Home » ന്യൂസ് & വ്യൂസ് » അവകാശിയാരെന്നു വ്യക്തമാവാതെ ജയയുടെ 117.13 കോടിയുടെ സ്വത്തുക്കൾ

അവകാശിയാരെന്നു വ്യക്തമാവാതെ ജയയുടെ 117.13 കോടിയുടെ സ്വത്തുക്കൾ

അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ ജയലളിതയുടെ സ്വത്തുക്കള്‍ ഇനി ആര്‍ക്ക് എന്ന ചോദ്യം ഉയരുന്നു. 2015 ജൂണിലെ ഉപതിരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ടു ജയലളിത വെളിപ്പെടുത്തിയത് 117.13 കോടി രൂപയുടെ സ്വത്തുവിവരങ്ങള്‍. ഇതില്‍ 45.04 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥാവരവസ്തുക്കളുമാണ്.

2015 ഏപ്രിലിലെ തിരഞ്ഞെടുപ്പുകാലയളവില്‍ ജയ വെളിപ്പെടുത്തിയതു 113.73 കോടി രൂപയുടെ സ്വത്ത്. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാര്‍ഡനിലെ 24,000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി ‘വേദനിലയ’ത്തിനു വിലമതിക്കുന്നതു 43.96 കോടി രൂപയാണ്. 1967ല്‍ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്കു വാങ്ങിയ വസ്തുവാണിത്. ജയയുടെ മരണശേഷം അതിന്റെ ഉടമസ്ഥത ഉറ്റതോഴി ശശികലയ്ക്കായിരിക്കും എന്നാണു സൂചന.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ജീഡിമെട്‌ല ഗ്രാമത്തില്‍ ജയയ്ക്കുള്ളതു 14.50 ഏക്കര്‍ കൃഷിയിടം. കാഞ്ചിപുരത്തെ ചെയ്യൂര്‍ ഗ്രാമത്തിലും 3.43 ഏക്കറുണ്ട്. ഇതില്‍ തെലങ്കാനയിലെ ഭൂമി 1968ല്‍ ജയയും അമ്മയും ചേര്‍ന്നാണു വാങ്ങിയത്, ചെയ്യൂരിലേത് അമ്മയുടെ മരണശേഷം 1981ലും. പോയസ് ഗാര്‍ഡനില്‍ ഒന്നും ഹൈദരാബാദില്‍ മൂന്നുമായി നാലു വാണിജ്യമന്ദിരങ്ങളും ജയയ്ക്കുണ്ട്. ഇനി ഈ കെട്ടിടങ്ങള്‍ വളര്‍ത്തുമകന്‍ വി.എന്‍.സുധാകരനു ലഭിക്കുമെന്നു പറയപ്പെടുന്നു.

ഒന്‍പത് എന്ന അക്കത്തോടു പ്രത്യേക താല്‍പര്യവും വിശ്വാസവും ഉണ്ടായിരുന്ന ജയയ്ക്കുള്ളത് ഒന്‍പതു വാഹനങ്ങള്‍. ഇതില്‍ രണ്ടു ടൊയോട്ട പ്രാഡോ, 1980 മോഡല്‍ അംബാസഡര്‍, 1990 മോഡല്‍ കോണ്ടസ കാറുകളും ടെംപോ ട്രാവലര്‍, മഹീന്ദ്ര ബൊലേറൊ, സ്വരാജ് മസ്ദ മാക്‌സി എന്നിവയും ഉള്‍പ്പെടും. വാഹനങ്ങള്‍ക്കെല്ലാംകൂടി 42.25 ലക്ഷം രൂപ വിലവരും. ആഭരണങ്ങളും മറ്റുമായി 21280.300 ഗ്രാം സ്വര്‍ണമുണ്ടെങ്കിലും സ്വത്തുകേസുമായി ബന്ധപ്പെട്ട് ഇതു കര്‍ണാടക സര്‍ക്കാരിന്റെ കൈവശമായതിനാല്‍ കണക്കില്‍പെടുത്താനാവില്ല എന്നായിരുന്നു ജയയുടെ പക്ഷം. 1250 കിലോ വെള്ളി ഉരുപ്പടികള്‍ തനിക്കുണ്ടെന്നും അതിന് ഏകദേശം 3.13 കോടി രൂപ വിലമതിക്കുമെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ സമര്‍പ്പിച്ച രേഖയനുസരിച്ചു 41.63 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടി രൂപയുടെ ഭൂമിയുമുണ്ട്. ഓഹരി നിക്ഷേപങ്ങള്‍ രേഖപ്പെടുത്താനുള്ള കോളത്തില്‍ അവര്‍ അന്നു രേഖപ്പെടുത്തിയതു പല കമ്പനികളിലും നിക്ഷേപങ്ങളും ഓഹരിയും ഉണ്ടെങ്കിലും അവയെല്ലാം പൊലീസിന്റെ കസ്റ്റഡിയില്‍ ആണെന്നാണ്. ജയ പബ്ലിക്കേഷന്‍സ്, ശശി എന്റര്‍പ്രൈസസ്, കോടനാടി എസ്റ്റേറ്റ്, റോയല്‍വാലി ഫ്‌ലോറി ടെക് എക്‌സ്‌പോര്‍ട്‌സ്, ഗ്രീന്‍ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലായി 27.44 കോടി രൂപ വിലമതിക്കുന്ന ഓഹരിപങ്കാളിത്തവും ജയയ്ക്കുണ്ട്. അക്കാലത്തു പണമായി കൈവശം 41,000 രൂപയുണ്ടെന്നും 2.04 കോടി രൂപയുടെ ബാധ്യതയുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

ജോലി രേഖപ്പെടുത്തേണ്ട കോളത്തില്‍ അന്നു ജയ പൂരിപ്പിച്ചതിങ്ങനെ: കൃഷി. 2011ലെ തിരഞ്ഞെടുപ്പിനു ജയ വെളിപ്പെടുത്തിയത് 51 കോടിയുടെ സ്വത്താണ്. അന്നത്തെ കണക്കനുസരിച്ചു ജയയ്ക്കുള്ളത് ആന്ധ്രയില്‍ 14.5 ഏക്കര്‍ മുന്തിരിത്തോട്ടവും നീലഗിരി ജില്ലയില്‍ ഒരുകോടിയുടെ തേയിലത്തോട്ടവും അഞ്ചു കാറുകളുമാണ്. 1997ല്‍ ജയയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 800 കിലോ വെള്ളിയും 28 കിലോ സ്വര്‍ണവും 10,500 സാരികളും 750 ജോടി ചെരിപ്പും 91 ആഡംബര വാച്ചുകളുമായിരുന്നു. അന്നു 2000 ഏക്കര്‍ ഭൂമി ജയയുടെ ഉടമസ്ഥതയിലുള്ളതായും 32 കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ളതായും ആരോപിക്കപ്പെട്ടിരുന്നു. 1991-1996 കാലയളവില്‍ ജയ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് അന്നു ജനത പാര്‍ട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അക്കാലയളവില്‍ ജയലളിതയ്ക്കു മുഖ്യമന്ത്രി എന്ന നിലയില്‍ ലഭിച്ച ശമ്പളം പ്രതിമാസം ഒരുരൂപവീതം 60 രൂപയായിരുന്നു. ഇതില്‍ത്തന്നെ ജയ കൈപ്പറ്റിയതു വെറും 27 രൂപ. ബാക്കി 33 രൂപ ഖജനാവിലേക്കു വകയിരുത്തുകയായിരുന്നു.

Leave a Reply