ഐഎസ്എല്ലില്‍ പുണെസിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായകവിജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പുണെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. നിര്‍ണ്ണായക മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ ഹെയ്തി താരം ഡ്യൂക്കന്‍സ് നാസോണും അമ്പത്തിയേഴാം മിനുറ്റില്‍ മാര്‍ക്വി താരം ആരോണ്‍ ഹ്യൂസുമാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനുറ്റിലാണ് പൂണെയുടെ ആശ്വാസ ഗോള്‍ പിറന്നത്. ഈ ജയത്തോടെ 18 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
രണ്ട് പ്രതിരോധക്കാരെ കബളിപ്പിച്ച് മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ നാസോണ്‍ സമര്‍ഥമായി വല കുലുക്കിയതോടെ ആരാധകരുടെ ആവേശം ഇരമ്പിയാര്‍ത്തു. പിന്നീട് ബ്ലാസ്റ്റേഴ്സ് നിര പുണെ പ്രതിരോധത്തെ എതിര്‍ത്തു മുന്നേറുകയായിരുന്നു.57 ാം മിനിട്ടില്‍ ഹ്യൂസും രണ്ടാം ഗോളടിച്ചു.
പിന്നീട് തൊണ്ണൂറ്റി നാലാം മിനുറ്റില്‍ ഇഞ്ചുറി ടൈമില്‍ അനിബാല്‍ റോഡ്റിഗസ് പൂനെയുടെ ഗോള്‍ നേടി. ബോക്സിന് തൊട്ടുപുറത്ത് വെച്ചു ലഭിച്ച ഫ്രീകിക്ക് സഹതാരം തട്ടിക്കൊടുത്തത് ബുള്ളറ്റ് ഷോട്ടിലൂടെ അനിബാല്‍ സന്ദീപ് നന്ദിക്ക് ഒരു അവസരം പോലും നല്‍കാതെ വലയിലെത്തിച്ചു. എന്നാല്‍ പിന്നീട് സമനില ഗോളിനു ശ്രമിക്കാനുള്ള സമയം പോലും പൂനെയുടെ പക്കലുണ്ടായിരുന്നില്ല.
മുംബൈയ്ക്കെതിരായ അഞ്ച് ഗോള്‍ തോല്‍വിക്ക് ശേഷമുള്ള നിര്‍ണ്ണായക മത്സരത്തില്‍ സമ്മര്‍ദ്ദമില്ലാതെ ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ നിന്നു നയിച്ച ആരോണ്‍ ഹ്യൂസാണ് മത്സരത്തിലെ താരമായത്.