Home » എഡിറ്റേഴ്സ് ചോയ്സ് » കമൽ, നദീർ….. നിഷ്പക്ഷത മാപ്പർഹിക്കാത്ത കുറ്റമാണ്…

കമൽ, നദീർ….. നിഷ്പക്ഷത മാപ്പർഹിക്കാത്ത കുറ്റമാണ്…

ഗുലാബ് ജാൻ

കമലിന്‍റേയും നദീറിന്‍റേയും കേസിൽ ഇടപ്പെട്ട
ഒരാൾ എന്ന നിലയിൽ ചിലത് പറയാനുണ്ട്.

ഭരണകൂടത്തിന്‍റെ ഭാഷയിൽ സംസാരിക്കേണ്ട ബാധ്യത ഇടതുപക്ഷ പ്രവർത്തകർക്കില്ല. കേരളത്തിലെ ഇടതുപക്ഷം അങ്ങിനെ ചെയ്യുന്നില്ലായെന്ന് തന്നെയാണ് സമീപകാല അനുഭവങ്ങൾ കാണിക്കുന്നത്. പോലീസ് ചെയ്യുന്നതെല്ലാം ഇടതുപക്ഷ ഭരണത്തിന്‍റെ ഉത്തരവാദിത്വത്തിൽ വരുമെന്ന് ഭരണകൂടത്തെക്കുറിച്ചുള്ള സൂക്ഷ്മകാഴ്ചപ്പാട് പുലർത്തുന്നവർക്ക് അംഗീകരിക്കാനാവില്ല. ഭരണകൂടം പ്രവർത്തിക്കുന്നത് ഭരണവര്‍ഗ പ്രത്യയശാസ്ത്ര അടിത്തറയിലാണ്. അതൊരിക്കലും ഇടതുപക്ഷത്തിന്‍റെതല്ല . ഇന്നത് കൂടുതൽ കൂടുതൽ സംഘപരിവാർ യുക്തികളെയാണ് സ്വാംശീകരിക്കുന്നത്. രാജ്യസ്‌നേഹവും ദേശീയതയും എല്ലാം പ്രശ്‌നവൽക്കരിച്ച് യുദ്ധ സമാനമായ ഭയം പൗരന്മാരിൽ അടിച്ചേൽപ്പിക്കുന്ന ഫാസിസ്റ്റ്‌വത്കരണത്തിന്റെ നടത്തിപ്പുകാർക്ക് നമ്മുടെ കോടതികൾപോലും പാകപ്പെടുന്നതാണ് സമീപകാല അനുഭവങ്ങൾ. അതുകൊണ്ട് സംഘപരിവാർ നേതൃത്വം നൽകുന്ന ഭരണകൂടപ്രത്യയശാസ്ത്രത്തിനെതിരായ പ്രതിബോധത്തിന് നേതൃത്വം നൽകാൻ ജനാധിപത്യവാദികളും രംഗത്തിറങ്ങേണ്ട ഒരു കാലമാണിത്. നമുക്ക് ചില പിണക്കങ്ങൾ മാറ്റിവെക്കാം.

കമൽ സി ചവറയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ചില കോണുകളിൽനിന്ന് ഉയർന്നുവരുന്ന പ്രതികരണങ്ങൾ അതിവൈകാരികതകൊണ്ട് യഥാർത്ഥപ്രശ്‌നങ്ങളെ തിരിച്ചറിയാനാവാതെ കേവലം പിണറായി വിരുദ്ധതയിലേക്ക് ചുരുങ്ങുന്നുവെന്നത് ഖേദകരമാണ്. നമ്മുടെ പൊതുബോധത്തിലേക്ക് അക്രമോത്സുകമായി സന്നിവേശിപ്പിക്കുന്ന ഫാസിസ്റ്റ് യുക്തികളും അതിന് ഭയാനകമായ രീതിയിൽ ഇന്ന് കൈവരിക്കുന്ന മേൽകോയ്മയും അവഗണിച്ചുകൊണ്ട് ശൂന്യതയിൽ വാൾവീശുന്ന അതിവൈകാരികത ആത്യന്തികമായി സംഘപരിവാറിന്‍റെ കുഴലൂത്തായേ പരിണമിക്കൂ.

കമൽ സി ചവറയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഇടപെട്ട ഒരാളാണ് ഞാൻ. കമലിനെ എനിക്ക് പരിചയമില്ല. ഇപ്പോഴും നേരിട്ട് കണ്ടിട്ടില്ല. പോലീസ് സ്റ്റേഷന്റെ മുന്നിൽ കൂടിയ കമലിന്റെ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ സി.പി.ഐ.എം നേതാക്കളുമായി ബന്ധപ്പെടുകയും അവർ നേരിട്ട് സി.ഐയെ വിളിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമലിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതും വിട്ടയക്കുന്നതും. യുവമോർച്ചയുടെ ഒരു കടലാസുതുണ്ട് പരാതിക്ക് പിന്നാലെ പേനായ്ക്കളെപ്പോലെ കിതച്ചോടുന്ന പോലീസിന്റെ രാജ്യസ്‌നേഹം ഗൗരവമായ ചികിത്സ ആവശ്യപ്പെടുന്നത് തന്നെയാണ്. എന്നാൽ പോലീസ് നൽകുന്ന സർക്കുലർ ഏറ്റുപറയുകയല്ല ഇടതുപക്ഷം ചെയ്തത് എന്ന യാഥാർത്ഥ്യം ചിലർ ശ്രദ്ധാപൂർവ്വം മറച്ചുപിടിക്കുന്നു. പ്രത്യേകിച്ചും പ്രസ്തുത പ്രശ്‌നത്തിൽ ഇടപ്പെട്ട ഷഫീക്കിനെപ്പോലുള്ളവർ. കമലിനെ ഹോസ്പിറ്റലിലേക്ക് മാറ്റിയശേഷവും ഷഫീക്ക് പോലീസ് സ്റ്റേഷനകത്ത് തന്നെയാണെന്നറിഞ്ഞപ്പോൾ ഞാൻ സി.ഐയെ കണ്ട് സംസാരിക്കുകയും എന്റെ ജാമ്യത്തിൽ ഷഫീക്കിനെ ഇറക്കികൊണ്ടുവരികയുമാണ് ചെയ്തത്. ഞാൻ നേരത്തെ പറഞ്ഞു എനിക്ക് കമലിനെ അറിയില്ല എന്ന്‍. എനിക്ക് പരിചയമില്ലാത്ത ഒരെഴുത്തുകാരനെ അറസ്റ്റ് ചെയ്തപ്പോൾ അവിടെ ഓടിയെത്താനും ഇടപെടാനും എന്നെ പ്രേരിപ്പിച്ചതും ഞാൻ നൽകിയ വിവരമനുസരിച്ച് സ്റ്റേഷനിൽ ഇടപെടാൻ നേതാക്കൾ ശ്രമിച്ചതും ചിലർ പുച്ഛിച്ചുതള്ളുന്ന ഇടതുപക്ഷരാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. അത് കാണാതെ ചിലർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ചില്ലറ കോപ്രായങ്ങളാണ് പ്രധാനം എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് അവർക്ക് ഒരു ഹരമായിരിക്കുമെങ്കിലും സാമൂഹ്യപരിസരത്തിന് ഒരു ഗുണവും ചെയ്യില്ല.

രണ്ടാമത് നദീർ. എന്‍റെ സുഹൃത്താണ്. നദീറിനെ പോലീസ് പിടികൂടിയത് മുതൽ ഞാൻ അതിന്‍റെ പിറകെയായിരുന്നു. ഒരുപാട് സി.പി.ഐ.എം നേതാക്കളുമായി ഞാൻ സംസാരിച്ചു. അവരും അതിന്‍റെ പിറകെയായി. പ്രസ്തുത കേസ് കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് രജിസ്റ്റർ ചെയ്ത വ്യാജ കേസാണ്. അവരാണ് യു.എ.പി.എ ചുമത്തിയത്. കണ്ടാലറിയാവുന്ന മൂന്നുപേരിലേക്ക് അവനെ വലിച്ചെറിയുകയായിരുന്നു പോലീസ്. വലിയ രീതിയിലുള്ള ഇടപെടലുകളാണ് ഈ പ്രശ്‌നത്തിലുണ്ടായത്. ഭരണം ഒരുമിച്ചുതന്നെ ഇടപെട്ടു. ഇപ്പോൾ നദി കേസിൽനിന്ന് പരിപൂർണ്ണ സ്വാതന്ത്രനായി. ഇടതുപക്ഷം ഭരണകൂടത്തിന്റെ ഒപ്പമല്ലായെന്നും അത് ജനാധിപത്യബോധത്തിന്റെ പ്രത്യാശയാണെന്നും വീണ്ടും ഉറപ്പിച്ചു. പലർക്കുമതിൽ മോഹഭംഗമുണ്ടായേക്കാം. എന്നാൽ ഒരു പകർച്ചവ്യാധിയെപ്പോലെ പടർന്ന് പിടിക്കുന്ന ‘ഭയ’ത്തിൽനിന്ന് കുതറി മാറാനുള്ള പ്രത്യാശയുടെ ആവേശകരമായ അനുഭവമായിട്ടായിരിക്കും ചരിത്രം ഇത് രേഖപ്പെടുത്തുക.
Photo: Bibin d Velayudhan

Leave a Reply