Home » ന്യൂസ് & വ്യൂസ് » ഹര്‍ഷന് മറുപടിയുമായി കെ സുരേന്ദ്രൻ

ഹര്‍ഷന് മറുപടിയുമായി കെ സുരേന്ദ്രൻ

അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകനും കമ്മ്യൂണിസ്റ്റ് നേതാവുമായ ഫിദല്‍ കാസ്‌ട്രോയുടെ ഒരു മുഖം മാത്രമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മാധ്യമ സ്ഥാപനങ്ങളിലെ പഴയ എസ്എഫ്‌ഐക്കാരാണ് ഇതിനു കാരണമെന്നും വിമര്‍ശിച്ച കെ സുരേന്ദ്രനെതിരെ മാധ്യമപ്രവർത്തകനായ ഹർഷന് പ്രതികരിച്ചിരുന്നു

ഇതിനു മറുപടിയായാണ് കെ സുരേന്ദ്രൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ മറുപടി നൽകിയത് ഫേസ് ബുക്ക് പോസ്റ്റിനെ പൂർണ്ണ രൂപം ചുവടെ

k-surendran

പ്രിയപ്പെട്ട ഹർഷൻ ഈ ചർച്ച സകാരാത്മകവും ഒട്ടും വ്യക്തിനിഷ്ഠവുമാവാതെ കൊണ്ടുപോയതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. വിഖ്യാത നോബൽ സമ്മാനജേതാവ് അലക്സാണ്ടർ സോൾസെനിത്ഷ്യനെ താങ്കൾ അറിയുമോ എന്ന് ഞാൻ തിരിച്ചു ചോദിക്കുന്നില്ല. കാരണം താങ്കൾ അക്ഷരവിരോധിയല്ലാത്ത ഒരു മാർക്സിസ്ടാണെന്ന് എനിക്കറിയാം. ഫസ്ട് സർക്കിളും ക്യാൻസർവാർഡും ലോകത്തിനു സംഭാവന നൽകിയ ആ മഹാൻ ചെയ്ത തെററ് എന്തായിരുന്നു എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉദാഹരണങ്ങൾ ഒന്നിലോ പത്തിലോ നൂറിലോ ഒതുങ്ങില്ല. ഒരു മനുഷ്യൻ സർവവും നേടിയിട്ടും തന്രെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അവനില്ലെങ്കിൽ പിന്നെ എന്തു നേട്ടം. ക്യൂബയിൽ മാത്രമല്ല ലോകത്തേതെങ്കിലും കമ്യൂണിസ്ട് രാജ്യങ്ങളിൽ അതുണ്ടോ? മഹാത്മാഗാന്ധിയും അംബേദ്കറും മാർട്ടിൻ ലൂഥർ കീങ്ങും നെൽസൻ മണ്ടേലയും സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ വിസ്താരഭയംകൊണ്ട് ഞാനിവിടെ എഴുതുന്നില്ല. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് ഇവിടെയുള്ള സ്വാതന്ത്ര്യത്തിന്രെ പതിനായിരത്തിലൊന്ന് അവശേഷിക്കുന്ന കമ്യൂണിസ്ട് രാജ്യങ്ങളിൽ ഈ നൂററാണ്ടു കഴിയുന്പോഴെങ്കിലും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഒട്ടും മാറിയിട്ടില്ലാത്ത പഴയ യുവമോർച്ചാ സുഹൃത്ത് സുരേന്ദ്രൻ.

ഈ മറുപടിക്കു കാരണമായ ഹർഷന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ

harshan

പ്രിയ സുരേന്ദ്രാ……അതെ..
ഭാഗ്യമാണ് ….ഭാഗ്യം തന്നെയാണ് ഫിദലിൻ്റെ,മണ്ഡേലയുടെ,മാറഡോണയുടെ കാലത്ത് ജീവിയ്ക്കാനായത്.
വേറെ ഏതുവാക്കുകൊണ്ടാണ് ഞാനൊരു തലമുറയുടെ വികാരത്തെ വരച്ചുകാട്ടുക.
ഗാന്ധിയുടെ,ചെഗവാരയുടെ,അംബേദ്കറുടെ,മാർട്ടിൻ ലൂതർ കിങ്ങിൻ്റെ കാലം കടന്നുപോയ പ്ലാറ്റ് ഫോമിൽ
വെെകിയെത്തിയതിൻ്റെ നിരാശയുണ്ട്.
കാലത്തെക്കുറിച്ചോർത്ത് അപമാനിതനാവാനും വകയുള്ള ലോകത്താണ് ഇപ്പോഴെന്ന കൃത്യമായ ബോധ്യവുമുണ്ട് കേട്ടോ.
ഈ പേരുകൾടെ കൂടെ നിങ്ങക്ക് സന്തോഷം തരുന്ന ഏത് പേര് ഞാൻ ചേർക്കും….?
ഗ്ലെൻ റോബർട്സിനെ സുരേന്ദ്രനറിയാവോ എന്നെനിയ്ക്കറിയത്തില്ല,
അറിയാൻ വഴിയില്ല.
അമേരിക്കയിൽ ജനിച്ച് പരാഗ്വയിൽ ജീവിയ്ക്കുന്ന മാധ്യമപ്രവർത്തകൻ,അദ്ധ്യാപകൻ,എഴുത്തുകാരൻ,ആക്ടിവിസ്റ്റ്.പരാഗ്വയും അദ്ദേഹത്തിൻ്റെ നാടല്ല.ദേശീയത എന്നൊക്കെ കേട്ടാൽ അങ്ങേര് തലയറഞ്ഞ് ചിരിയ്ക്കും.
പക്ഷേ..മോദി പറഞ്ഞപോലെ
‘ക്യാഷ് ലസ്’ ജീവിതം നയിക്കുന്ന ആളാ.’ബിറ്റ് കോയിനാ’ പുള്ളീടെ നാണയം.ജിന്ന് എന്നൊക്കെ പറയുന്നപോലാ കാണാൻ പറ്റത്തില്ല,പക്ഷേ കച്ചോടം നടക്കും.ഒരു ബിറ്റ് കോയിൻ വെെകാതെ ആയിരം ഡോളറിൻ്റെ മൂല്യത്തിലേയ്ക്ക് അടുക്കുന്നതിൻ്റെ സന്തോഷത്തിലാരിയ്ക്കും ഇപ്പോ ആശാൻ.ദോഷം പറയരുതല്ലോ.. തൽക്കാലം ബിറ്റ് കോയിൻ്റെ മൂല്യം കൂട്ടിക്കൊടുത്തത് നിങ്ങളാ കേട്ടോ..
നിങ്ങടെ ‘ക്യാഷ്ട്രേഷൻ’* രൂപയെ ഇടിച്ചിട്ടപ്പോ ബിറ്റ് കോയിൻ കേറി.അതുപോട്ടെ ,പറഞ്ഞ് വഴിതെറ്റി.കാടും പടപ്പും തല്ലുന്നില്ല….കാര്യത്തിലേയ്ക്ക് വരാം.
സാംസ്കാരികമായി ലോകത്തേറ്റവും വികസിച്ച രാഷ്ട്രമാണ് ക്യൂബയെന്നാണ് ഒരുമാതിരി രാജ്യങ്ങളൊക്കെ ചുറ്റിത്തിരിഞ്ഞിട്ടുള്ള ഗ്ലെൻ റോബർട്സ് പറയുന്നത്.നിങ്ങടെ ട്രംപിൻ്റെ സാക്ഷാൽ അമേരിക്കയേം
പതിനഞ്ച് ലാറ്റിനമേരിയ്ക്കൻ രാജ്യങ്ങളേം നടന്ന് കണ്ടിട്ടാ അങ്ങേരീ താരതമ്യം നടത്തിയത്.
പോലീസിനെ പേടിയില്ലാതെ സംസാരിയ്ക്കുന്ന, എഴുതുന്ന ജനങ്ങളുള്ള നാട്.പിടിച്ചുപറീം പീഡനോം അമേരിക്കേൽ ഒള്ളതിനേക്കാൾ കുറവാ മാഷേ ക്യൂബേൽ.
കാസ്ട്രോയ്ക്കെതിരായ വിമർശനങ്ങൾ ക്യൂബക്കാര് അറിയാതെ പോകുന്നു എന്നതാണ് സുരേന്ദ്രൻ്റെ സംത്രാസവെങ്കിൽ പേടിയ്ക്കണ്ട ..ഹവാനാ ടെെംസ് അടക്കവൊള്ള ബ്ലോഗുകൾ മരിച്ചുകെടക്കുന്ന കാസ്ട്രോയേം പൊരിച്ചടുക്കുന്നൊണ്ട്.
എന്നാലും സ്വകാര്യ പത്രങ്ങളും ചാനലുകളും വേണം എന്ന കാര്യത്തിൽ ആർക്കാ സംശയം..?
പക്ഷേ…മാധ്യമ സ്വാതന്ത്ര്യം മാത്രവല്ലല്ലോ മനുഷ്യാവകാശം..
സൗജന്യ വിദ്യാഭ്യാസം,കുറഞ്ഞ ശിശു മരണനിരക്ക്,കുറഞ്ഞ മാതൃ മരണ നിരക്ക്,മികച്ച ഡോക്ടർ രോഗി അനുപാതം,സൗജന്യ ചികിത്സ,തൊഴിൽ,ജെൻഡർ ഇക്വാലിറ്റി ഇങ്ങനെയൊക്കെയുള്ളതും മനുഷ്യാവകാശങ്ങളല്ലേ..?
ഇപ്പറഞ്ഞ പ്രാഥമിക ‘മനുഷ്യാവകാശങ്ങളിൽ’ മിക്കതിലും ലോകത്ത് ഒന്നാമത് ഏതെങ്കിലും വികസിതരാജ്യമല്ല (ഗുജറാത്തുവല്ല), കൊച്ചുക്യൂബ തന്നെയാ.
ഫിദലിനെ എണ്ണാൻ ആദ്യം പരിഗണിയ്ക്കേണ്ടത് ഇതൊക്കെയാന്നാ
എൻ്റെ പക്ഷം,അല്ലാതെ
അദാനീടേം അംബാനീടേം എണ്ണവല്ല.
പിന്നെ പോകണ്ടവർക്ക് പോകാം..വരേണ്ടവർക്ക് വരാം എന്ന നയത്തിലേയ്ക്കും ഒരു ഘട്ടത്തിൽ ഫിദലെത്തിയില്ലേ.
ഏലിയൻ ഗോൺസാലസിനെയൊക്കെ സുരേന്ദ്രൻ ഓർക്കുന്നൊണ്ടോ ആവോ..?
സുരേന്ദ്രനേപ്പോലെ ഒരിയ്ക്കൽ പറഞ്ഞത് പറഞ്ഞില്ലെന്ന് പിന്നെപ്പറയുന്ന പതിവ് ഇല്ലാത്തതുകൊണ്ട് ഉറപ്പിച്ച് പറയുന്നു കാസ്ട്രോയ്ക്കെതിരായ എല്ലാ ആരോപണങ്ങൾക്കും ആ ചർച്ചയിൽ ഇടമുണ്ടായിരുന്നു.അത് കാണാത്തത് എൻ്റെ കുഴപ്പവല്ല.പിന്നെ റെെറ്റ് ഇംപീരിയലിസത്തിൻ്റെ മുഴക്കോല് കൊണ്ട് ഫിദലിനെ അളക്കാൻ എൻ്റെ തലയ്ക്ക് ഓളവില്ല.
നിഷ്പക്ഷവാർത്തയറിയാൻ മലയാളം മാധ്യമങ്ങളിലെ മുൻ എസ്എഫ്ഐക്കാരെ ഓടിയ്ക്കണവെന്നാണല്ലോ സുരേന്ദ്രൻ പറഞ്ഞത്.കെെകാര്യം ചെയ്യുന്ന വാർത്തേടെ മെറിറ്റല്ലാതെ രാഷ്ട്രീയം നോക്കാൻ മാത്രം വിവരദോഷം ഇല്ല കേട്ടോ..
പിന്നെ സുരേന്ദ്രനറിയാത്ത ഒരു കാര്യം കൂടെ പറയാം.
ഈ ‘നിഷ്പക്ഷത’ എന്നത് ‘വിഷം കുടിച്ച്’ ചാകാതിരിയ്ക്കാൻ ഒരു മൊതലാളി അവതരിപ്പിച്ച പ്രൊപ്പഗാൻഡ ആരുന്നു.
എല്ലാ വാർത്തയ്ക്കും പക്ഷമുണ്ട്,
അത് ശരിയുടെ പക്ഷമായിരിയ്ക്കുക എന്നത് മാധ്യമപ്രവർത്തകൻ്റെ ഉത്തരവാദിത്തവാ..
പിന്നെ ‘ക്യൂബേൽ പ്രസ് ഫ്രീഡം ഒണ്ടോ’
എന്നൊക്കെ പഞ്ച് ഡയലോഗിടുമ്പോ ഒരു കാര്യം കൂടെ ഓർക്കണം.
സംഘപരിവാറിന് താൽപര്യമില്ലാത്ത വിഷയം ചർച്ചയ്ക്കെടുത്ത മാധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്യുമെന്ന് ആയിരങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തുന്ന സംവിധാനത്തിൻ്റെ നേതാവിൻ്റെ പേര് കാസ്ട്രോ എന്നല്ല,
പറഞ്ഞത് പുകിലാകുമ്പോൾ ചാനൽ അവതാരകനെ ഫോണിൽ പുലഭ്യം പറയുന്ന നേതാവിൻ്റെ പേരും കാസ്ട്രോ എന്നല്ല.
നിങ്ങളനുവദിയ്ക്കുന്ന മാധ്യമ സ്വാതന്ത്ര്യം നന്നായി ‘അനുഭവിയ്ക്കുന്നതുകൊണ്ട്’
ഇതൊക്കെ കേട്ടാ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും.
‘യുവമോർച്ച സുരേന്ദ്രൻ’
എന്ന് ഇപ്പോഴും ഫോണിൽ കിടക്കുന്ന പേര് രണ്ടായിരത്തിമൂന്നുമുതൽ നമ്മൾ പരിചയക്കാരാണെന്ന് ഓർമ്മിപ്പിയ്ക്കുന്നു.
പ്രൊപ്പഗാൻഡയുടെ ഉളിയും കൊട്ടുവടിയുമായാണ് ഞാൻ പണിയ്ക്കിറങ്ങുന്നതെന്ന തോന്നൽ എപ്പഴാണോ തൊടങ്ങിയത്..?
സുരേന്ദ്രൻ എൻ്റെ പ്രിയ സുഹൃത്ത് തന്നെ എന്ന കാര്യത്തിൽ തർക്കവില്ല കേട്ടോ..
സൗഹൃദത്തിലും നമ്മക്ക് തട്ടിപ്പില്ല
………………..

Leave a Reply