Home » ഇൻ ഫോക്കസ് » ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്;

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്;

ദേശീയപാതയിലും സംസ്ഥാന പാതകളുടെ സമീപത്തുമുളള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി. ദേശീയപാത, സംസ്ഥാന പാത എന്നിവയുടെ 500 മീറ്റര്‍ പരിധിക്കുള്ളിലുളള എല്ലാ ബാറുകളും ബിവറേജുകളും അടച്ചുപൂട്ടണമെന്നാണ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കി തുടങ്ങണമെന്നും കോടതി പറഞ്ഞു. കൂടാതെ പുതിയതായി ലൈസന്‍സ് അനുവദിക്കുന്ന ബാറുകള്‍ക്കും ബിവറേജുകള്‍ക്കും ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
നിലവില്‍ ലൈസന്‍സുളളവയ്ക്ക് ഈ മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കാം. കൂടാതെ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ദേശീയപാത-സംസ്ഥാന പാത എന്നിവയുടെ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും നിലവിലുളളവ നീക്കം ചെയ്യണമെന്നും ഉത്തരവില്‍ വിശദമാക്കുന്നു.
ദേശീയപാതയില്‍ നിന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചാല്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടില്ല എന്ന വാദത്തോടെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ദേശീയ-സംസ്ഥാന പാതയ്ക്ക് അരികിലെ ബാറുകളും ബിവറേജുകളും യാത്രക്കാര്‍ക്ക് തടസം നേരിടുന്നു. കൂടാതെ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളും കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply