Home » നമ്മുടെ കോഴിക്കോട് » ജനുവരി മുതൽ കോഴിക്കോട് നഗര പരിധിയിൽ പ്ലാസ്റ്റിക് നിയന്ത്രണം

ജനുവരി മുതൽ കോഴിക്കോട് നഗര പരിധിയിൽ പ്ലാസ്റ്റിക് നിയന്ത്രണം

കോഴിക്കോട് കോർപറേഷൻ പരിധിയിൽ പ്ലാസ്റ്റിക് നിയന്ത്രണത്തിനായി നടപ്പിലാക്കുന്നപുതിയ നിയമം അടുത്ത ജനവരി മുതൽ നിലവിൽ വരും. കോർപറേഷൻ ഇതിനായി രൂപം കൊടുത്ത പ്ളാസ്റ്റിക്—ഖര—ദ്രവ—മാലിന്യ പരിപാലന നിയമാവലി– 2016 സംസ്‌ഥാന സർക്കാരിന്റെ അംഗീകാരത്തിനായി അയച്ചു കഴിഞ്ഞു.

സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ജനവരി മുതൽ നഗരത്തിൽ പ്ലാസ്റ്റിക്ക് നിയന്ത്രണം കൊണ്ടു വരാനാകുമെന്നാണ് കരുതുന്നത്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുന്നതിനായി കോർപറേഷൻ ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് തിരുവനന്തപുരത്തേക്ക് പോകും. സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിനായാണ് വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിനെ കാണുന്നത്. അതിനിടെ കോർപറേഷൻ ആരോഗ്യ വകുപ്പിൽ ആവശ്യമായ ഉദ്യോഗസ്‌ഥരില്ലാത്തത് പുതിയ പദ്ധതിയെ ബാധിക്കുമെന്നതിനാൽ ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തും. കോർപറേഷനിൽ നിലവിൽ ഒരു ഹെൽത്ത് സെക്രട്ടറി മാത്രമാണുള്ളത്. തിരുവനന്തപുരത്ത് മൂന്നും കൊച്ചിയിൽ രണ്ടും ഹെൽത്ത് സെക്രട്ടറിമാരുണ്ട്. ഈ സ്‌ഥിതിയിൽ കോഴിക്കോടിന് രണ്ട് ഹെൽത്ത് സെക്രട്ടറിമാരെങ്കിലും വേണമെന്നാണ് കോർപറേഷന്റെ ആവശ്യം.

കോഴിക്കോട്ട് വർഷങ്ങളായി ഒരു ഹെൽത്ത് സെക്രട്ടറി മാത്രമാണുള്ളത്. ഹെൽത്ത് ഇൻസ്പെക്ടറുടെ ആറോളം ഒഴിവുണ്ട്. മാത്രമല്ല കോർപറേഷന്റെ വാർഡുകളുടെ എണ്ണം 75 ആയിട്ടുണ്ടെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ എണ്ണം വർധിച്ചിട്ടില്ല. പുതിയ നിയമം നടപ്പാക്കുമ്പോൾ അഞ്ചോ ആറോ സ്ക്വാഡുകളെങ്കിലും വേണ്ടി വരും.ആയതിനാൽ കൂടുതൽ ഹെൽത്ത് ഉദ്യോഗസ്‌ഥരെ നിയമിക്കണമെന്നാണ് ആവശ്യം. പ്ലാസ്റ്റിക് നിയന്ത്രണ നിയമം നടപ്പാക്കുന്നതുസംബന്ധിച്ച് കൗൺസിലിന്റെ പ്രത്യേക യോഗം ചർച്ച ചെയ്തിരുന്നു. തുടർന്ന് കരട് നിയമത്തിന് കൗൺസിൽ യോഗം അംഗീകാരം നൽകുകയും ചെയ്‌തു.

നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടമെന്ന നിലയിൽ വ്യാപാരികൾ, തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയവരുടെ യോഗം അടുത്താഴ്ചയോടെ വിളിച്ച് ചേർക്കും. കോർപറേഷൻ പരിധിയിൽ 50 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കാനോ കടകളിൽ സൗജന്യമായി ക്യാരിബാഗുകൾ നൽകാനോ പാടില്ലെന്നതാണ് പുതിയ നിയമം.

നിയമം ലംഘിക്കുന്നവർക്ക് 500 രൂപയോളം പിഴ ഈടാക്കുമെന്ന് നിയമം പറയുന്നു. നിയമാവലിയിൽ പറയുന്ന വ്യവസ്‌ഥകൾ ലംഘിക്കുന്ന ഓരോ കുറ്റത്തിനും 500 രൂപവരെ പിഴ ഈടാക്കും. മാലിന്യ നിർമാർജനം സംബന്ധിച്ച് 15 നിരോധനങ്ങളും നിർദേശങ്ങളും കോർപറേഷന്റെയും പൊതുജനങ്ങളുടെയും ചുമതലകളും അടങ്ങിയതാണ് നിയമാവലി. ക്യാരിബാഗുകൾ സൗജന്യമായി നൽകരുതെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നു. കടകളിൽ നിന്ന് വിതരണം ചെയ്യുന്ന ബാഗുകൾക്ക് അഞ്ച് രൂപ മുതൽ 10 രൂപ വരെ ഈടാക്കണമെന്നും നിർദേശിക്കുന്നുണ്ട്. 50 മൈക്രോണിൽ കൂടുതലുള്ള ക്യാരിബാഗുകൾ വിൽക്കണമെങ്കിൽ പ്രതിമാസം 4000 രൂപ കോർപറേഷൻ ഓഫീസിൽ അടച്ച് അനുമതി വാങ്ങണം. കോർപറേഷൻ നിശ്ചയിക്കുന്ന വിലയ്ക്കായിരിക്കണം പ്ളാസ്റ്റിക് ക്യാരിബാഗുകൾ വിൽക്കേണ്ടത്. പ്ളാസ്റ്റിക് ക്യാരിബാഗുകൾ സൗജന്യമായി നൽകില്ലെന്ന് വ്യാപാര സ്‌ഥാപനങ്ങൾ പൊതുജനങ്ങൾക്ക് കാണത്തക്കരീതിയിൽ മലയാളത്തിലും ഇംഗ്ളീഷിലും ഹിന്ദിയിലും ബോർഡ് സ്‌ഥാപിക്കണം.

തെർമോകോൾ പ്ലേറ്റുകളും കപ്പുകളും സ്ട്രോകളും ഉപയോഗിക്കരുത്. പൊതുസ്‌ഥലങ്ങളിൽ പ്ളാസ്റ്റിക് കത്തിക്കാൻ പാടില്ല. റീസൈക്കിൾ ചെയ്യാൻ പറ്റാത്ത ഫ്ളക്സ് ബോർഡുകളും ഉപയോഗിക്കരുത്. മാലിന്യം നീക്കം ചെയ്യാനായി വിവിധ സ്‌ഥാപനങ്ങൾ പ്രതിമാസം അടയ്ക്കേണ്ട നിരക്കും നിയമത്തിൽ പറയുന്നു. ഇത്തരം സ്‌ഥാപനങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനായി കോർപറേഷൻ ഏജൻസിയെ നിയോഗിക്കും. അത്തരം ഏജൻസികൾക്കാണ് സ്‌ഥാപനങ്ങൾ ഫീസ് നൽകേണ്ടത്.

Leave a Reply