കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാന്‍ മുക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം.
2014 ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം തോട്ടം മുറിച്ച് വില്‍പ്പന നടത്തി അനധികൃതമായി പ്രവര്‍ത്തിക്കുന്ന 14 ക്വാറികള്‍ക്ക് ഒരാഴ്ച മുമ്പ് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മുറിച്ചുവിറ്റ തോട്ടങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനം അനധികൃതമായതിനാല്‍ ലാന്റ് റിഫോംസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മറ്റ് ജില്ലകളിലൊന്നും ഇതേ തുടര്‍ന്ന് നടപടിയുണ്ടായില്ലെങ്കിലും കോഴിക്കോട് ജില്ലാ കളക്ടര്‍ ഇടപെട്ട് അനധികൃത ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇതാണ് ക്വാറി മാഫിയയുടെ പ്രകോപനത്തിന് കാരണമെന്നു കരുതുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നല്കിയ നിര്‍ദേശം നടപ്പാക്കുകയായിരുന്നു കളക്ടര്‍. മുന്‍ എസിപിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് ലോബിയാണ് ജില്ലാകളക്ടറെ സ്ഥലം മാറ്റാന്‍ ചരട് വലിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മുക്കത്തെ ക്വാറി ഉടമകളുടെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാളാണ് മുന്‍ എസിപി എന്ന് ആരോപണമുണ്ട്. ക്വാറി മാഫിയയുടെ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത് ഈ മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും പറയപ്പെടുന്നു.
ഒരു വര്‍ഷം മുമ്പാണ് കോഴിക്കോട് ജില്ലാ കളക്ടറായി എന്‍. പ്രശാന്ത് അധികാരമേല്‍ക്കുന്നത്. വയനാട് സബ് കളക്ടര്‍, ആഭ്യന്തര മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികളില്‍ മികച്ച പ്രവര്‍ത്തനം പ്രശാന്ത് കാഴ്ചവെച്ചിരുന്നു. നിലവില്‍ കളക്ടറായതിനുശേഷം ജനസൗഹാര്‍ദപരമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കളക്ടര്‍ കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രൊ ആയി.
ഓപ്പറേഷന് സുലൈമാനി എന്ന പേരില്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പറ്റാതെ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി കളക്ടര്‍ കോഴിക്കോട് പദ്ധതിക്ക് തുടക്കംകുറിച്ചു. ശേഷം കോഴിക്കോട് ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അന്തസ്സായി യാത്ര ചെയ്യാന്‍ ‘സവാരി ഗിരിഗിരി’പദ്ധതി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് നല്ല ഭക്ഷണം നല്‍കാനായുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന കളക്ടര്‍ ആര്‍ക്കാണ് ഇത്ര കണ്ണുകടിയുണ്ടാക്കുന്നതെന്ന വലിയ ചോദ്യം ബാക്കി നില്ക്കുന്നു.