Home » ന്യൂസ് & വ്യൂസ് » നോട്ടു നിരോധനത്തിന്‍റെ ഒരു മാസം… തീരാ ദുരിതത്തിന്‍റെയും

നോട്ടു നിരോധനത്തിന്‍റെ ഒരു മാസം… തീരാ ദുരിതത്തിന്‍റെയും

നോട്ട് അസാധുവാക്കിയിട്ട് ഇന്ന് ഒരു മാസം പിന്നിടുമ്പോള്‍ കറന്‍സി ക്ഷാമം എടിഎമ്മുകളിലും ബാങ്കുകളിലും രൂക്ഷമാണ്. നവംബർ എട്ടിന് രാത്രിയാണ് രാജ്യത്ത് 500,1000 നോട്ടുകൾ അസാധുവാക്കുകയാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യത്ത് വ്യാപനം ചെയ്യുന്ന കള്ളനോട്ടുകളും കള്ളപ്പണവും തടയാൻ വേണ്ടിയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

അസാധുവാക്കിയ 80 ശതമാനം നോട്ടുകളും ബാങ്കുകളിലേയ്ക്ക് തിരികെയെത്തിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തുന്നു. കള്ളപ്പണവും കള്ളനോട്ടുകളും ബാങ്കിലെത്താതെ നശിപ്പിക്കപ്പെടുമെന്ന കേന്ദ്രസർക്കാരിന്റെ പ്രതീക്ഷയാണ് ഇതോടെ തെറ്റുന്നത്. മൊത്തം കറൻസിയുടെ 86 ശതമാനമാണ് നിരോധിക്കപ്പെട്ട 1000,500 നോട്ടുകൾ. എന്നാൽ ഇതുവരെ 11.85 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെയെത്തിയതായാണ് റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തൽ.

നോട്ട് അസാധുവാക്കുമ്പോൾ 14 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിപണിയിലുണ്ടായിരുന്നെന്നായിരുന്നു സർക്കാർ കണക്കുകൂട്ടൽ. ഇതിൽ മൂന്നുലക്ഷം കോടി രൂപയോളം തിരികെയെത്തില്ലെന്നും സർക്കാർ പ്രതീക്ഷിച്ചിരുന്നു. നിരോധിക്കപ്പെട്ട നോട്ടുകളിൽ ഏറിയ പങ്കും തിരികെയെത്തിയാൽ എങ്ങനെ കള്ളപ്പണക്കാർക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്ന ചോദ്യം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
2000-notes-reuters-l
കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ അവകാശപ്പെട്ട് പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകൾക്കു ദിവസങ്ങൾക്കുള്ളിൽ തന്നെ അപരന്മാർ വിപണിയിലെത്തിയത് സർക്കാരിനെ കൂടുതൽ വെട്ടിലാക്കിയിട്ടുണ്ട് 500 രൂപയുടെ പുതിയ നോട്ടുകളിൽ അച്ചടി പിശക് പറ്റിയതായി റിസർവ് ബാങ്കും സമ്മതിക്കുന്നു അങ്ങനെയെങ്കിൽ ഒരുമാസം മുഴുവൻ ഒരു ജനതയെ മുഴുവൻ ക്യൂവിൽ നിർത്തിയതെന്തിനെന്നു ഭരണകൂടം മറുപടി പറയേണ്ടി വരും

നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിലൂടെ പൊതുഖജനാവിനുണ്ടാകുന്ന നഷ്ടം ഏതാണ്ട് 13000 കോടി രൂപയിലേറെയാണ്. ഒരു 500 രൂപ നോട്ട് അച്ചടിക്കുന്നതിന് രണ്ടര രൂപയായിരുന്നു 2012 ലെ ചെലവ്. ആയിരം രൂപ അച്ചടിക്കുന്നതിന് 3.17 രൂപയും. കടലാസുവിലയും മഷിവിലയുമെല്ലാം വര്‍ധിച്ചതിനാല്‍ 2012 നെ അപേക്ഷിച്ച് അച്ചടിചെലവ് ഏറെ ഉയര്‍ന്നു.

1650 കോടി 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാരിന് വന്നിട്ടുള്ള ചെലവ് 4125 കോടി രൂപയും 670 കോടി 1000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാരിന് വന്ന ചെലവ് 2124 കോടി രൂപയുമാണ്. പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ വരുന്ന നഷ്ടവും പുതിയ നോട്ടുകള്‍ സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി വരുന്ന ചെലവും കണക്കാക്കുമ്പോഴാണ് ഖജനാവിന് വരുന്ന ആകെ നഷ്ടം 13000 കോടിയോളം രൂപ വരുന്നത്.

നോട്ടു നിരോധന വിഷയത്തിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 73 എന്നാണ് അനൗദ്യോഗിക കണക്കുകൾ ,2000 ത്തില്‍ പഞ്ചാബിലുണ്ടായ തീവണ്ടിയപകടത്തിൽ 36 പേർ മരിക്കാനിടയായ കാരണത്തിൽ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് റെയില്‍വെ മന്ത്രി മമത ബാനര്‍ജി രാജിവെച്ച ചരിത്രമുള്ള ഇന്ത്യയിലാണ് ഈ മരണങ്ങളെന്നും നാം ഓർക്കേണ്ടതുണ്ട് കേരളത്തിനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക അടിത്തറയായ സഹകരണ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും പെൻഷൻ വിതരണം അവതാളത്തിലാവുകയും ചെയ്തു.

അസാധുവായ നോട്ടുകള്‍ മാറിയെടുക്കാനുള്ള ക്യൂവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി. ബാങ്കിലെത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു

Leave a Reply