ബേപ്പൂര്‍ തുറമുഖത്തു നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന മിക്ക ബോട്ടുകള്‍ക്കും പുതിയ നിറം നല്കി. പുറംഭാഗത്ത് കടുംനീല നിറവും വീല്‍ഹൗസിന് ഓറഞ്ചു നിറവുമാണ് പുതിയ കളര്‍ കോഡിംഗ് സംവിധാനത്തില്‍ നല്‍കിയിരിക്കുന്നത്. തീരസുരക്ഷയുടെ ഭാഗമായാണ് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍ കോഡിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ബോട്ടുകള്‍ക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കളര്‍ കോഡിംഗ് സംവിധാനം നടപ്പാക്കുന്നത്.
പുതിയ സംവിധാനം നടപ്പില്‍ വരുത്തിയതോടെ ബേപ്പൂരില്‍ നിന്നു പോകുന്ന അഞ്ഞൂറോളം ബോട്ടുകള്‍ക്ക് പുതിയ നിറം നല്കിക്കഴിഞ്ഞിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോകാത്ത ചില ബോട്ടുകളാണ് കളര്‍ കോഡിങ് പാലിക്കാനുള്ളത്. പുതിയ പെയിന്റിങ് നടത്തുന്നതിനു ഒക്ടോബര്‍ 31 വരെ ബോട്ടുകാര്‍ക്കു ഫിഷറീസ് അധികൃതര്‍ സമയമനുവദിച്ചിരുന്നു. കഴിഞ്ഞ മാസം ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ് കടലില്‍ പരിശോധന നടത്തി കളര്‍കോഡിങ് പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. തുടര്‍ന്നാണ് മുഴുവന്‍ ബോട്ടുകാരും നിറംമറ്റം വരുത്തിയത്. കലക്ടറുടെ നിര്‍ദേശ പ്രകാരം ഫിഷറീസ് അസി. ഡയറക്ടര്‍ പി. അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ ബോട്ടുകളുടെ കണക്കെടുപ്പ് നടത്തി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കടല്‍ മാര്‍ഗമുള്ള വിധ്വംസക പ്രവര്‍ത്തനം തടയുന്നതിനും സംസ്ഥാന അതിര്‍ത്തി വിട്ടു മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ പെട്ടെന്നു തിരിച്ചറിയാനുമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ തീരസംരക്ഷണ സേന, നാവികസേന തുടങ്ങിയ രാജ്യസുരക്ഷാ ഏജന്‍സികള്‍ക്ക് ബോട്ടുകളുടെ നിറം മനസ്സിലാക്കി ഏതു സംസ്ഥാനത്തിന്റേതാണെന്നു മനസ്സിലാക്കാന്‍ എളുപ്പമാകും. മാത്രമല്ല രാജ്യാതിര്‍ത്തി ലംഘിച്ചു വരുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു പിടികൂടാനും ഇതു സഹായകമാകുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.