Home » നമ്മുടെ കോഴിക്കോട് » കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി പുനസ്ഥാപിക്കും; ഡിജിസിഎയുടെ പ്രത്യേക സംഘം വിമാനത്താവളം സന്ദര്‍ശിക്കും

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി പുനസ്ഥാപിക്കും; ഡിജിസിഎയുടെ പ്രത്യേക സംഘം വിമാനത്താവളം സന്ദര്‍ശിക്കും

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കോഡ് ഇ- വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി കൂടി പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉറപ്പു നല്കിയതായി എം.കെ രാഘവന്‍ എംപി അറിയിച്ചു. ഡിജിസിഎയുടെ പ്രത്യേക സംഘം വൈകാതെ തന്നെ കോഴിക്കോട് വിമാനത്താവളം സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എംപി, അശോക് ഗജപതി രാജുവിനെയും സഹമന്ത്രി ജയന്ത് സിന്‍ഹയെയും നേരില്‍ കണ്ടിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന നാലാമത്തെ അന്താരാഷ്ര്ട വിമാനത്താവളമാണ് കോഴിക്കോട്ടെ വിമാനത്താവളമെന്ന കാര്യം എംപി ഇരുവരെയും ഓര്‍മിപ്പിച്ചു. ഇവിടെ നിന്നുള്ള 98 ശതമാനം വിമാന സര്‍വീസുകളും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. മൂന്ന് ദശലക്ഷത്തോളം യാത്രക്കാരാണ് പ്രതിവര്‍ഷം ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. ഹജ്ജ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിലൊന്ന് കൂടിയാണിതെന്ന് എംപി മന്ത്രിമാരെ ധരിപ്പിച്ചു.

Leave a Reply