ്ഥലത്ത് അവരെ എങ്ങനെ എത്തിക്കും എന്നതിന് യാതൊരു പിടിയും ഇല്ല !

പിടിയോ വിഭവങ്ങളോ ഇല്ലാത്തവർക്ക് സ്വപ്നവും ആശയങ്ങളും ആണല്ലോ പിന്നെ എകാവലംബം .അങ്ങനെ ആണ് ‘റാണിമാർ ,പദ്മിനിമാർ :മലയാളി സ്ത്രീകളുടെ കൈ വിട്ട സഞ്ചാരങ്ങൾ ‘ എന്ന പുസ്തകത്തിന്റെ ആശയം ഉദിച്ചത് . ആ ആശയം (അതായത് ചിലരോട് ഞാൻ എഴുതാൻ ആവശ്യപ്പെടുക , അറിയാത്ത പലരോടും റിമ facebook വാളിൽ എഴുതാൻ ആഹ്വാനം ചെയ്യുക അങ്ങനെ കിട്ടുന്ന ലേഖനങ്ങൾ ചേർത്ത് പുസ്തകം ആക്കുക ,അത് തലശ്ശേരിയിൽ റിമ പ്രകാശനം ചെയ്യുക ) വരുന്നത് , പുസ്തകം ഇറങ്ങുന്നതിനു 15 ദിവസം മുമ്പാണ് . ശരിയാണ് , അങ്ങനെ

ഒരു സംഭവം വെളിവുള്ള ആരും ആലോചിക്കില്ല , മുമ്പ് നടന്നിട്ടും ഉണ്ടാവില്ല . പക്ഷെ ഈ പരിപാടിയിൽ ഉള്ള എന്റെ ആവേശം കാരണം അത്തരം പരിമിതികൾ ഒന്നും ഞാൻ ആ സമയത്ത് ഓര്ത്തില്ല .

അങ്ങനെ ഈ idea റിമയുമായി സൗഹൃദം ഉള്ള സുഹൃത്ത്‌ ഷഹബാസിനു മുമ്പിൽ വെച്ചു . ഷഹബാസ് അത് റിമയുമായി പങ്കിട്ടപ്പോൾ രണ്ടാമതാലോചിക്കാതെ അവർ അത് സ്വീകരിക്കുകയും അങ്ങനെ ഡിസംബർ 13 ആം തീയതി സ്വന്തം വാളിൽ പുസ്തകത്തെയും എഴുതാൻ ഉള്ള അവസരത്തെയും സംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു .അതിൽ ലേഖനങ്ങൾ അയക്കാൻ നല്കിയ ഇ മെയിൽ തലശ്ശേരി ബുക്ക് ഫെയറിനു വേണ്ടി ഉണ്ടാക്കിയ പ്രത്യേക id ആയിരുന്നു .

അങ്ങനെ പരിചയം ഇല്ലാത്ത അമ്പതിൽ അധികം സ്ത്രീകൾ എഴുതി അയച്ചു , deadline ആയ ഡിസംബർ 20 നു മുമ്പ് .അതിൽ ഏതാണ്ടെല്ലാം തന്നെ പ്രസിദ്ധീകരണ യോഗ്യവും ആണെന്നതാണ് വാസ്തവം .

ഇതിനു സമാന്തരം ആയി ഞാൻ വ്യക്തിപരമായി ചോദിച്ചത് പ്രകാരം ഇരുപതോളം പേർ പുതുതായും എഴുതി, ( ഒരാഴ്ച കൊണ്ടു തന്നെ ).

ഇതിനിടെ പുസ്തകം 25 ആം തീയതി തലശ്ശേരിയിൽ പ്രകാശിപ്പിക്കുന്നു എന്ന അറിയിപ്പും വന്നു ,, മാധ്യമങ്ങളിൽ .അതോടു കൂടി

സംഭവം ഉള്ളത് തന്നെ എന്ന് ഞാനും വിശ്വസിച്ചു തുടങ്ങി

അങ്ങനെ 20 ആം തീയതി ഞാൻ ഇതെല്ലം മുന്നിൽ വെച്ചാലോചിച്ചു . ആലോചിക്കാൻ വലിയ സമയമൊന്നും ഇല്ലായിരുന്നു . കാരണം ബുക്ക് ഫെയർ അന്ന് തുടങ്ങി . അവധിക്കാലം ആയതിനാൽ സംഘാടനത്തിൽ സഹായിക്കാൻ അധികം ആരുമില്ല . 24 മണിക്കൂർ പണി ഉണ്ട് .

എന്ത് വന്നാലും ഡമ്മി ഒന്നും പ്രകാശിപ്പിക്കരുത് , ഇറങ്ങുന്നെങ്കിൽ പുസ്തകം തന്നെ ആവണം എന്ന് മനസ്സില് ഉറപ്പിച്ചു .

ലേഖനങ്ങൾ തിരഞ്ഞെടുക്കണം ,ടൈപ്പ് സെറ്റ് ചെയ്യണം ,പ്രൂഫ്‌ വായിക്കണം , കവർ ഡിസൈൻ ചെയ്യിപ്പിക്കണം (ഇതെല്ലാം 2 ദിവസം കൊണ്ട് തീരുകയും വേണം. 22 നു കൊടുത്താൽ പുസ്തകം ആക്കി തരാം എന്നാണു ഡി .സി .production വിഭാഗം ‘ഭീഷണി ‘രൂപേണ വാഗ്ദാനം ചെയ്തത് )

അങ്ങനെ ഞാൻ തലശ്ശേരിയിൽ പല സ്ഥലത്തായി ടൈപ്പ് സെറ്റിംഗ് നടത്തി .പുലരും വരെ ഇരുന്നു പ്രൂഫ്‌ വായിച്ചു.

യോഗ്യതയുള്ള എല്ലാം ഇതിൽ കേറില്ല എന്നുറപ്പായി . ധർമ സങ്കടം ആയി . രേഷ്മ ഭരദ്വാജ്നി ങ്ങളുടെ സമാഹാരത്തിനു ആമുഖമായി എഴുതിയ (മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്നീട് പ്രസിദ്ധീകരിച്ച ) ലേഖനം ടൈപ്പ് സെറ്റ് ചെയ്ത രൂപത്തിൽ റാസ്ബെറിയിൽ ഉണ്ടാവുമല്ലോ എന്ന ചിന്ത അപ്പോഴാണ്‌ എനിക്ക് ഉണ്ടായത് ( അത് വീണ്ടും ടൈപ്പ് സെറ്റ് ചെയ്യുക അസാധ്യം ആയിരുന്നു , ബാക്കി സമയത്തിനുള്ളിൽ ).

അതോടൊപ്പം ആണ് അപ്രകാശിതം ആയ മറ്റു ചില ലേഖനങ്ങൾ കൂടി ഇതിൽ ചേർക്കാൻ അനുവാദം ചോദിക്കാൻ

ഇട വന്നത് . അധ്യാപക ജീവിതത്തിനു മുമ്പ് കോഴിക്കോട് ഞങ്ങൾ ഒരുമിച്ചു കൂട്ടായി (കഷ്ടപ്പെട്ടതിന്റെയും, ഇല്ലായ്മകൾ പങ്കിട്ടതിന്റെയും )പുസ്തക ശാല നടത്തിയതിന്റെയും ബന്ധം മാത്രമാണ് ഇതിനു പിൻ ബലം . ജീവിതത്തിൽ കൈമുതൽ സൌഹൃദങ്ങൾ മാത്രമാണല്ലോ .

എന്നെ തന്നെ അതിശയപ്പെടുത്തിക്കൊണ്ട് റാസ്ബെറിയും മഡോണയും (ധർമ സങ്കടത്തോടെ , എന്നാൽ പൂർണ മനസ്സോടെ ) ഈ ആശയത്തെ പിന്തുണച്ചു .

ഈ വോള്യത്തിൽ എടുക്കാൻ ഉദ്ദേശിച്ച ലേഖന കർത്താക്കളോട് സംസാരിച്ചു അനുവാദവും വാങ്ങി തന്നു ( ഷാനവാസ് കൊനാരത്തും സിവിക് ചന്ദ്രനും ഇതിൽ എന്നെ കലവറയില്ലാതെ സഹായിച്ചു ). ആമുഖത്തിൽ നടക്കാതെ പോയ പുസ്തകത്തെയും എഡിറ്റർമാരെയും പ്രസാധകരെയും

അങ്ങനെ തന്നെ acknowledge ചെയ്യാം എന്ന് പറയുകയും (അങ്ങനെ ചെയ്യുകയും ) ചെയ്തു . രേഷ്മയുടെ ലേഖനം മാത്രം പക്ഷെ തിരഞ്ഞിട്ടു കിട്ടിയതുമില്ല !

പുസ്തകത്തിന്‌ പുറത്തായ കൊള്ളാവുന്ന ലേഖനങ്ങൾ ചേർത്ത് ഒരു രണ്ടാം വാല്യം ആക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു ( എന്നാൽ മാത്രമേ ഈ പ്രോജക്ടിനോട് , എഴുതിയവരോട് പൂർണ നീതി കാട്ടാൻ കഴിയൂ എന്ന ബോധ്യത്തിൽ )

എന്തായാലും 21 , 22 തീയതികളിൽ ആണ് ഇതൊക്കെ നടന്നത് . ഡി .ടി .പി . സെന്ററിൽ ഇരുന്നു ആമുഖം നേരിട്ട് പറഞ്ഞു കൊടുത്തു ടൈപ്പ് ചെയ്യുകയായിരുന്നു . ഇതിനിടെ റിമ ചെറിയ ആരാമുഖം എഴുതി തന്നു . ആമുഖ കർത്താവായി ആണ് അവരെ പുസ്തകത്തിൽ

അടയാളപ്പെടുത്തിയിട്ടുള്ളത്. “സ്വന്തം കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ അയച്ചു തന്ന കിടിലൻ അനുഭവങ്ങൾ മറ്റുള്ള എഴുത്തുകൾക്കൊപ്പം ഈ പുസ്തകത്തിൽ ഉണ്ട് എന്നത് വ്യക്തിപരമായി എന്നെ വളരെ സന്തോഷിപ്പിക്കുന്നു ‘ എന്നാണ് അവർ ആമുഖത്തിൽ എഴുതിയിട്ടുള്ളത് .

22 നു രാത്രി ഷാരോണ്‍ റാണിയെ അവരുടെ ജോലി തിരക്കുകൾക്കിടയിൽ നിരന്തരം ശല്യപ്പെടുത്തി ( ആവശ്യക്കാർക്ക് ഔചിത്യം കുറഞ്ഞു കുറഞ്ഞു തന്നെ വരും എന്ന് എനിക്ക് തന്നെ മനസ്സിലായി , വീണ്ടും വീണ്ടും ) ഒരു കവർ ഡിസൈൻ കൈ വശപ്പെടുത്തി . അങ്ങനെ 25 ആം തീയതി പുസ്തകം ഇറങ്ങി , പ്രകാശനം നടന്നു . എന്നു വെച്ചാൽ 12 ദിവസം കൊണ്ട് ഒരു പുസ്തകം . അതിലെ ഓരോ ഘട്ടവും മുൻ കൂട്ടി പ്രവചിക്കാൻ പറ്റാത്ത നിലയിൽ ഉള്ളതായിരുന്നു . നടക്കുമോ എന്ന് എനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല താനും . സ്വന്തം ഖജനാവിൽ നിന്ന് സുഹൃത്തുക്കൾ നൽകിയ ഉദാരമായ ദാനങ്ങൾ തന്നെ ആണ് അത് സാധ്യമാക്കിയത് .

ആമുഖത്തിൽ ഈ മൊത്തം പ്രക്രിയയിൽ എഡിറ്റർ എന്ന നിലയ്ക്കുള്ള എന്റെ പങ്കിന്റെ നിസാരതയെ ഞാൻ സ്വയം അഭിമുഖീകരിക്കുവാനാണ്

ശ്രമിച്ചിട്ടുള്ളത് . സത്യം പറഞ്ഞാൽ ഒരു curator എന്ന റോൾ ആണ് ഞാൻ സ്വയം കല്പ്പിക്കുക.

ഇനി , സമ്മതം വാങ്ങിയിടട്ടാണെങ്കിൽ തന്നെയും നീതി കിട്ടിയില്ല എന്ന അപർണയുടെ വികാരം ഞാൻ പൂർണമായും മനസ്സിലാക്കുന്നു .

നിസ്സഹായതയുടെ അങ്ങേ തലയ്ക്കൽ അല്ലാതെ ഒരു പ്രസാധകരും ഇങ്ങനെ ധർമ സങ്കടം നിറഞ്ഞ തീരുമാനം എടുക്കില്ല . വിശ്വാസത്തിന്റെ പാരമ്യത്തിൽ അല്ലാതെ ഒരു സുഹൃത്തിനു ഇങ്ങനെ പിന്തുണ നൽകുകയും ഇല്ല .

ആ വിശ്വാസവും സൌഹൃദവും ഇക്കാര്യത്തിൽ നീതിയിലും കവിഞ്ഞ പരിഹാരങ്ങളിലേക്ക് നീങ്ങാൻ നമ്മളെ പ്രാപ്തിയുള്ളവരാക്കും എന്നാണു എന്റെ ബോധ്യം . അതുകൊണ്ടു ഇതിൽ എന്താണ് വേണ്ടത് എന്ന് അപർണയുടെ നിർദേശം നിരുപാധികം സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ്.

ഇങ്ങനെ തന്നെയാണ് വേണ്ടത് എന്ന നില്പ് എനിക്കില്ല. എന്റെ അപ്പോഴത്തെ പൂർണ ബോധ്യം വെച്ച് ഏറ്റവും ആത്മാർഥമായി ചെയ്ത രീതി ആണ് ഇപ്പോഴത്തേത്. അതിൽ നിന്നും ഇനിയും മുന്നോട്ടു പോകാൻ സന്നധ്ധൻ ആണ് .

ഈ പുസ്തകത്തിന്റെ റോയൽട്ടിയെ കുറിച്ച് … എഴുതിയവരുമായി പങ്കിട്ട ശേഷം ( എല്ലാരും കൂട്ടം കൂട്ടമായി വാങ്ങി വായിച്ചിട്ട്!)

വീണ്ടും പണം ഉണ്ടെങ്കിൽ, അത് സ്ത്രീകളുടെ ഒരു യാത്രയ്ക്ക്, പ്രസാധന സംരംഭത്തിന് fellowship ആയി ഏർപ്പെടുത്തണം എന്ന ചിന്തയാണ് എനിക്ക്.

ഇത്രയും ഞാൻ എഴുതിയത്, ഈ പ്രക്രിയയിൽ നമ്മൾ എല്ലാവരും ധർമ സങ്കടങ്ങൾ അനുഭവിക്കുന്നുണ്ട്, പക്ഷെ ധാർമികത ലംഘിച്ചിട്ടില്ല എന്നതു സ്വയം ഓർമിപ്പിക്കാനും പരസ്പരം ചേർന്ന് നിന്നു തന്നെ കൂടുതൽ ശരികളിലേക്ക് കൂട്ടായി ഇനിയും സഞ്ചരിക്കാൻ പറ്റും എന്ന് സ്നേഹത്തോടെ ഉറപ്പു നല്കാനും മാത്രമാണ്.

ധർമ്മചിന്തകളിൽ ഇവ വരാതെ പോയോ?/റാസ്‌ബറി പക്ഷം (1)

പ്രകാശനച്ചടങ്ങിലെ അതിഥിനിര

പ്രകാശനച്ചടങ്ങിലെ അതിഥിനിര

ഇത്ര ചർച്ചകൾ സാധ്യമായ നിലയ്ക്ക്, വിഷയം ഉന്നയിച്ച റാസ്ബെറിയുടെ ആദ്യ പോസ്റ്റ് പിൻവലിക്കാതെ നിലനിർത്താമായിരുന്നു, അല്ലേ? ആ പോസ്റ്റില്ലായിരുന്നെങ്കിൽ ഈ ധർമ്മസങ്കടം ആവിഷ്കരിക്കപ്പെടുമായിരുന്നുവോ വാസ്തവത്തിൽ?

ഒരു മുന്നൂറ് കോപ്പി പുസ്തകം ചങ്ങാതിമാരുടെ മുൻകയ്യിൽ അടിച്ചിറക്കുകയും, അത് മുപ്പത്തഞ്ച് ഓഥർമാരും ചങ്ങാതിമാരും ഒക്കെച്ചേർന്ന് വില്ക്കുകയും, പുസ്തകത്തിന്റെ രണ്ടാം പതിപ്പെങ്കിലും പ്രസിദ്ധീകരണത്തിനു കിട്ടാൻ ഡീസീ ബുക്സും മറ്റ് മുഖ്യധാരാ പ്രസാധകരും നിന്നെത്തേടി വരികയും ചെയ്യുുന്ന സ്വപ്നം ഇതിലും മനോഹരമാകുമായിരുന്നില്ലേ?

ഡീസി ഇതവരുടെ സ്വന്തം പദ്ധതിയായി ഏറ്റെടുത്താലല്ലാതെ പുസ്തകം സമയത്തിന് അച്ചടിച്ചുതരാം എന്ന ഡീസി production വിഭാഗത്തിന്റെ വാഗ്ദാനം ഉണ്ടാകുമായിരുന്നില്ലല്ലോ? റിമയുടെ പേരും ചേർത്തുള്ള ആകർഷകമായ പദ്ധതി കേട്ടറിഞ്ഞ് അവർ നമ്മളെ തേടി വന്നതാണോ?

ഇത്രയും കൂടിയാലോചനകൾ റിമയുമായും ഡീസിയുമായും നടന്നുകൊണ്ടിരിക്കെ, റാസ്ബറിയുടെ ഒരു സ്വപ്നപദ്ധതിയായിരുന്നു ഈ ആശയം (അപർണ്ണയും മഡോണയും ഓർക്കുന്നില്ലേ അത്?) എന്നൊരിക്കൽപോലും ഓർക്കാൻ ഇട വന്നില്ല?

റാസ്ബറിയിൽനിന്നുള്ള വിഭവങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നെങ്കിൽ റാസ്ബറിയോ എഡിറ്റർമാരോ ‘ആശയാവകാശ’ത്തിന്റെ പേരിൽ ആമുഖത്തിൽ സ്മരിക്കപ്പെടുമായിരുന്നോ?

എന്തായാലും മികച്ചൊരു പുസ്തകം തളികയിൽ വച്ചുകിട്ടിയ ഡീസിയെക്കൊണ്ട് ‘കുഞ്ഞൻ പ്രസാധകരുടെ’ ചില പ്രധാന പുസ്തകങ്ങൾകൂടി പുസ്തകോല്സവത്തിൽ നമുക്ക് വിതരണത്തിനെത്തിക്കാൻ പറ്റുമായിരുന്നു.

ധർമസങ്കടമെന്നത് മഹാഭാരതത്തിൽ ധർമ്മപുത്രരനുഭവിച്ച സങ്കടമാണെന്നു പറയുന്നു കുട്ടിക്കൃഷ്ണമാരാര്.. നമ്മുടെ ധർമ്മചിന്തകൾ അത്ര ഭാരമൊക്കെ താങ്ങുന്നുണ്ടോ, സംശയം..

 

 

Leave a Reply