ഓരോ വര്‍ഷവും നൂറും നൂറ്റമ്പതും സിനിമകളാണ് മലയാളത്തില്‍ നിന്നും ബോക്സോഫീസിലേക്ക് ഭാഗ്യപരീക്ഷണത്തിനായി കയറുന്നത്. മുടക്കു മുതലിന്റെ ഇരട്ടിയും അതിലേറെയും വരെ നേടി ചിലര്‍ റെക്കോര്‍ഡ് നേട്ടം വരെ സ്വന്തമാക്കുമ്പോള്‍ കേറിയതിനെക്കാള്‍ വേഗത്തില്‍ കൊട്ടകയില്‍ നിന്നും അപ്രത്യക്ഷമാകുന്ന സിനിമകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. മലയാള സിനിമയെ സംബന്ധിച്ച് 2015 മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്. 152 മലയാള ചിത്രങ്ങള്‍ കൊട്ടകയിലെത്തിയപ്പോള് അതില്‍ എട്ട് സൂപ്പര്‍ ഹിറ്റുകളും എട്ട് ഹിറ്റുകളും 10 ശരാശരി വിജയ ചിത്രങ്ങളും ഈ വര്‍ഷം ഉണ്ടായി. എന്നാല്‍ ബാക്കി ചിത്രങ്ങളെല്ലാം റിലീസ് ചെയ്തതും പോയതും പ്രേക്ഷകര്‍ പോലും അറിഞ്ഞില്ലെന്ന് പറയേണ്ടി വരും. ഇക്കണക്കില്‍ 280 കോടി രൂപയാണ് മലയാള സിനിമ മേഖലയ്ക്ക് 2015ല്‍ നഷ്ടം സംഭവിച്ചത്. അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമകളെ മലര്‍ത്തിയടിച്ച് കേരളത്തില്‍ നിന്നും കോടികള്‍ വരുമാനമുണ്ടാക്കുന്ന പതിവിന് ഇത്തവണ മാറ്റമുണ്ടായി. നിരവധി പുതുമുഖ നിര്‍മ്മാതാക്കളും താരങ്ങളും ഭാഗ്യം പരീക്ഷിക്കാനെത്തിയത് 2015ലായിരുന്നു. നവാഗത സംവിധായകര്‍ നേട്ടം കൊയ്ത വര്‍ഷം കൂടിയാണ് 2015. 2015ല്‍ മികച്ച വിജയം കൊയ്ത ഭൂരിഭാഗം സിനിമകളും നവാഗത സംവിധായകരില്‍ നിന്നുമാണ് ഉണ്ടായത്. ഇന്ത്യയില്‍ നിന്നുള്ള ഓസ്കര് ചുരുക്കപ്പട്ടികയില്‍ വരെ ഇടം നേടിയ പത്തേമാരി തിയറ്ററിലും വന്‍വിജയമായി എന്നതും 2015ന്റെ പ്രത്യേകതയാണ്. എന്നാല്‍ കലാപരമായി മുന്നിട്ട് നില്ക്കുന്ന മറ്റ് ചിത്രങ്ങള്‍ ബോക്സോഫീസില്‍ മൂക്കുകുത്തി. സൂപ്പര്‍താരങ്ങള്‍ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ യുവതാരങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ കയറിപ്പറ്റി. പ്രേക്ഷകരുടെ മാറുന്ന അഭിരുചി മനസിലാക്കുകയും ആവര്‍ത്തന വിരസതയുണ്ടാകാത്ത സിനിമകള്‍ ഉണ്ടാവുകയും ചെയ്താല്‍ മലയാള സിനിമയ്ക്ക് 2016 മികച്ച് വിജയങ്ങളുടേതായിരിക്കും.
