Home » നമ്മുടെ കോഴിക്കോട് » വാഹനത്തിന്റെ നമ്പര്‍ വ്യക്തമാകണം; നമ്പറിന്റെ കാര്യത്തില്‍ തരികിട കാണിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി

വാഹനത്തിന്റെ നമ്പര്‍ വ്യക്തമാകണം; നമ്പറിന്റെ കാര്യത്തില്‍ തരികിട കാണിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി

കോഴിക്കോട്: ഒറ്റനോട്ടത്തില്‍ നമ്പര്‍ വ്യക്തമാക്കുന്ന രീതിയിലായിരിക്കണം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകളെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ പി വി നജീബ്. നമ്പറിന്റെ കാര്യത്തില്‍ തരികിട കാണിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പി വി നജീബ് വ്യക്തമാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്കുവണ്ടികളാണ് ഇത്തരത്തില്‍ നമ്പര്‍ മറച്ചുവച്ച് ഓടുന്നതെന്നും ഇത് ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

പല ലോറികളുടെയും പുറകു വശത്ത് നമ്പര്‍ പ്ലേറ്റിനു മുന്നിലായി ഇരുമ്പദണ്ഡ് ഉണ്ടാകും. ഇതിനു മുന്‍പിലാണ് നമ്പര്‍ പ്ലേറ്റകുള്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍ പലരും ദണ്ഡിനു പിന്നിലായി നമ്പര്‍ കാണാത്തതരത്തിലാണ് ഇവ വയ്ക്കുന്നത്. മറ്റു ചില വണ്ടികളില്‍ നമ്പര്‍ ചുരണ്ടി മാറ്റിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി റജിസ്‌ട്രേഷനില്‍ ഓടുന്ന ലോറികളുടെ നമ്പറിനു മുന്‍പിലായി തുണികൊണ്ട് കെട്ടി മറച്ചിട്ടുണ്ട്.

ഇങ്ങനെ ഓരോരോ തരത്തില്‍ കൃത്രിമം കാണിച്ചാണ് ലോറികള്‍ ഓടുന്നത്. ഇതുപോലെ ഓടുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ നിര്‍ദേശം നല്‍കുമെന്നും പി.വി. നജീബ് പറഞ്ഞു. പല സ്ഥലങ്ങളിലും രാത്രി സമയത്ത് അപകടം വരുത്തുന്ന ലോറികള്‍ നിര്‍ത്താറില്ല. പുറക് വശത്തു നിന്നു നോക്കിയാല്‍ നമ്പറും വ്യക്തമാകില്ല. നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന മിക്ക ടിപ്പര്‍ ലോറികള്‍ക്കും നമ്പറില്ല. പുറകിലെ നമ്പര്‍ പ്ലേറ്റ് എടുത്തു മാറ്റിയിട്ടുണ്ടാവും. സൈഡില്‍ ബോഡിയിലെഴുതിയ നമ്പര്‍ ചുരണ്ടി മാറ്റിയിട്ടുമുണ്ടാകും. പട്ടാപ്പകല്‍ ഇത്തരം ലോറികള്‍ സര്‍വീസ് നടത്തുമ്പോഴും നിയമപാലകര്‍ കണ്ണടയ്ക്കുകയാണെന്നും പരാതി വ്യാപകമാണ്.

Leave a Reply