Home » ന്യൂസ് & വ്യൂസ് » ഡല്‍ഹി ഡൈനാമോസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ

ഡല്‍ഹി ഡൈനാമോസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ

ഡല്‍ഹി ഡൈനാമോസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍. ഷൂട്ടൗട്ടില്‍ ഡല്‍ഹിയെ 3-0ന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡല്‍ഹി താരങ്ങള്‍ തുലച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ നാല് അവസരങ്ങളില്‍ ഒന്നൊഴികെ എല്ലാ കിക്കുകളും വലയിലെത്തിച്ചു. ഹോസു പ്രീറ്റോ, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടപ്പോള്‍ അന്റോണിയോ ജര്‍മന്റെ ഷോട്ട് ഡല്‍ഹി ഗോളി രക്ഷപ്പെടുത്തി. എന്നാല്‍, ഡല്‍ഹിക്കായി കിക്കെടുത്ത ഫ്‌ലോറന്റ് മലൂദ, ബ്രൂണോ പെലിസാറി എന്നിവര്‍ പന്ത് ആകാശത്തേക്കടിച്ചപ്പോള്‍ എമേഴ്‌സന്‍ മൗറയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി രക്ഷപ്പെടുത്തി.
ആക്രമണത്തിന്റെ മൂര്‍ച്ചയില്‍ അവസരങ്ങളുടെ പെരുമഴ തീര്‍ത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഡല്‍ഹി ഡൈനാമോസിന് സുവര്‍ണാവസരം. മിഡ് ഫീല്‍ഡില്‍ നിന്നൊരു ഫ്രീ കിക്ക്. അപകടകരമായ നീക്കം ഡല്‍ഹിതാരം മെലൂദയില്‍ നിന്നുണ്ടായെങ്കിലും ഗോള്‍ സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ല. തൊട്ടുപിന്നാലെ തന്നെ ഡല്‍ഹിയുടെ പ്രതിരോധക്കോട്ട പൊളിക്കാന്‍ കൊമ്പന്‍മാരുടെ കൂട്ടയോട്ടം. ഹോസുവില്‍ നിന്നായിരുന്നു മുന്നേറ്റം. 21 ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത് സ്വന്തം കാണികളെ സാക്ഷ്യം നിര്‍ത്തി ഡല്‍ഹി താരം മാഴ്‌സലോ പേരേര. മാര്‍ക്കോസ് ടെബര്‍ മൈതാന മധ്യത്തില്‍ നിന്നു റിച്ചാര്‍ഡ് ഗാഡ്‌സെയെ ലക്ഷ്യംവെച്ച് ബോക്‌സിനുള്ളിലേക്ക് തൊടുത്ത പന്ത് തിരിച്ചയക്കാന്‍ കേരള താരം ദിദിയര്‍ കദിയോ മറിച്ചു നല്‍കിയത് മാഴ്‌സലോക്ക്. ഇതിനിടെ കദിയോയിലേക്ക് പന്തെത്തും മുമ്പ് തടയാന്‍ സന്ദീപ് നന്തി ഓടിയടുത്തെങ്കിലും കദിയോയുടെ പിഴവില്‍ മിന്നല്‍ വേഗത്തില്‍ പന്തെത്തിയത് മാഴ്‌സലോയുടെ ബൂട്ടിലേക്ക്. ഇതോടെ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് അനായാസം പന്തെത്തിച്ച് മാഴ്!സലോ ഡല്‍ഹിയെ മുന്നിലെത്തിച്ചു.

എന്നാല്‍ വെറും മൂന്നു മിനിറ്റിന്റെ വ്യത്യാസത്തില്‍ കൊമ്പന്‍മാര്‍ ഡല്‍ഹിയുടെ പ്രതിരോധക്കോട്ട തകര്‍ത്തു. 24 ാം മിനിറ്റില്‍ ഡല്‍ഹിയുടെ പ്രതിരോധനിരയെ കബളിപ്പിച്ചായിരുന്നു ഡക്കന്‍സ് നേസന്റെ തകര്‍പ്പന്‍ ഗോള്‍. ഡല്‍ഹിയുടെ രണ്ടു പ്രതിരോധ താരങ്ങളെയും ഗോളിയേയും നിഷ്പ്രഭരാക്കി ഗോള്‍വലയുടെ വലതുമൂലയിലേക്ക് ഇടിമിന്നല്‍ പോലെ നേസന്റെ ഷോട്ട് പറന്നിറങ്ങി. ബ്ലാസ്റ്റേഴ്!സിന്റെ മിന്നലാക്രമണത്തില്‍ തകര്‍ന്ന ഡല്‍ഹി മനോവീര്യം വീണ്ടെടുക്കും മുമ്പ് ഇടിത്തീപോലെ അവര്‍ക്കൊപ്പം ഒരു റെഡ് കാര്‍ഡ് എത്തി. മധ്യനിരതാരം മിലന്‍ സിങായിരുന്നു ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈനെ ചവിട്ടി വീഴ്!ത്തിയതിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. 34 ാം മിനിറ്റില്‍ ദിദിയര്‍ കദിയോയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും ആവേശത്തില്‍ തൊടുത്ത ഷോട്ട് പോസ്റ്റിന് വെളിയിലേക്കാണ് പറന്നത്. കളി ആദ്യ പകുതിയുടെ അവസാനത്തേക്ക് അടുത്തപ്പോഴായിരുന്നു വീണ്ടും ട്വിസ്റ്റ്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ അവസാന മിനിറ്റില്‍ ഡല്‍ഹി വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. മൈതാനമധ്യത്തിന്റെ വലതു ഭാഗത്തു നിന്നു മാര്‍ക്കോസ് ടെബറെടുത്ത ഫ്രീ കിക്ക് കുത്തിയകറ്റാന്‍ നന്തി ചാടിയെങ്കിലും റൂബന്‍ റോച്ചയുടെ തലയിലുരഞ്ഞ് പന്ത് ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ വിശ്രമിച്ചു.

55 ാം മിനിറ്റില്‍ സികെ വിനീതിന് ലഭിച്ചത് സുവര്‍ണാവസരമായിരുന്നു. മധ്യഭാഗത്തു നിന്നു നീട്ടി ലഭിച്ച പന്തുമായി വിനീത് മുന്നേറുമ്പോള്‍ തടയാന്‍ ഓടിയടുത്ത ഡല്‍ഹി ഗോള്‍കീപ്പറെ മറികടന്നെങ്കിലും പന്ത് വലയിലെത്തിക്കാന്‍ മലയാളി താരത്തിനായില്ല. 61 ാം മിനിറ്റില്‍ വിനീതിന്റെ കുതിപ്പില്‍ നിന്നു ഡല്‍ഹിയുടെ കോട്ടമുഖത്ത് പൊട്ടുന്നനെ ആക്രമണം. എന്നാല്‍ വിനീതില്‍ നിന്നു ക്രോസ് ലഭിച്ച പന്ത് നേസറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും ഡല്‍ഹിക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് തടയിടുന്നതിനൊപ്പം കൊമ്പന്‍മാരുടെ കോട്ട പൊളിക്കാനുള്ള ആക്രമണവും ഡല്‍ഹിയുടെ പത്തംഗ സംഘത്തിന് സാധിക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയുടെ താരങ്ങളെ മാര്‍ക്ക് ചെയ്ത് കളിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയാത്തതായിരുന്നു പിഴവുകള്‍ക്കെല്ലാം കാരണം. രണ്ടാം പകുതിയില്‍ വര്‍ധിതവീര്യത്തോടെ കളിച്ച ഡല്‍ഹി താരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖത്തെ വിറപ്പിച്ചു. 77 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ പ്രതിരോധം തീര്‍ത്തത് മഞ്ഞപ്പടയുടെ കാവല്‍മാലാഖമായിരുന്നു. സന്തോഷ് ജിംഗനും ആരോണ്‍ ഹ്യൂസും ചേര്‍ന്നാണ് വലയിലേക്ക് കയറാന്‍ വെമ്പിയ പന്തിനെ കുത്തിയകറ്റിയത്. ഇവിടെയും സന്ദീപ് നന്തിയുടെ മണ്ടത്തരമാണ് ഡല്‍ഹിയെ ഗോളിന്റെ വക്കിലെത്തിച്ചത്.

അവസാന മിനിറ്റുകളിലേക്ക് അടുത്തതോടെ ഇരുടീമുകള്‍ക്കും നിരവധി തുറന്ന അവസരങ്ങളാണ് ലഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വിള്ളലുകള്‍ ഡല്‍ഹി തുറന്നെടുത്തത് തന്നെയായിരുന്നു. നിശ്ചിതസമയം കഴിഞ്ഞതോടെ ഇരുപാദങ്ങളിലുമായുള്ള സ്!കോര്‍ 22 ല്‍ കലാശിച്ചതോടെ മത്സരം അധികസമയത്തേക്ക്. അവസാന മിനിറ്റുകളിലും ഡല്‍ഹിയുടെ കുതിപ്പായിരുന്നു ഭൂരിഭാഗവും. ബ്ലാസ്റ്റേഴ്സ് മിസ് പാസുകളൊണ്ടുള്ള ആറാട്ട് നടത്തിയപ്പോള്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചു കൊണ്ടായിരുന്നു ഡല്‍ഹിയുടെ പ്രതിരോധം. അവസാന മിനിറ്റുകളിലും ഡല്‍ഹി താരങ്ങള്‍ വര്‍ധിത ഊര്‍ജത്തോടെ ബ്ലാസ്റ്റേഴ്!സിന്റെ ഗോള്‍മുഖത്ത് വേട്ട നടത്തിയപ്പോള്‍ കളിച്ചു തളര്‍ന്ന നിലയിലായിരുന്നു മഞ്ഞപ്പട. അധികസമയം കഴിഞ്ഞപ്പോഴും സമാസമം. ഒടുവില്‍ കളി ഫലം നിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൌട്ട്. ബ്ലാസ്റ്റേഴ്‌സിനായി ആദ്യം കിക്കെടുത്തത് ഹോസു. പിഴക്കാത്ത ഷോട്ട് ഡല്‍ഹിയുടെ വലയുടെ വലത് മൂലയില്‍. ഡല്‍ഹിക്കായി ആദ്യ കിക്കെടുത്തത് മലൂദ. ദുരന്തമെന്നോണം മലൂദയുടെ കിക്ക് ആകാശത്തേക്ക്. കേരളത്തിന്റെ രണ്ടാം കിക്കെടുത്ത ജര്‍മന്റെ നിലംപറ്റിയ ഷോട്ട് ഡല്‍ഹി കീപ്പറിന്റെ കൈകളില്‍ തട്ടി പുറത്തേക്ക്. ഡല്‍ഹിയുടെ രണ്ടാം കിക്കെടുത്ത പെലിസാരിയുടെ കിക്കും ആകാശത്തേക്ക് പറന്നതോടെ വീണ്ടും കേരളത്തിന് സാധ്യത. കേരളത്തിനായി മൂന്നാം കിക്കെടുത്തത് ബെല്‍ഫോര്‍ട്ട്. പരിചയസമ്പത്തിന്റെ തിളക്കമാര്‍ന്ന ഷോട്ട് ഡല്‍ഹിയുടെ വലയില്‍ വിശ്രമിച്ചു. ഡല്‍ഹിയുടെ മൂന്നാം കിക്കെടുത്ത മെമോയുടെ ഷോട്ട് സന്ദീപ് നന്തിയുടെ കൈകളില്‍ തട്ടിയകന്നത് അലകടലിന്റെ ആവേശത്തോടെയാണ് മഞ്ഞപ്പട സ്വീകരിച്ചത്. കേരളത്തിന്റെ നാലാം കിക്കെടുത്ത റഫീക്ക് കൊമ്പന്‍മാര്‍ക്ക് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തു.

Leave a Reply