Home » പ്രവാസം » അള്ളുവെപ്പിനെതിരെ ജാഗ്രതയോടെ ഇന്ത്യാവിഷൻ തെരഞ്ഞെടുപ്പിനു മുമ്പ്

അള്ളുവെപ്പിനെതിരെ ജാഗ്രതയോടെ ഇന്ത്യാവിഷൻ തെരഞ്ഞെടുപ്പിനു മുമ്പ്

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യാവിഷൻ ചാനൽ വീണ്ടും രംഗത്തെത്തും. ചാനലിലേക്ക് ഇനിയെടുക്കുന്ന നിക്ഷേപ൦ കരുതലോടെ മതിയെന്നാണ് ചാനൽ തലപ്പത്തുള്ളവരുടെ ആലോചന. ഇല്ലെങ്കിൽ ഇനിയും അള്ളുവരുമെന്ന് അവർ കരുതുന്നു.

കാര്യമായും മനസ്സിലുള്ളത് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൄത്വത്തിൽ നടന്നതെന്ന് എം കെ മുനീറും കൂട്ടുകാരും കരുതുന്ന ആദ്യഘട്ടത്തിലെ അള്ളുതന്നെ! കുപ്രസിദ്ധമായ ആ അള്ളുവെപ്പിനെക്കുറിച്ച് രാഷ്ട്രീയനിരൂപകനും ഇന്ത്യാവിഷനിലെ ‘വാരാന്ത്യം’ പംക്തിയുടെ അവതാരകനുമായിരുന്ന അഡ്വ. ജയശങ്കർ വെളിപ്പെടുത്തുന്നത് ഇങ്ങനെ:

“മുസ്‌ലിം ലീഗ് നേതാവ്, സി. എച്ചിന്റെ മകന്‍, എം.കെ.മുനീര്‍ എന്നൊക്കെയുള്ള പേര് വെച്ച് പൈസ ശേഖരിക്കാന്‍ പറ്റും എന്ന് അവര്‍ കണക്കുകൂട്ടി, പ്രത്യേകിച്ചും പ്രവാസികള്‍ക്കിടയില്‍. എം.കെ. മുനീര്‍ എന്ന വ്യക്തി പറ്റിക്കില്ല എന്ന് വിശ്വസിക്കാന്‍ പ്രവാസികള്‍ക്ക് വേറെ കാരണമൊന്നും വേണ്ട. പക്ഷേ ഈ പണപ്പിരിവ് തുടങ്ങിയ ഘട്ടത്തില്‍തന്നെ പി.കെ. കുഞ്ഞാലിക്കുട്ടി ഒരു വേല വെച്ചു. കെ.എം.സി.സി. വഴിക്കുള്ള പണം കുഞ്ഞാലിക്കുട്ടി ഇടപെട്ട് ബ്ലോക്ക് ചെയ്തു. ആദ്യത്തെ സ്‌റ്റേജില്‍ തന്നെ ഇത് മുടന്താൻ ഇട വന്നു. പിണറായി വിജയന്‍ ഗള്‍ഫില്‍ പോയി പിരിച്ചതിന്റെ എത്രയോ കൂടുതല്‍ മുനീറിന് കിട്ടേണ്ടതായിരുന്നു, മുസ്‌ലിംലീഗിന്റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍. അത് കിട്ടിയില്ല.”

മുസ്‌ലിംലീഗിന്റെ ചാനല്‍ എന്ന രീതിയില്‍ തുടങ്ങിയ ഇന്ത്യാവിഷന്റെ മുതല്‍മുടക്കുകാരിൽ ഏറെയും ലീഗ് അനുഭാവമുള്ളവരുമായിരുന്നു. 2004- ല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ റജീനയുടെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തതോടെയാണ് കാര്യങ്ങൾ കലങ്ങിയത്. എന്നാൽ,  ലീഗിന്റെ ചാനല്‍ എന്ന ലേബല്‍ മാറിക്കിട്ടാന്‍ ഇത് സഹായിക്കുകയും ചെയ്തു. 2004 ഒക്ടോബര്‍ 28ന് ഐസ്‌ക്രീം കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന നടത്തിയ വെളിപ്പെടുത്തലുകള്‍ സംപ്രേഷണം ചെയ്തശേഷം നിരവധി ബ്രേക്കിംഗ് ന്യൂസുകൾ ഇന്ത്യാവിഷനിലൂടെ കേരളം കണ്ടു. അതോടൊപ്പമാണ് ചാനലിന്റെ പ്രതിസന്ധികളും തുടങ്ങിയത്. ലീഗ് അനുഭാവമുള്ള ഓഹരിയുടമകള്‍ പലരും സമ്മര്‍ദ്ദവുമായി വന്നു.

റസിഡന്റ് ഡയരക്ടർ ജമാലുദ്ദീൻ ഫാറൂഖി ഇതിങ്ങനെ ശരിവെക്കുന്നു:

“വ്യക്തികള്‍ തുടങ്ങിയ സ്ഥാപനമാണിത്. അതിന് ഒരുപാട് ശത്രുക്കളുമുണ്ടായിരുന്നു. പലപ്പോഴും ഫണ്ടുകള്‍ തടയപ്പെട്ടു..ഇനി എടുക്കുന്ന നിക്ഷേപം വളരെ കരുതലോടെയായിരിക്കും..അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് നാലു മാസം മുമ്പെങ്കിലും എയറില്‍ പോകണം. 200 ലധികം സ്റ്റാഫ് ഇപ്പോഴും ഇതിലുണ്ട്.”

“ആറുമാസത്തോളമായി ഇന്ത്യാവിഷന്‍ വാര്‍ത്ത കൊടുക്കുന്നില്ല. എന്നിട്ടും പലയിടത്തും ഇന്ത്യാവിഷന്‍ ചര്‍ച്ചയാവുന്നുണ്ട്. പല സംഭവങ്ങള്‍ വരുമ്പോഴും ഇന്ത്യാവിഷന്റെ ഒരു വിടവ് ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്നുണ്ട്.പത്തോളം ജേര്‍ണലിസ്റ്റുകളുമുണ്ട്. ഇവിടെ നിന്ന് പോയിട്ടുള്ള പല ജേര്‍ണലിസ്റ്റുകളും തുടങ്ങിയാല്‍ തിരിച്ചുവരാന്‍ തയ്യാറുമാണ്” – ജമാലുദ്ദീൻ ഫാറൂഖി പറയുന്നു.

Leave a Reply