Home » നമ്മുടെ കോഴിക്കോട് » ഓണ്‍ലൈന്‍ ടാക്‌സിക്ക് നേരെ നഗരത്തില്‍ വീണ്ടും ഓര്‍ഡിനറി ടാക്‌സി ഡ്രൈവര്‍മാരുടെ അതിക്രമം

ഓണ്‍ലൈന്‍ ടാക്‌സിക്ക് നേരെ നഗരത്തില്‍ വീണ്ടും ഓര്‍ഡിനറി ടാക്‌സി ഡ്രൈവര്‍മാരുടെ അതിക്രമം

ഓണ്‍ലൈന്‍ ടാക്‌സിക്ക് നേരെ നഗരത്തില്‍ വീണ്ടും ഓര്‍ഡിനറി ടാക്‌സി ഡ്രൈവര്‍മാരുടെ അതിക്രമം.ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ മാംഗോകാബ്‌സ് തടഞ്ഞ് യാത്രക്കാരായ രണ്ടു സ്ത്രീകളെ പാതിവഴിയില്‍ ഇറക്കിവിട്ടു. ഡ്രൈവറെ ഭീഷണിപ്പെടുത്തി, വാഹനത്തിന്റെ നാലു ടയറിന്റെയും കാറ്റും അഴിച്ചുവിട്ടു.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡില്‍ അപ്‌സര തിയേറ്ററിന് സമീപം നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സി.ഐ.ടി.യു,ബി.എം.എസ് നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രമം നടന്നത്.

മംഗലാപുരം സ്വദേശിയായ മുതിര്‍ന്ന സ്ത്രീയും അവരുടെ ബന്ധുവുമാണ് മാംഗോ കാബ്‌സ് ബുക്ക് ചെയ്ത് യാത്ര തുടങ്ങിയത്. യാത്ര ലിങ്ക് റോഡിലെത്തിയപ്പോള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇവരെ വളഞ്ഞു. തുടര്‍ന്ന് കാറിന് മുകളില്‍ യൂണിയന്റെ കൊടിയും കെട്ടി. മാംഗോ ടാക്‌സിയില്‍ യാത്ര തുടരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഡ്രൈവറെ പിടിച്ചു പുറത്തിറക്കി ഭീഷണിപ്പെടുത്തി. കാറിന്റെ കാറ്റഴിച്ചുവിട്ടു. ലിങ്ക് റോഡിലെ സ്വകാര്യടാക്‌സി സ്റ്റാന്‍ഡിലെ കാര്‍ വാടകയ്‌ക്കെടുത്ത് യാത്രതുടരാന്‍ സ്ത്രീകളോട് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ ആക്രോശം കണ്ട് ഭയന്ന സ്ത്രീകള്‍ ഒരു ഓട്ടോറിക്ഷയിലാണ് പിന്നീട് യാത്ര തുടര്‍ന്നത്.
യാത്രയ്ക്കിടെ മാംഗോ ടാക്‌സി തടയുകയും അസഭ്യം പറയുകയും ചെയ്യുന്നത് നഗരത്തില്‍ തുടര്‍ക്കഥയാവുകയാണ്.

Leave a Reply