Home » ന്യൂസ് & വ്യൂസ് » ജയലളിതയ്ക്ക് ഹൃദയാഘാതം; സ്ഥിതി ഗുരുതരമെന്ന് സൂചന

ജയലളിതയ്ക്ക് ഹൃദയാഘാതം; സ്ഥിതി ഗുരുതരമെന്ന് സൂചന

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കിയത്. ജയയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്നാണ് സൂചന. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല

മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി. ആശുപത്രി അധികൃതരുമായി 10 മിനിറ്റോളം ചര്‍ച്ച നടത്തിയ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങി. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ പത്രക്കുറിപ്പ് ഇറക്കുമെന്നാണ് വിവരം. അതിനിടെ, അപ്പോളോ ആശുപത്രിയില്‍ വച്ച് തമിഴ്‌നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ന്നു.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണ് ജയലളിതയുള്ളത്. ഐസിയുവില്‍ പ്രവേശിപ്പിച്ച ജയയ്ക്ക് ലണ്ടനിലുള്ള ഡോ. റിച്ചാര്‍ഡ് ബീലിന്റെ നിര്‍ദേശമനുസരിച്ചുള്ള ചികില്‍സയാണ് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.സെപ്റ്റംബര്‍ 22ന് ആണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചുവെന്നും ജയലളിത പൂര്‍ണമായും അസുഖത്തില്‍ നിന്നും മോചിതയായെന്നുമായിരുന്നു പാര്‍ട്ടി അറിയിച്ചത്.

Leave a Reply