Home » ന്യൂസ് & വ്യൂസ് » `മാനഭംഗ’പ്പെടുത്തുന്ന ആണ്‍ മാധ്യമങ്ങള്‍; ജാതിയുടെ ഒളിയിടങ്ങൾ

`മാനഭംഗ’പ്പെടുത്തുന്ന ആണ്‍ മാധ്യമങ്ങള്‍; ജാതിയുടെ ഒളിയിടങ്ങൾ

 

ബലാത്‌സംഗത്തിനിരയാവുന്ന പെണ്‍കുട്ടികളെ മാനഭംഗത്തിനുകൂടി ഇരയാക്കുന്ന നിലയിലാണ്‌ ന്യൂസ്‌റൂമുകളെന്ന്‌ പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമായ എം എസ്‌ ശ്രീകല. വള്‍ഗര്‍ ജാതിചര്‍ച്ചകളുടെ ഇടമായി തന്റേതടക്കമുള്ള സ്‌ഥാപനങ്ങളിലെ വാര്‍ത്താമുറികള്‍ മാറിയിട്ടുണ്ടെന്ന്‌ കാലിക്കറ്റ്‌ ജേണല്‍ പ്രകാശനത്തോടനുബന്ധിച്ചു നടന്ന `നവമാധ്യമങ്ങളും ടെലിവിഷനും’ ചര്‍ച്ചയില്‍ മാതൃഭൂമി ചാനലിലെ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ ടി എം ഹര്‍ഷന്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന സ്‌ത്രീ-ദളിത്‌ വിരുദ്ധതകളിലേക്ക്‌ വെളിച്ചം വീശുന്നു രണ്ട്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഈ നിരീക്ഷണങ്ങള്‍. പെണ്‍സാന്നിധ്യം ധാരാളമായി വരുമ്പോഴും `പെണ്ണിടങ്ങള്‍’ ചുരുങ്ങുകയാണോ മാധ്യമങ്ങളില്‍? മാധ്യമങ്ങളിലെ ദളിത്‌ സാന്നിദ്ധ്യക്കുറവ്‌ സവര്‍ണ്ണകേന്ദ്രങ്ങളായി ചാനലിടങ്ങളെയും മറ്റു മാധ്യമങ്ങളെയും മാറ്റുന്നുണ്ടോ?  മലയാള മാധ്യമലോകത്തെ ജാതി-ലിംഗ നിലപാടുകള്‍ `സംവാദം’ ചര്‍ച്ചക്കെടുക്കുന്നു. ഇടപെടലുകള്‍ ക്ഷണിക്കുന്നു. മാതൃഭൂമി ചാനല്‍ ന്യൂസ്‌ എഡിറ്ററായ എം എസ്‌ ശ്രീകല ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പങ്കുവെച്ച നിലപാടുകള്‍ ചുവടെ വായിക്കാം.

 

എം എസ്‌ ശ്രീകല

എം എസ്‌ ശ്രീകല

മലയാള സാഹിത്യം കന്യകയുടെ പുല്ലിംഗം തിരക്കി വ്യാകുലപ്പെട്ട കാലം. ഞാൻ കുട്ടികളെ ജേണലിസം പഠിപ്പിക്കുന്ന സമയം. വിഷയം ഇന്ത്യൻ ഭരണഘടനയും മാധ്യമ നിയമങ്ങളും. ലോ കോളേജിൽ നിന്ന് ഇറങ്ങിയിട്ടേയുളളൂ. ഇന്ത്യാവിഷനിൽ കയറിയിട്ടും. ഇന്ത്യൻ നിയമങ്ങൾക്കകത്തെ സ്ത്രീ വിരുദ്ധത, അതിന്റെ പ്രയോഗത്തിൽ കാണുന്ന ദളിത്, ദരിദ്ര, പിന്നാക്ക, മുസ്ലിം, സ്ത്രീ വിരുദ്ധതകൾ എന്നിവയൊക്കെ വാർത്തകളെ എങ്ങനെ ബാധിക്കുന്നു എന്ന് മണിക്കൂറുകളോളം കുട്ടികൾക്കൊപ്പം അവരിലൊരാളായി തർക്കിച്ചും തലപുകച്ചും ഞാനും അത്ഭുതപ്പെട്ടു. മുഴുവൻ മാധ്യമസ്ഥാപനങ്ങളുടെയും പ്രതിനിധിയായി പലപ്പോഴും ഞാൻ അവരുടെ ചീത്തവിളി കേട്ട് സായൂജ്യം കൊണ്ടു. അങ്ങനെയിരിക്കെയാണ് പെൺവാണിഭവും മാനഭംഗവും അവിഹിതബന്ധവും അനുവാദം ചോദിക്കാതെ ക്ലാസ്സിലേക്ക് കയറി വന്നത്. എങ്ങനെയാണ് ഒരു സ്ത്രീയെ പുരുഷൻ ബലാൽസംഗം ചെയ്താൽ സ്ത്രീക്ക് മാനഭംഗം ഉണ്ടാവുകയും പുരുഷന് അതുണ്ടാവാതിരിക്കുകയും ചെയ്യുന്നത്? എങ്ങനെയാണ് സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നതും അതിൽ നിന്ന് പണം ഉണ്ടാക്കുന്നതും ലൈംഗിക വാണിഭത്തിന് പകരം പെൺവാണിഭമാകുന്നത്? രണ്ടാളുകൾ തമ്മിലുളള ബന്ധം വിഹിതമാണോ അവിഹിതമാണോ എന്നൊക്കെ മാധ്യമപ്രവർത്തകർ തീരുമാനിക്കുന്നതെങ്ങനെ?

ആശാദേവി എന്ന ആകെത്തകർന്ന അമ്മ ‘നിർഭയ’ എന്ന വിശേഷണത്തിനപ്പുറം സ്വന്തം മകളുടെ യഥാർത്ഥ പേര് ലോകത്തോട് പറഞ്ഞിട്ടും ജ്യോതി സിംഗ് എന്നെഴുതാൻ മടിക്കുന്ന ദേശീയ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പത്ത് പന്ത്രണ്ട് വർഷം മുൻപുളള ക്ലാസ്സ് റൂം വീണ്ടുമോർത്തത്. നമുക്കിന്നും ബലാൽസംഗം മാനഭംഗമായിത്തന്നെ തുടരുന്നു. മാനം പോയത് ജ്യോതിക്കാണെന്ന് ഇന്നും ഏകപക്ഷീയമായി വിധിയെഴുതുന്നു. അതുകൊണ്ട് ജ്യോതിയുടെ പേര് ഇന്നും മറച്ചും ഒളിച്ചും വെക്കേണ്ടതും രഹസ്യമായി അന്വേഷിച്ചറിഞ്ഞ് വായോട്‍വായ് പരത്തേണ്ടതുമാണ്. സ്ത്രീയുടെ മാനവും അപമാനവും അവളുടെ ലൈംഗികാവയവത്തെ ചുറ്റിപ്പറ്റിയാണ് സ്ഥിതിചെയ്യുന്നത്. ജ്യോതി സിംഗിന്റെ കൊലപാതകം മാഞ്ഞുപോകുകയും ‘മാനഭംഗം’ മാത്രം അവശേഷിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.

ഒരു ബലാൽസംഗത്തെ നേരിടേണ്ടതെങ്ങനെ എന്നത് എല്ലാ സ്ത്രീകളെയും പോലെ എന്റെയും എപ്പോഴുമുളള ആലോചനാവിഷയമാണ്. എപ്പോൾ വേണമെങ്കിലും ഒരു ബലാൽസംഗത്തിനിരയാവാൻ സാധ്യതയുളള ഇന്ത്യയും കേരളവും. ജോലി കഴിഞ്ഞ് ഇരുട്ടു വീഴുമ്പോൾ അടുത്താണെങ്കിലും വീട്ടിലേക്കുളള ഒറ്റക്ക് നടത്തം. മാധ്യമപ്രവർത്തനത്തിന്റെ ഓഫീസ് സമയം കഴിയുമ്പോഴേക്ക് അവശേഷിക്കുന്ന സെക്കന്റ് ഷോ കാണണമെന്നുറപ്പിക്കുന്ന സാഹസികത. ബിരിയാണിക്കൊതി മൂക്കുമ്പോൾ എവിടെയെന്നും എന്തെന്നും ഓർക്കാതെ ഹോട്ടലിലേക്കുളള ഓട്ടം. എന്തിന്, ഒറ്റക്ക്, അസമയത്ത് എന്നീ ചോദ്യങ്ങൾ ക്ഷണിച്ചുവരുത്തുന്ന അനേകമനേകം യാത്രകൾ. ഇരുട്ടിൽ നിന്ന് (ഇരുട്ടില്ലാത്തപ്പോൾ വലിയ മെച്ചമൊന്നുമില്ലെങ്കിലും) നടന്നോ ചാടിയോ ഓടിയോ അടുക്കുന്ന ആൺരൂപത്തിലുളള ഒരപകടത്തെ എങ്ങനെ കൈകാര്യം ചെയ്യും? ആണധികാരത്തിന്റെ ബലപ്രയോഗത്തെ ജീവൻ നല്കി ചെറുത്ത സഹോദരിമാരെ ഞാൻ മാതൃകയാക്കുമോ? അറപ്പും വെറുപ്പും മാത്രം അവശേഷിപ്പിക്കാനിടയുളള ഒരു ലൈംഗികാനുഭവത്തെ തടയാൻ മരണം വരിക്കുമോ? എന്നും സ്വയം ചോദിച്ച് സ്വയം വലയുന്ന ചോദ്യം.

സ്വന്തം ശരീരത്തിൽ മറ്റൊരാൾ ആധിപത്യം സ്ഥാപിച്ചാൽ ആ ശരീരവുമായി ജീവിച്ചിരിക്കുന്നതിലും ഭേദം മറ്റൊന്നാണെന്ന തീർപ്പിൽ മരണത്തിലേക്ക് നടന്നുനീങ്ങിയ മുഴുവൻ സ്ത്രീകളോടുമുളള അതിയായ ആദരവ് നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, വഴങ്ങിയാൽ മരണം ഒഴിവാകുമെങ്കിൽ ഞാൻ അത്രമേൽ സ്നേഹിക്കുന്ന ജീവിതത്തോടൊപ്പം നില്ക്കും സുഹൃത്തുക്കളേ. അതീതഭൂതകാലത്ത് മാനവരാശി നേരിട്ട ആശയപ്രകാശനമോ അതോ അത്യാപത്തോ എന്ന ചോദ്യമായാണ് ഞാനീ ജീവൻമരണ പ്രശ്നത്തെ കാണുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ എഴുത്തോ, അതോ കഴുത്തോ എന്നും മാറ്റി വായിക്കാവുന്നതാണ്. തല രക്ഷിച്ച് കഴിയുന്നിടത്തോളം തടികേടാകാതെ അവിടെനിന്ന് പുറത്തുകടക്കുക എന്നതുതന്നെയാണ് ഉദ്ദേശിക്കുന്നത്. കാമമല്ല ഒരു റേപ്പിസ്റ്റിന്റെ യഥാർത്ഥപ്രശ്നമെന്നതുകൊണ്ട് അവൻ/അവർ ജീവനെടുക്കാനാണ് കൂടുതൽ സാധ്യത. എങ്കിൽ പിന്നെ വലിയ കാര്യങ്ങൾ ആലോചിച്ച് തലപുണ്ണാക്കേണ്ട കാര്യവുമില്ല. പക്ഷേ രക്ഷപ്പെട്ടാൽ പിന്നെയെന്ത് എന്ന വലിയ ചോദ്യം നേർക്കുനേർനോക്കിയങ്ങനെ നില്ക്കുകയാണ്.

“അഴിമതി കാണിച്ച് ജയിലിൽ പോകുന്ന ജനപ്രതിനിധിക്കും കൊലപാതകിക്കും ഗുണ്ടാത്തലവനും കളളനോട്ടടിക്കുന്നവനും കളളക്കടത്തുകാരനും ഒന്നുമില്ലാത്ത അപമാനം ബലാൽസംഗക്കേസിൽ ഇരയാകുന്ന സ്ത്രീക്ക് മാത്രം വന്നുചേരുന്നത് എന്തുകൊണ്ടാണ്?”

ഇര പേര് പുറത്തുപറയാനാകാത്ത വിധം മാനം പോയവളും പ്രതി മുഖം തന്നെ കാണിച്ച് നിന്നാലും മാനത്തിന് ഒരു കോട്ടവും പറ്റാത്തവനുമാകുന്ന ഇപ്പോഴത്തെ ഏർപ്പാട് അങ്ങ് വേണ്ടെന്നു വെക്കും. ശാരീരികസ്ഥിതി അനുവദിക്കുമെങ്കിൽ ഒരു വാർത്താസമ്മേളനം തന്നെ നടത്തും. എന്റെ മുഖം മൊസൈക്കിടുന്നവർക്കെതിരെ കേസും കൊടുക്കും. ലജ്ജിക്കേണ്ടത് കുറ്റവാളിയായ അവൻ/അവർ ആണ്. എന്നിട്ടും സ്ത്രീയെ ലജ്ജിപ്പിക്കുന്നത് ആണും പെണ്ണുമടങ്ങുന്ന സമൂഹമേ നമ്മളോരോരുത്തരുമാണ്. ഇരയെയും വേട്ടക്കാരനെയും തിരിച്ചിട്ടപ്പോൾ സംഭവിച്ച കാഴ്ചയുടെ മാറ്റം സരിതാനായരിൽ കേരളം കണ്ടതാണ്. എന്റെ മാനം പോയേ എന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന, പുറത്തിറങ്ങാത്ത, അകത്തടച്ചിരിക്കുന്ന ആത്മഹത്യചെയ്യുന്ന കേരളീയ സ്ത്രീ, മുഖം മറയ്ക്കാതെ വിതുമ്പാതെ ക്യാമറകൾക്ക് മുന്നിൽ കാര്യം പറഞ്ഞുതുടങ്ങിയപ്പോൾ പേടിച്ചുപോയവരെയും നമ്മൾ കണ്ടതാണ്. മാളത്തിൽ പോയൊളിച്ചതും ജനം കൂടുന്നിടത്തുനിന്നും അകന്നു നിന്നതും മാധ്യമങ്ങളുടെ ക്യാമറക്കുമുന്നിൽ പിന്നീട് വരാതിരുന്നതും പ്രതിയാണ്. കെട്ടിയിട്ട് പീഡിപ്പിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സരിതയും തമ്മിൽ താരതമ്യങ്ങളില്ലെന്നും അറിയാം. പക്ഷേ എത്ര കാലം ഇനിയും കരഞ്ഞുകൊണ്ടിരിക്കും നമ്മൾ? അഴിമതി കാണിച്ച് ജയിലിൽ പോകുന്ന ജനപ്രതിനിധിക്കും കൊലപാതകിക്കും ഗുണ്ടാത്തലവനും കളളനോട്ടടിക്കുന്നവനും കളളക്കടത്തുകാരനും ഒന്നുമില്ലാത്ത അപമാനം ബലാൽസംഗക്കേസിൽ ഇരയാകുന്ന സ്ത്രീക്ക് മാത്രം വന്നുചേരുന്നത് എന്തുകൊണ്ടാണ്?

കേരളത്തിലോടുന്ന തീവണ്ടികളിലെ സുരക്ഷിതത്വമില്ലായ്മ വെളിവാക്കിത്തന്ന സൗമ്യയുടെയും രാജ്യതലസ്ഥാനത്തെ ബസ്സുകളിലെ സ്ഥിതിക്കും വലിയ മാറ്റമൊന്നുമില്ലെന്ന് പഠിപ്പിച്ച ജ്യോതിയുടെയും കാര്യത്തിൽ നമ്മെ കൂടുതൽ സങ്കടപ്പെടുത്തുന്നതെന്താണ്? അവർ കൊല്ലപ്പെട്ടതോ, അതോ ലൈംഗികാതിക്രമത്തിനിരയായതോ? ‘മാനഭംഗത്തി’നിരയായാൽ മരിക്കുന്നതാണ് നല്ലതെന്ന് നിങ്ങളിൽ ചിലരെങ്കിലും ഉളളിൽ കരുതുന്നുണ്ടോ? മരിക്കാതെ തിരിച്ചുവന്നിരുന്നെങ്കിൽ അവരോട് നീതി ചെയ്യാൻ നിങ്ങളിൽ എത്രപേർക്ക് കഴിയുമായിരുന്നു? ജീവിച്ചിരിക്കുന്നവരെ മുറിവേൽപ്പിക്കാതെ ഏതെങ്കിലും ദിവസം കടന്നുപോകുന്നുണ്ടോ? എന്റെ കാര്യം എനിക്ക് തീർച്ചയില്ല, എനിക്ക് മകളുണ്ടായിരുന്നെങ്കിൽ നിനക്കൊന്നും സംഭവിച്ചിട്ടില്ലെന്നുതന്നെ ഞാൻ അവളോട് പറയുമായിരുന്നു.

പഴയ ക്ലാസ്റൂമിലിരുന്ന കുട്ടികൾ പലരും പല മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. മൂന്നു പേർ എന്റെ തന്നെ സഹപ്രവർത്തകരാണ്. ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ മാനഭംഗത്തിനു കൂടി ഇരയാക്കുന്ന വാർത്തകൾ കാണുമ്പോൾ ഞങ്ങൾ ഇപ്പോഴും പരസ്പരം അറിയാതെ നോക്കിപ്പോകും. ബലാൽസംഗം ശരീരത്തിന് നേരെയുളള അതിക്രമമാണ്. അതുമാത്രമേ ആകാനും പാടുളളൂ. കുറ്റവാളിക്ക് മതത്തിനും ജാതിക്കും സ്റ്റാറ്റസിനും അതീതമായി ഏറ്റവും കൂടിയ ശിക്ഷ ഉറപ്പുവരുത്തുന്നതുപോലെത്തന്നെ പ്രധാനമാണ് അയാൾ ഏല്പിക്കുന്ന പ്രഹരം ഇരയുടെ മനസ്സിനെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതും. പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളോട് വരെ ഞാൻ ഒരു പക്ഷേ ക്ഷമിക്കും. പക്ഷേ നീ ‘കേവലം’ ബലാൽസംഗത്തിനല്ല, മാനഭംഗത്തിനുതന്നെയാണ് ഇരയായതെന്ന് അവളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവരോട് ഒരു സമവായം സാധ്യമല്ല തന്നെ.

(കടപ്പാട്: https://www.facebook.com/mssreekalaa/posts/931022930317903)

Leave a Reply