Home » ന്യൂസ് & വ്യൂസ് » പ്രധാനമന്ത്രിയുടെ നോട്ടു പിന്‍വലിക്കലിനെ അനുകൂലിച്ച് മോഹൻലാലിൻറെ ബ്ലോഗ്

പ്രധാനമന്ത്രിയുടെ നോട്ടു പിന്‍വലിക്കലിനെ അനുകൂലിച്ച് മോഹൻലാലിൻറെ ബ്ലോഗ്

നോട്ട് നിരോധനവിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ള തീരുമാനമാണ് നോട്ട് നിരോധനമെന്ന് മനസ്സിലാക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
അഴിമതി വ്യക്തികളുടെ കുറ്റം എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ ജീര്‍ണതയായി മാറിക്കഴിഞ്ഞ കാലത്താണ് ഈ നടപടിയെന്നും എന്നാല്‍ സാധാരണജനത്തെ പല തരത്തിലും ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനമെന്ന് താന്‍ കേള്‍ക്കുന്നുണ്ടെന്നും ലാല്‍ പറയുന്നു. എന്നാല്‍ മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ല
blog-header

മോഹന്‍ലാല്‍ എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍:
lal-blog

ഞാനിപ്പോള്‍ ഉള്ളത് ജയ്പൂരിനും അഞ്ഞൂറിലധികം കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള സൂരത്ഗര്‍ എന്ന സ്ഥലത്താണ്. മേജര്‍രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്. ഏതാണ്ട് മരുഭൂമി പോലെ ഒരു സ്ഥലത്താണ് ഷൂട്ടിംഗ്. അവിടവിടെ ഗ്രാമങ്ങള്‍. കണ്ണെത്തുംദൂരത്ത് അതിര്‍ത്തി. കേരളത്തിന്റെ പച്ചപ്പില്‍ നിന്നും സൗഖ്യജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും. ഇത്തരം ഗ്രാമങ്ങളില്‍ ജീവിക്കുമ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥ സ്പന്ദനം മനസിലാവുന്നത്.

ഈ അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ നോട്ട് നിരോധനവാര്‍ത്ത അറിഞ്ഞത്. പ്രധാനമന്ത്രി അന്ന് രാത്രി ചെയ്ത പ്രസംഗം ഞാന്‍ കേട്ടു. യഥാര്‍ഥത്തില്‍ ആത്മാര്‍ഥമായി നടത്തിയ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും. അതിന് ശേഷം നടന്ന സംഭവങ്ങളും. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നിലേക്ക് നിര്‍ത്തി. തന്റെ വാഹനത്തില്‍ പണമോ ആഭരണമോ വച്ചുമറന്ന അജ്ഞാതനായ യാത്രക്കാരനെ തിരഞ്ഞുപോകുന്ന പാവപ്പെട്ട ഓട്ടോഡ്രൈവറെ അദ്ദേഹം ഉദാഹരിച്ചു. അയാളുടെ സത്യസന്ധത, ഒന്നിനുംവേണ്ടിയല്ലാത്ത സഹനം.

Leave a Reply