Home » നമ്മുടെ കോഴിക്കോട് » ഇത് കോഴിക്കോട്ടുകാരുടെ വിജയം മലാപ്പറമ്പ് എയ്ഡഡ് യുപി സ്കൂൾ ഇനി സർക്കാർ സ്‌കൂൾ

ഇത് കോഴിക്കോട്ടുകാരുടെ വിജയം മലാപ്പറമ്പ് എയ്ഡഡ് യുപി സ്കൂൾ ഇനി സർക്കാർ സ്‌കൂൾ

ഏറെകാലത്തെ നിയമയുദ്ധങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ മലാപ്പറമ്പ് എയ്ഡഡ് യുപി സ്കൂൾ സർക്കാർ സ്കൂളായി. സർക്കാരിനു സ്കൂൾ ഏറ്റെടുത്ത് നടത്താമെന്ന് വ്യക്‌തമാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ ഇന്നലെ സ്കൂളിലെത്തിയ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മലാപ്പറമ്പ് എയുപി സ്കൂളിനെ സർക്കാർ സ്കൂളാക്കിയതായി പ്രഖ്യാപനവും നടത്തി.

വിദ്യാർഥികളും നാട്ടുകാരും തിങ്ങിനിറഞ്ഞ സ്കൂൾപരിസരത്ത് സ്കൂളിനു പുതിയ കെട്ടിടം പണിയാനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. സ്കൂൾ അടച്ചുപൂട്ടുന്നതിനെതിരേ മാസങ്ങളായി സ്കൂൾമുറ്റത്ത് പ്രദീപ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ സമരത്തിനാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇന്നലെ വിരാമമായത്. മലപ്പറമ്പ് സ്കൂൾ മോഡലിൽ സംസ്‌ഥാനത്ത് അടച്ച് പൂട്ടിയ മറ്റ് മൂന്ന് സ്കൂളുകളും അടുത്ത ദിവസം തന്നെ സർക്കാർ ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മനേജർ പത്മരാജന്റെ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിനിതിരായ ഹർജി ഹൈക്കോടതി തള്ളിയത്. സ്കൂൾ പൂട്ടിയ ശേഷം കഴിഞ്ഞ അഞ്ചുമാസവും 15 ദിവസവുമായി കുട്ടികൾ കോഴിക്കോട് കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു പഠിച്ചിരുന്നത്. കോടതി ഉത്തരവിന്റെ ബലത്തിൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി സ്കൂൾ ഏറ്റെടുക്കാനായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് തന്നെ നേരിട്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ മന്ത്രിയെത്തിയെങ്കിലും കളക്റ്ററേറ്റിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വൈകുന്നേരം നാലായി.

അപ്പോൾ തന്നെ മന്ത്രി എംഎൽഎ എ.പ്രദീപ്കുമാറിനൊപ്പം സ്കൂൾപ്രവർത്തിക്കുന്ന കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലെത്തി. കുട്ടികൾക്ക് മധുരം നൽകിയും അവരോട് കുശലം പറഞ്ഞും നാലരയോടെ കുട്ടികളേയും അധ്യാപകരേയും കൂട്ടി മന്ത്രി സ്കൂളിലെത്തി.

ഡിഡിഇ ഗിരീഷ് ചോലയിൽ മനേജരിൽ നിന്നും ഏറ്റുവാങ്ങിയ താക്കോലുമായി സ്കൂളിലെത്തിയിരുന്നു. സ്കൂൾ തുറന്ന് പ്രധാന അധ്യാപിക എൻ.എം. പ്രീതിയെ മലാപ്പറമ്പ് സർക്കാർ യുപി സ്കൂൾ പ്രധാന അധ്യാപികയുടെ കസേരയിലിരുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

സംസ്‌ഥാന സ്കൂൾ ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് മലാപ്പറമ്പ് സ്കൂളിലേതെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ സംരക്ഷിക്കാനായി ഒരു നാടുമുഴുവൻ സമരത്തിനിറങ്ങിയത് പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്ന പ്രതിജ്‌ഞയെടുത്ത് അധികാരത്തിലേറിയ സർക്കാർ നാല് സ്കൂളുളും ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. കോടതി ഉത്തരവിന്റെ പുറത്ത് സ്കൂൾ ഏറ്റെടുക്കാനായി മന്ത്രി തന്നെ നേരിട്ടെത്തിയ സാഹചര്യത്തിൽ മാനേജർ പത്മരാജൻ കലക്റ്ററേറ്റിലെത്തിയാണ് താക്കോൽ കൈമാറിയത്.

സ്കൂൾ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തിനുള്ള നഷ്‌ടപരിഹാരമായി മൂൻകൂട്ടി തീരുമാനിച്ച തുക മാനേജർക്ക് മൂന്നുമാസത്തിനുളളിൽ നൽകാമെന്ന രേഖാമുലമുള്ള ഉറപ്പും കളക്ടർ എൻ.പ്രശാന്ത് മാനേജർക്ക് നൽകി. ഇതുപ്രകാരമാണ് താക്കോൽ മാനേജർ കൈമാറിയത്. സ്കൂളിനുമേൽ യാതൊരു വിധ ഭീഷണിയും ഇനിയില്ലെന്ന് ഡിഡിഇ ഗിരീഷ് ചോലയിൽ പറഞ്ഞു.

2004 ഏപ്രിൽ 10ന് അർധരാത്രിയിൽ ജെസിബി ഉപയോഗിച്ച് മാനേജർ സ്കൂൾ കെട്ടിടം തകർത്തതോടെയാണ് മലാപ്പറമ്പ് എയുപി സ്കൂൾ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിദ്യാഭ്യസ സമരത്തിന് വേദിയായത്. അഞ്ച് മാസവും 15ദിവസവും പിന്നിടുമ്പോഴാണ് താത്കാലിക കെട്ടിടത്തിൽ നിന്നും പഴയ സ്കൂൾ കെട്ടിടത്തിലേക്ക് സർക്കാർ സ്കൂളായി മാറിയിരിക്കുന്നത്.

സ്കൂൾ അടച്ചുപൂട്ടാനുള്ള അനുമതി തേടിയ മാനേജ്മെന്റിന്റെ നടപടിയെ തുടർന്ന് സിവിൽ സ്റ്റേഷനു സമീപം എൻജിനിയേഴ്സ് ഹാളിൽ താത്കാലികമായി പ്രവർത്തിച്ചു വരികയായിരുന്നു സ്കൂൾ. കഴിഞ്ഞ ജൂലൈയിലായിരുന്നു സ്കൂൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയത്.

Leave a Reply