Home » ഇൻ ഫോക്കസ് » ഇനിയിവിടെ കുറെ ഹൃദയമുള്ള മനുഷ്യരുണ്ട് , കൂടെ നിൽക്കാൻ.. !!മഞ്ജു വാര്യരെ കുറിച്ച് കോഴിക്കോട്ടുകാരിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഇനിയിവിടെ കുറെ ഹൃദയമുള്ള മനുഷ്യരുണ്ട് , കൂടെ നിൽക്കാൻ.. !!മഞ്ജു വാര്യരെ കുറിച്ച് കോഴിക്കോട്ടുകാരിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ദിലീപ് കാവ്യാ വിവാഹത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാകുമ്പോൾ മഞ്ജു വാര്യരെ അനുകൂലിച്ച് കോഴിക്കോട്ടു കാരിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് നരിക്കുനി സ്വദേശിയായ റംസീന നരിക്കുനിയാണ് ‘പ്രിയപ്പെട്ടവളേ ഈ ചുവടുകൾ തളരാതിരിക്കട്ടെ എന്നവസാനിപ്പിക്കുന്ന കുറിപ്പ് എഴുതിയത് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ
ramseena
സിനിമാ ലോകത്തെ കെട്ടലും , പിരിയലും , പേറും , കുളിയും ആഘോഷിക്കുക എന്നത് മലയാളിക്ക് ബാധിച്ച മരുന്നില്ലാത്തൊരു മാറാ രോഗമാണ് , അതിനൊപ്പം കുരങ്ങാനൊരു ഏണി പോലെ അവരുടെ മണിയറ വാതിലിന്റെ പഴുതിലൂടെ എത്തി നോക്കുന്ന മഹത്തായ മാധ്യമ ധർമവും ,..!!
സോഷ്യൽ മീഡിയകളിലെ ഇത്തരം ആഘോഷങ്ങളെ എന്നും മൗനമായ് അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാറാണ് പതിവ്‌ .
രീതികൾ തെറ്റിക്കാതെ തന്നെ രണ്ടു ദിവസമായി മാധ്യമങ്ങളുടെ അകവും പുറവും നിറഞ്ഞാടുകയാണ് ദിലീപ് കാവ്യാ കൂട്ട് കെട്ട് സപ്പോർട് ചെയ്തും പൊങ്കാലയിട്ടും സോഷ്യൽമീഡിയ തകർക്കുക തന്നെയാണ് .. കാരണം നാളെത്രയോ ആയി മലയാളി കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരുന്ന മാമാങ്കം ആണ് അരങ്ങേറിയത് !
സിനിമാ ലോകത്തു ചുരുക്കം ചിലരൊഴിച്ചാൽ ബാക്കി പലരും കുടുംബ ജീവിതത്തിൽ വലിയ പരാജയങ്ങൾ ആണ് അവരുടെയൊക്കെ ബുദ്ധിശൂന്യതയെ ആഘോഷിക്കാതെ അവഗണിക്കുന്നതു തന്നെയാണ് ബുദ്ധിയും..
എങ്കിലും ഈ ദിലീപ് കാവ്യാ മാംഗല്യത്തിൽ അവരെ കുറിച്ചോ ഭൂതത്തെ കുറിച്ചോ , ഭാവിയെ കുറിച്ചോ ഞാൻ പ്രതികരിക്കുന്നില്ല അല്ലെങ്കിലും ചെമ്പിനില്ലാത്ത ചൂട് മൂടിക്ക് വേണ്ടല്ലോ 😀 !!

മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തിൽ എന്റെ ഉള്ളം തൊട്ട ഒരുവളുണ്ട് ..
ചുവടുകളെ തളരരുതേ എന്ന് നമ്മുടെ നാവുകളിലേക്ക് പകർന്നു തന്നു കരിഞ്ഞുണങ്ങിയിടത്തു നിന്നും പലതിനെയും കിളിർത്തു മുളപ്പിച്ച
വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ച
മലയാളത്തിന്റെ പ്രിയ മഞ്ജു !!
കയ്യിലെ വിരലുകൾ എത്രയെന്നു ചോദിച്ചാൽ കണ്ണ് മിഴിച്ചു നോക്കുന്ന മലായാള താര റാണികളിൽ മഞ്ജു വെത്യസ്തയാകുന്ന ചില ഘടകങ്ങൾ ഉണ്ട് വെറും മെയ്ക്കപ്പ് കുപ്പിക്കും കണ്ണാടിക്കും അപ്പുറം മണ്ണിനെയും മനുഷ്യനെയും തൊടുന്നതായിരുന്നു മഞ്ജുവിന്റെ അഭിനയ ജീവിതം .
സിനിമാ ലോകത്തിനപ്പുറം സ്വന്തം ജീവിതം അടയാളപ്പെടുത്തിയൊരു പെണ്ണ് !
കണ്ണും , മുഖവും തിളക്കം കൂട്ടാൻ കോടികൾ എറിയുമ്പോൾ മഞ്ജു കൂരകൾ കെട്ടിപ്പൊക്കി , ആതുരാലയങ്ങൾ പണിതു ,
അങ്ങിനെ സിനിമാ ലോകത്തിനപുറം പച്ച മനുഷ്യർക്കൊപ്പം നീങ്ങിയ പെണ്ണ് !!
ആ ലോകത്തു ആ മനുഷ്യർക്കിടയിൽ തന്റെയതായ ഇടം നേടിയെടുത്തവൾ , വിയോജിക്കുന്ന , പ്രതികരിക്കുന്ന , നിലപാടുള്ളോരുവൾ !!
തന്റെ പുരുഷനിൽ മറ്റൊരു
സ്ത്രീ സ്വാധീനം ചെലുത്തുകയും രഹസ്യമായും പരസ്യമായും അയാൾ അവൾക്കൊപ്പം നിൽക്കുകയും ചെയ്തപ്പോൾ താക്കീതുകളുടെ അവസാന ധ്വനിയും മുഴക്കി , ചുറ്റിൽ നിന്നും കണ്ണുകളിലേക്ക് മിന്നിയ കാമറ കണ്ണുകൾക്കൊന്നിനും മുഖം കൊടുക്കാതെ മാന്യമായി പടിയിറങ്ങി വന്ന പെണ്ണ് !!
നാവിനു നേരെ വന്ന ആയിരം മൈക്കുകൾക്കു നേരെ പുഞ്ചിരിയോടെ ” ദിലീപ് എന്ന വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുന്നുവന്ന ഒറ്റവാക്കിൽ “” സർവ വിവാദങ്ങളെയും ഒതുക്കിയ അഭിമാനിയായ പെണ്ണ് !!
മാധ്യമങ്ങൾ ആയും മാസികകൾ ആയും ആ ഉള്ളൊന്നു പരതി വിവാദം കത്തിക്കാൻ ശ്രമിച്ചപ്പോഴെല്ലാം നേർത്തൊരു ചിരി കൊണ്ട് എല്ലാം ശുഭമാക്കിയ പെണ്ണ് !!
ഒരു രൂപ നഷ്ടപരിഹാരമോ , സ്വത്തിൽ ഓഹരിയോ ചോദിക്കാതെ സ്വന്തം പൈതലിനു പോലും അവളുടെ സ്വാതന്ത്രം വിട്ടു നൽകിയ പെണ്ണ് !!

കൺമുന്നിൽ പതിനാല് വർഷം കൂടെ കിടന്നവൻ വീണ്ടും കതിർ മണ്ഡപത്തിൽ കയറുമ്പോൾ അരികിൽ തോളോട് തോൾ ചേർന്ന് നിന്ന കൂട്ടുകാരി പട്ടു പുടവയും മുല്ലപ്പൂവും അണിഞ്ഞു നിൽക്കുബോൾ തൊട്ടപ്പുറം ഉദരത്തിൽ പേറിയ പൈതൽ നിറഞ്ഞു ചിരിക്കുമ്പോൾ ഏത് ഉരുക്കു വനിതയും ഒന്നിടറുന്ന ഉരുകി പോവുന്ന നിമിഷങ്ങളിലും ആർക്കും മുഖം കൊടുക്കാതെ പ്രതികരിക്കാതെ
മാറി നിന്ന മാന്യയായ പെണ്ണ് !!
ആയിരങ്ങൾ ആ വാക്കുകൾക്കു ഉറ്റു നോക്കുമ്പോൾ ഫിഡലിനൊരു യാത്ര മൊഴിയിലൂടെ തോൽക്കില്ലെന്നു ധീരമായി പ്രഖ്യാപിച്ച ധിഷണാശാലിയായ പെണ്ണ്.. !!
ഉള്ളു എരിഞ്ഞു പൊള്ളിയപ്പോഴെല്ലാം നനുത്തൊരു ചിരിയോടെ
മുന്നോട്ടു മാത്രം നടന്നവൾ!
മുന്നോട്ടു മാത്രം നടക്കാൻ നമ്മെ
പഠിപ്പിച്ചവൾ!
അതെ ആളും ആരവവും ഒഴിഞ്ഞു
,ഇനിയിവിടെ കുറെ ഹൃദയമുള്ള മനുഷ്യരുണ്ട് , കൂടെ നിൽക്കാൻ.. !!
പ്രിയപ്പെട്ടവളെ..
ആ ചുവടുകൾ തളരാതിരിക്കട്ടെ!

Leave a Reply