Home » നമ്മുടെ കോഴിക്കോട് » മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. ആശുപത്രി വികസന സമിതിയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ഫീസ് വര്‍ധനയ്ക്ക് ശിപാര്‍ശ ചെയ്തത്. വാടകബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനാണ് വികസന സമിതി ഫീസ് വര്‍ധന ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന വികസന സമിതി നടത്തുന്ന ചികിത്സാ, പരിശോധന സംവിധാനങ്ങളാണ് മെഡിക്കല്‍ കോളജിലുള്ളത്.

രക്ത പരിശോധന ലാബ് ,എക്‌സ് റേ, സ്‌കാനിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് വികസന സമിതി നല്‍കുന്നത്. ഇതിനായി താത്കാലിക ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ ഇരുനൂറോളം ജീവനക്കാരാണുള്ളത്. വിരമിച്ചവരേയും മറ്റും താത്കാലിമായി നിയമിക്കാറാണ് പതിവ്. കഴിഞ്ഞ മാസം ജീവനക്കാരുടെ ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 350 രൂപയായിരുന്ന കുറഞ്ഞ ദിവസവേതനം 650 ആയി ഉയര്‍ത്തിയതോടെ വികസനസമിതിയുടെ ഫണ്ട് തികയുന്നില്ല. സമിതി ചെയര്‍മാനായ കളക്ടടറുടെ അനുമതി ലഭിച്ചാല്‍ വര്‍ധന നടപ്പിലാക്കാനാണ് നീക്കം. മുന്‍കാലങ്ങളിലും സമിതി ഫിസ് വര്‍ധനയ്ക്ക് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും അന്നത്തെ കളക്ടര്‍മാര്‍ അംഗീകാരം നല്‍കിയിരുന്നില്ല.

Leave a Reply