Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് റവന്യു ജില്ലാസ്കൂൾ കായികമേള മുക്കം മുന്നേറുന്നു

കോഴിക്കോട് റവന്യു ജില്ലാസ്കൂൾ കായികമേള മുക്കം മുന്നേറുന്നു

പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കുളിന്റെയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് എച്ച്എസ്എസിന്റയും കരുത്തിൽ മുക്കം ഉപജില്ലയുടെ മുന്നേറ്റത്തിന് ആദ്യദിനം സാക്ഷിയായി. എഴ് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 102 പോയിൻ്റ് നേടിയാണ് മുക്കം ഉപജില്ല ആദ്യദിനം തങ്ങളുടേതാക്കിമാറ്റിയത്.നാല് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 42 പോയിൻ്റ് നേടി താമരശേരി രണ്ടാംസ്‌ഥാനത്തും, മൂന്ന് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമായി 41 പോയിന്റോടെ കൊയിലാണ്ടി മൂന്നാംസ്‌ഥാനത്തുമാണ്.

നാല് സ്വർണവും അഞ്ച് വെള്ളിയും ഉൾപ്പെടെ 35 പോയിന്റ് നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളാണ് സ്കൂളുകളിൽ ഒന്നാമത്. താമരശേരി കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ് 16 പോയിന്റ നേടി രണ്ടാംസ്‌ഥാനത്തുണ്ട്. മൂന്ന് സ്വർണവും ഒരു വെങ്കലവുമാണ് ഇവർക്കുള്ളത്. മൂന്ന് സ്വർണം നേടിയ കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് 15 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുണ്ട്.എംകെഎച്ച്എംഎംഒ വിഎച്ച്എസ്എസ് ഗേൾസ് മുക്കം(ഒമ്പത്) , തിരുവമ്പാടി സേക്രട്ട് ഹാർട്ട് എച്ച്എസ്എസ് (ആറ്) കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എച്ച്്എസ്എസ്( നാല്) എന്നി സ്കൂളുകൾ മുക്കം ഉപ ജില്ലയുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്ന് 40 ഫൈനലുകൾ നടക്കും

അഞ്ചാം ക്ലാസുകാരി ഓടിയത് 5000 മീറ്റര്‍

ട്രാക്കില്‍ ഓടാനെത്തിയവരില്‍ ‘കുഞ്ഞനുജത്തി’യിലായിരുന്നു എല്ലാവരുടേയും കണ്ണുകള്‍ . വിസില്‍ മുഴക്കത്തിനു മുമ്പേ എതിരാളികളായ ചേച്ചിമാരെ ഓരോരുത്തരേയും നോക്കി അവള്‍ ട്രാക്കില്‍ നിലയുറപ്പിച്ചു. ചുറ്റുമുള്ളവര്‍ തന്നേക്കാളും പ്രായമുള്ളവരാണെന്ന് അവള്‍ക്ക് ആദ്യമേ അറിയാം.എന്നിട്ടും തളരാത്ത മനസുമായി അവള്‍ ഓടി. എതിരാളികളെ ഓരോരുത്തരേയും പിന്നിലാക്കി കുതിച്ചു.

5000 മീറ്റര്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പങ്കെടുത്ത അഞ്ചാം ക്ലാസുകാരിയായ സ്നേഹ സി. ഷിജിത്താണ് എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത്. ദൂരം മുഴുവനും ഓടി തീര്‍ത്തുകൊണ്ട് താന്‍ ഭാവിയിലെ താരമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു യുപി വിഭാഗത്തില്‍ പങ്കെടുക്കേണ്ട പത്തു വയസുകാരി സ്നേഹ ഓടിയത്. കൂടത്തായി സെന്റ്മേരീസ് എച്ച്‌എസ്‌എസില്‍ പഠിക്കുന്ന സ്നേഹ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചേച്ചിയുമായ സോനയുടെ പരിശീലനം കണ്ടാണഓടിത്തുടങ്ങിയത്. സബ് ജില്ലാ മത്സരത്തില്‍ 3000, 5000 മീറ്ററില്‍ രണ്ടാം സ്ഥാനം നേടിയാണ് റവന്യൂ ജില്ലാ മത്സരത്തിനെത്തിയത്. എല്ല് വളര്‍ച്ചയെ തുടര്‍ന്ന് നാലു തവണയാണ് ഇടതു കയ്യില്‍ സ്നേഹയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്.
മൂന്നു മാസം മുമ്പും ശസ്ത്രക്രിയ നടത്തിയിരുന്നു. അസുഖത്തേയും വേദനയേയും മാറ്റിനിര്‍ത്തിയാണ് ട്രാക്കില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. താമരശേരി ,മേക്കാവ് ചക്കാലക്കല്‍ ഷിജുവിന്റെയും ബിഞ്ചുവിന്റെയും മകളാണ് സ്നേഹ. ജോസ്വിന്‍ പി.ജോണാണ് പരിശീലകന്‍.

Leave a Reply