Home » ന്യൂസ് & വ്യൂസ് » ശമ്പളദിന പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് 2000 കോടി; ആദ്യ 1000 കോടി രൂപ ഇന്നെത്തും

ശമ്പളദിന പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് 2000 കോടി; ആദ്യ 1000 കോടി രൂപ ഇന്നെത്തും

ശമ്പളദിന പ്രതിസന്ധി മറികടക്കാന്‍ കേരളത്തിനു റിസര്‍വ് ബാങ്ക് കൈമാറുന്ന 2000 കോടി രൂപയില്‍ 1000 കോടി രൂപ ഇന്ന് എത്തിക്കുമെന്നു റിസര്‍വ് ബാങ്ക് മേഖലാ ഡയറക്ടര്‍ എസ്.എം.നരസിംഹസ്വാമി അറിയിച്ചു. ട്രഷറിയില്‍ നിന്നു നേരിട്ടു ശമ്പളവും പെന്‍ഷനും വാങ്ങുന്നവര്‍ക്കു കൈമാറാന്‍ 1200 കോടി രൂപ നേരിട്ടു വേണമെന്നും അക്കൗണ്ട് വഴി ശമ്പളം കൈപ്പറ്റുന്നവര്‍ക്കായി 1200 കോടിരൂപ ബാങ്കുകളില്‍ എത്തിക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, ഒറ്റദിവസത്തേക്ക് ഇത്രയധികം തുക നല്‍കാനാവില്ലെന്നും പകരം ഇന്നത്തേക്കു ബാങ്കുകള്‍ക്കും ട്രഷറിക്കും 500 കോടി രൂപ വീതം എത്തിക്കാമെന്നും ആര്‍ബിഐ മേഖലാ ഡയറക്ടര്‍ അറിയിച്ചു.

ഒരാള്‍ക്ക് 24,000 മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ എന്നിരിക്കേ ഒരു ദിവസത്തേക്ക് 1200 കോടി രൂപ വേണ്ടിവരില്ലെന്നും ഈ തുക ഒരാഴ്ച കൊണ്ടു ലഭ്യമാക്കിയാല്‍ മതിയാകുമെന്നുമുള്ള ആര്‍ബിഐയുടെ വാദം സര്‍ക്കാര്‍ അംഗീകരിച്ചു. രൂക്ഷമായ നോട്ടുക്ഷാമം നേരിടുന്ന മലബാര്‍ മേഖലയിലാണ് ഇന്നലെ കൂടുതല്‍ നോട്ടുകള്‍ ആര്‍ബിഐ എത്തിച്ചത്. എസ്ബിടിക്കു 450 കോടിയും എസ്ബിഐയ്ക്ക് 300 കോടിയും നല്‍കി. ബാക്കി തുക ഇന്നു രാവിലെ 11 നു മുന്‍പു ബാങ്കുകളില്‍ എത്തും. ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ നിന്നാവും ഓരോ ട്രഷറികളിലും പണമെത്തിക്കുക.

Leave a Reply