Home » നമ്മുടെ കോഴിക്കോട് » മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന് സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന് സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍

നിലമ്പൂരില്‍ കരുളായി വനത്തില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിയെയാണ് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. നവംബര്‍ 29നാണ് കമ്മീഷണര്‍ രജീഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തയച്ചത്. യു.എ.പി.എ പ്രകാരം കേസെടുക്കാന്‍ കഴിയുന്ന ഗൗരവമായ കുറ്റകൃത്യത്തില്‍ രജീഷ് ഏര്‍പ്പെട്ടുവെന്നാണ് പൊലീസിന്റെ ആരോപണം. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് രജീഷ് കൊല്ലക്കണ്ടി.

കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ കത്ത് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ രജീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ഇതിനാല്‍ 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട നിയമപ്രകാരം ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നുമെന്നുമാണ് ഉത്തരവിലുള്ളത്.

Leave a Reply