Home » ഇൻ ഫോക്കസ് » നാലുവരിപ്പാത: സ്ഥലമേറ്റെടുക്കുമ്പോള്‍ തന്റെ വീട് ഒഴിവാക്കേണ്ടെന്ന് മന്ത്രി ജി.സുധാകരന്‍

നാലുവരിപ്പാത: സ്ഥലമേറ്റെടുക്കുമ്പോള്‍ തന്റെ വീട് ഒഴിവാക്കേണ്ടെന്ന് മന്ത്രി ജി.സുധാകരന്‍

ദേശീയപാത നാലുവരിയാക്കുമ്പോള്‍ സമീപത്തുളള തന്റെ വീടിനെ മന്ത്രിയുടെ വീടെന്ന പരിഗണന നല്‍കി ഒഴിവാക്കേണ്ടെന്ന് ജി.സുധാകരന്‍. വികസനത്തിനായി തന്റെ വീട് വിട്ടുനല്‍കാന്‍ ഒരുക്കമാണെന്നും പൊതുമരാമത്ത് മന്ത്രി കൂടിയായ ജി.സുധാകരന്‍ അധികൃതരെ അറിയിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. ആലപ്പുഴയില്‍ പറവൂരിനടുത്ത് മാതൃഭൂമിക്ക് സമീപം ദേശീയപാതയ്ക്ക് അരികിലാണ് മന്ത്രി ജി.സുധാകരന്റെ വീട്. ദേശീയപാത 66ന്റെ ചേര്‍ത്തല കഴക്കൂട്ടം നാലുവരിപ്പാത നിര്‍മ്മാണ നടപടികള്‍ സ്ഥലമെടുപ്പ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ സ്ഥലമെടുപ്പിലെ അപാകതകള്‍ പരിഹരിച്ച് നാലുവരിപ്പാത നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാനുളള ഒരുക്കത്തിലാണ്.

നിലവിലുളള അലൈന്‍മെന്റില്‍ ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അലൈന്‍മെന്റ് പുതുക്കാനും തുടര്‍ന്ന് സ്ഥലമൊഴിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാനും ആലോചിക്കുന്നത്. ഇതിനായി ചേര്‍ന്ന ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തന്റെ വീട് ഒഴിവാക്കിയതില്‍ പരാതിയുണ്ടെന്നും അത് പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടത്. നിലവില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. മന്ത്രിയുടെ വീട് ദേശീയപാതയുടെ കിഴക്ക് വശത്തുമാണ്.

പടിഞ്ഞാറ് ഭാഗത്ത് എട്ടുമീറ്റര്‍ സ്ഥലമെടുത്താല്‍ മന്ത്രിയുടെ വീട് ഒഴിവാകും. റോഡിന്റെ കിടപ്പ് അനുസരിച്ച് ഇരുവശത്ത് നിന്നും തുല്യമായി സ്ഥലമേറ്റെടുക്കാന്‍ സാധിക്കില്ല. പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തന്റെ വീട് ഒഴിവാക്കേണ്ടെന്ന് മന്ത്രിയുടെ നിര്‍ദേശം വന്നത്. കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി അധികൃതര്‍ മന്ത്രിയുടെ വീട് പരിശോധന നടത്തിയപ്പോള്‍ എട്ടുമീറ്റര്‍ എടുക്കുമ്പോള്‍ സ്വീകരണ മുറി അടക്കം പൊളിക്കേണ്ടി വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply