Home » ഇൻ ഫോക്കസ് » തെരുവുനായകള്‍ കാരണം കളിക്കാനാവുന്നില്ല; പ്രധാനമന്ത്രിക്ക് കോഴിക്കോട്ടു കാരിയുടെ കത്ത്

തെരുവുനായകള്‍ കാരണം കളിക്കാനാവുന്നില്ല; പ്രധാനമന്ത്രിക്ക് കോഴിക്കോട്ടു കാരിയുടെ കത്ത്

തെരുവ് നായ്ക്കളെ കൊണ്ടുള്ള ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിരിക്കുകയാണ് കോഴിക്കോട്ടെ ആറാംക്ലാസ് വിദ്യാർത്ഥി ഗൗരി. പശു പാലുതരുന്നു, കോഴി മുട്ട തരുന്നു, നായ്ക്കള്‍ എന്തുതരുന്നു? ചോദിക്കുന്നത് കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗൗരി ജയനാണ്. ചോദിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും… പ്രധാനമന്ത്രിയെ നേരിട്ട് ഗൗരിക്ക് അറിയില്ല. എന്നാലും അവള്‍ എഴുതി. കത്തെഴുതുമ്പോള്‍ ഗൗരി പ്രതീക്ഷിച്ചിരുന്നില്ല, തനിക്ക് അനുകൂലമായ മറുപടി കിട്ടുമെന്ന്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഗൗരി കത്തയയ്ക്കുന്നത്. ‘പ്രിയപ്പെട്ട മോദിജീ, ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള താങ്കളുടെ എല്ലാ പ്രവര്‍ത്തനങ്ങളും എനിക്കിഷ്ടമാണ്. കോഴിക്കോട്ട് ബി.ജെ.പി. ദേശീയ കൗണ്‍സില്‍ നടന്നപ്പോള്‍ എനിക്ക് താങ്കളെ നേരിട്ട് കാണാന്‍ കഴിഞ്ഞു. പട്ടികളെ എനിക്ക് പേടിയാണ്, തെരുവുനായയുടെ ശല്യംകാരണം എനിക്ക് ഇപ്പോള്‍ വഴിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുന്നില്ല.കൂട്ടുകാരോടൊപ്പം പുറത്തുപോയി കളിക്കാനോ അമ്പലത്തില്‍ പോവാനോ കഴിയുന്നില്ല. -കത്തില്‍ ഗൗരി പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഗൗരിയുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പറഞ്ഞുള്ള കത്ത് ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് 30 ദിവസത്തിനുള്ളില്‍ തെരുവുനായ പ്രശ്നത്തിനെതിരെ നടപടിയെടുക്കണമെന്നുള്ള കത്തും നല്‍കി. അതിന്റെ പകര്‍പ്പ് കഴിഞ്ഞദിവസമാണ് ഗൗരിക്ക് ലഭിക്കുന്നത് .
വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗരി ജയന്‍. ആര്‍ക്കിടെക്‌ട് ജയന്‍ ബിലാത്തികുളത്തിന്റെയും സവിത ജയന്റെയും മകളാണ്.

Leave a Reply