Home » ഇൻ ഫോക്കസ് » കോംട്രസ്റ്റ് ചരിത്ര സ്മാരകമായി സംരക്ഷിക്കുക; കോഴിക്കോട്ടുകാര്‍ ‘നാട്ടുമരച്ചോട്ടിൽ’ ഒന്നിക്കുന്നു

കോംട്രസ്റ്റ് ചരിത്ര സ്മാരകമായി സംരക്ഷിക്കുക; കോഴിക്കോട്ടുകാര്‍ ‘നാട്ടുമരച്ചോട്ടിൽ’ ഒന്നിക്കുന്നു

ഒരു ദേശം/നാട് നിര്‍വ്വചിക്കപ്പെടുന്നത് ആ മണ്ണില്‍ കാലാകാലമായി അരങ്ങേറിയ മനുഷ്യാധ്വാനത്തിന്‍റെ ഫലമായി സൃഷ്ടിക്കപ്പെട്ട സ്വത്വരൂപീകരണ ചിഹ്നങ്ങളിലൂടെയാണ്. എല്ലാ ചരിത്രനിര്‍മ്മിതികളുടെയും അടിസ്ഥാനം അധ്വാനമായിരിക്കെ, ആ അധ്വാനം നിര്‍മ്മിച്ച സ്മാരകങ്ങളും, അതേ അധ്വാനത്തിന്‍റെ ഫലമായുണ്ടായ ചിഹ്നങ്ങളുമാണ് ഏത് ദേശത്തിന്‍റെയും മുഖശ്രീ. ഗാമ കാലുകുത്തിയ ദേശം എന്ന കോഴിക്കോട് ചരിത്ര പുസ്തകത്തില്‍ അടയാളപ്പെടുത്തുമ്പോഴും, അവിടെ തങ്ങി നില്‍ക്കാതെ കോഴിക്കോട് അതിന്‍റെ തനതു ചരിത്രം സൃഷ്ടിച്ചത് ഒരു സാംസ്കാരിക കോഴിക്കോടിന്‍റെ നിര്‍മ്മിതിയിലൂടെയാണ്. വാഴ്ചയ്ക്കും വീഴ്ചയ്ക്കുമിടയില്‍ സംഘബോധത്തോടെ ജനത ഒരുമിച്ചു നില്‍ക്കുന്നതിന്‍റെ അടയാളമാണ് സംസ്കാരം. അധ്വാനത്തിന്‍റെ ഉല്പന്നം തന്നെയാണ് സംസ്കാരം. അതുല്പാദിപ്പിക്കുന്ന ചിഹ്നങ്ങളാണ് ദേശത്തിന്‍റെ തനിമയും. കോഴിക്കോട് അധ്വാനത്തിന്‍റെയും സാംസ്കാരികജീവിതത്തിന്‍റെയും ആഹ്ലാദാരവങ്ങള്‍ ഏറ്റവും ആദ്യം മുഴങ്ങിക്കേട്ടത്, കോംട്രെസ്റ്റിലാണ്, 1840-ല്‍. ജീവിതത്തിന്‍റെ ഊടും പാവും നെയ്യുക മാത്രമല്ല, ജീവിതത്തിന് ഒരു മേല്‍ക്കൂരയും അവിടെ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഹാന്‍റ്ലൂം കമ്പനിയും കോമണ്‍ വെല്‍ത്ത് ടൈല്‍ ഫാക്ടറിയും. ഇത് സ്ഥാപിക്കുമ്പോള്‍ ജര്‍മ്മന്‍ ബാസ്സല്‍ മിഷന്‍ സങ്കല്പിച്ചത് ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് ‘അന്നത്തിനുള്ള വക’ എന്നാണ്. അതില്‍നിന്ന് പച്ചപിടിച്ച ജീവിതത്തിന്‍റെ ബാക്കിപത്രമാണ് കോഴിക്കോട്ടെ തൊഴില്‍സംസ്കാരവും സാംസ്കാരികജീവിതവും. കോംട്രസ്റ്റ് ഒരു തൊഴില്‍സ്ഥാപനം മാത്രമല്ല എന്നര്‍ത്ഥം. വെറും ഭൂമി മാത്രമല്ല എന്നര്‍ത്ഥം. അത് കോഴിക്കോടിന്‍റെ വികാരം കൂടിയാണ്. ചരിത്രസ്മാരകമെന്നും തൊഴില്‍സ്മാരകമെന്നും സാംസ്കാരികസ്മാരകമെന്നും നിര്‍വ്വചിക്കുമ്പോഴേ കോംട്രസ്റ്റിന്‍റെ ചരിത്രം പൂര്‍ണ്ണമാകൂ.
07tvmalabarkzcom_1576882f
ഒന്നാം ലോകയുദ്ധാനന്തരം, ജര്‍മ്മന്‍ സഖ്യത്തിന്‍റെ പരാജയത്തോടെ, ഇംഗ്ലീഷുകാര്‍ ശത്രുരാജ്യത്തിന്‍റെ സ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചെടുത്ത് ഇന്ത്യക്കാരെ ഏല്പിക്കുമ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിഷമങ്ങള്‍ മുന്‍ക്കൂട്ടികണ്ട് ചില നിര്‍ബന്ധനകള്‍ക്ക് വിധേയമായാണ് കൈമാറ്റം ചെയ്തത്. അതില്‍ പ്രധാനം ആസന്നഭാവിയില്‍ ഈ വസ്തുവകകള്‍ സ്വകാര്യ വ്യക്തികളുടെ കൈകളില്‍ വന്നുപെടാതിരിക്കാനുള്ള ജാഗ്രതയായിരുന്നു.
ഒാഹരികള്‍ ഭൂരിപക്ഷവും തൊഴിലാളികളില്‍ നിക്ഷിപ്തമാവുന്ന വിധത്തിലായിരുന്നു. അത് അവര്‍ക്ക് പകരം വരുന്ന തൊഴിലാളിക്ക്/ ഉദ്യോഗസ്ഥന് കൈമാറ്റം ചെയ്യാനേ പാടുള്ളു, വില്‍ക്കാന്‍ പാടില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സാമൂഹ്യപ്രസക്തരും പ്രശസ്തരുമായ വ്യക്തികളായിരുന്നു.ഒരാള്‍ക്ക് മൂന്നുവര്‍ഷം മാത്രം ആ സ്ഥാനത്ത് തുടരാം. ഈ വ്യവസ്ഥ പിന്നീട് കുറേശ്ശെ ലംഘിക്കപ്പെടുകയും മാറിമാറിവന്നവര്‍ സ്വത്തുക്കള്‍ വില്പന നടത്തുകയും ചെയ്തു.
2010 ജൂണ്‍ മാസം ഗവണ്‍മെന്‍റ് സ്ഥാപനം ഏറ്റെടുത്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രആഭ്യന്തരവകുപ്പിനയച്ചു. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശം ആഭ്യന്തരവകുപ്പ് ഉന്നയിച്ചു. തുടര്‍ന്ന് 2012 ജൂണ്‍മാസം നിയമസഭയില്‍ കോംട്രസ്റ്റ് ഏറ്റെടുത്തുകൊണ്ടുള്ള ബില്‍ ഐക്യകണ്ഠേന പാസ്സാക്കി കേന്ദ്രആഭ്യന്തവകുപ്പിനയച്ചു. കൂടാതെ കേരളസംസ്ഥാന പുരാവസ്തുവകുപ്പ് കോംട്രെസ്റ്റ് അതേപടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ 2014 ല്‍ ആരംഭിച്ചതുമാണ്. ഇതിനെയെല്ലാം മറികടന്ന് ഭൂമാഫിയയും മാനേജ്മെന്‍റും കോംട്രെസ്റ്റ് മുറിച്ചുവിറ്റ് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജനതയുടെ ആത്മാഭിമാനത്തിനുമേലാണ് ഇവരുടെ തേരോട്ടം

“കോംട്രസ്റ്റ് ചരിത്രസ്മാരകമായി നിലനിര്‍ത്തുക” എന്ന മുദ്രാവാക്യമുയർത്തി 2016 ഡിസംബര്‍ 1 ന് 2 മണിക്ക് കോംട്രസ്റ്റ് പരിസരത്ത്. സാധാരണ ജനങ്ങളും, സാംസ്കാരിക പ്രവര്‍ത്തകും, കവികളും കലാകാരന്മാരും ഒത്തുകൂടുന്നു

Leave a Reply