Home » ഇൻ ഫോക്കസ് » പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി. രാജ്ഭവനില്‍ പുലര്‍ച്ചെ 1.15ഓടെ നടന്ന ചടങ്ങില്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ട് മിനിറ്റ് നേരത്തെ മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പനീര്‍ശെല്‍വത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 32 അംഗ മന്ത്രിസഭയും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെ വകുപ്പുകള്‍ പനീര്‍ശെല്‍വം ഏറ്റെടുത്തു. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. നേരത്തെ 33 അംഗ മന്ത്രിസഭയായിരുന്നു ഉണ്ടായിരുന്നത്. എഐഎഡിഎംകെ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് രാത്രി വൈകി ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ ജയയുടെ വിശ്വസ്തനും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന പനീര്‍ശെല്‍വത്തെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. ജയലളിതയുടെ മരണം സ്ഥിരീകരിച്ച് പത്രകുറിപ്പ് ഇറക്കുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയില്‍ നിന്നിറങ്ങിയ പാര്‍ട്ടി നേതാക്കള്‍ എഐഎഡിഎംകെ ആസ്ഥാനത്തെത്തി യോഗം ചേരുകയായിരുന്നു. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കാനാണ് ധൃതിപിടിച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Leave a Reply