Home » ഇൻ ഫോക്കസ് » അടിയന്തരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രിക്ക് പൊലീസിന്‍റെ സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. ഈ സർക്കാരിന്‍റെ പോലീസിന് പഴയതുപോലെ പോകാനാവില്ല

അടിയന്തരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രിക്ക് പൊലീസിന്‍റെ സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. ഈ സർക്കാരിന്‍റെ പോലീസിന് പഴയതുപോലെ പോകാനാവില്ല

അടിയന്തിരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രി പിണറായിക്കും കോടിയേരിക്കുമൊക്കെ പോലീസിന്‍റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. എന്തായാലും ഈ സർക്കാരിന്‍റെ പോലീസിന് പഴയതുപോലെ പോകാനാവില്ലന്ന് എംപിയും ഡിവൈഎഫ്‌ഐ നേതാവുമായ എംബി രാജേഷ്.തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ്
എം ബി രാജേഷ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക്ക്പോസ്റ്റിന്‍റെ പൂർണ്ണ രൂപം ചുവടെ

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പോലീസിനെ മർദ്ദനോപകരണം എന്ന നിലയിൽ ആദ്യമറിയുന്നത്.അഞ്ചു കിലോമീറ്റർ അകലെയുള്ള ചളവറയിലെ ഹൈസ്ക്കൂളിൽ നിന്ന് ഞാൻ പഠിക്കുന്ന കയിലിയാട് കെ.വി.യു.പി സ്കൂളിലേക്ക് കാൽനടയായി ഒരു വിദ്യാർത്ഥി പ്രതിഷേധ ജാഥ വന്ന് ഞങ്ങളുടെ സ്കൂളിലും പഠിപ്പുമുടക്കി.ചളവറയിലെ ഒരു സ്കൂൾ വിദ്യാ’ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചതിനെതിരായിട്ടായിരുന്നു പ്രതിഷേധം.ലിംഗത്തിൽ പച്ച ഈർക്കിൽ കയറ്റുന്നതുപോലുള്ള പീഡനമുറകളെക്കുറിച്ചൊക്കെ അന്ന് കേട്ട് നടുങ്ങിയിട്ടുണ്ട്. (യഥാതഥ പ്രതിയെ പിന്നീട് പിടിച്ചു.)ഏതാണ്ട് അതേ കാലത്തു തന്നെയുള്ള മറ്റൊരോർമ്മയാണ്.ഒരു സന്ധ്യയിൽ അമ്മയോടൊപ്പം വീട്ടിലെ കോലായയിൽ ഇരുന്നു നാമം ചൊല്ലുമ്പോൾ അകലെ റോഡിൽഇരമ്പുന്ന ഒരു മുദ്രാവാക്യം.” ഞങ്ങടെ പ്രിയ നാം രാജനെവിടെ ,പറയു പറയൂ പോലീസേ,മറുപടി പറയു കരുണാകരാ “. അമ്മയോട് ചോദിച്ചപ്പോൾ രാജനെ പോലീസ് പിടിച്ചു കൊണ്ടുപോയെന്നും പിന്നെ കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇതെല്ലാം പറഞ്ഞു കേട്ട കാര്യങ്ങൾ. പിന്നീട് പല തവണ പോലീസിന്റെ ‘വാത്സല്യം’ നേരിട്ടറിഞ്ഞിട്ടുണ്ട്. ഒരിക്കൽ ലാത്തിച്ചാർജിൽ സാരമായി പരിക്കുപറ്റിയ ഞങ്ങൾ കുറേSFIപ്രവർത്തകരെ പാലക്കാട്ടെ സൗത്ത് സ്റ്റേഷൻ ലോക്കപ്പിൽ തുണിയുരിഞ്ഞാണ് നിർത്തിയത്. എന്നോടൊപ്പം അജിത് സഖറിയ, സോണി, അന്ന് കൊച്ചു കുട്ടിയായിരുന്ന ശ്യാം പ്രസാദ് എന്നിവരുണ്ടായിരുന്നു. സഖാവ് ശിവദാസമേനോൻ വന്ന് ഏറെ ക്ഷോഭിച്ചിട്ടാണ് ഉടുതുണി തിരികെ തന്നത്. അർദ്ധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി ജയിലിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് പാലക്കാട്ടും തിരുവനന്തപുരത്തുമെല്ലാം വെച്ച് പല തവണ ഇതാവർത്തിച്ചു. എംപിയായി ഡൽഹിയിലെത്തിയപ്പോഴും രണ്ടു തവണ ഇതാവർത്തിച്ചു.ഏറ്റവുമൊടുവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാ iത്ഥികളെ മർദ്ദിക്കുന്നതു തടയാൻ ഇടപെട്ടപ്പോഴായിരുന്നു. ഞങ്ങളുടെ കാലത്തെ വിദ്യാർത്ഥി പ്രവർത്തകരിൽ ഈ അനുഭവങ്ങൾ ഇല്ലാത്തവർ ഉണ്ടാകാനിടയില്ല. പെൺകുട്ടികളടക്കം .ഗീനാ കുമാരിയുടെ തല തല്ലിത്തകർത്ത പോലീസുകാരനോട് പകരം വീട്ടാൻ പല തവണ പിന്തുടർന്നതും നടക്കാതെ പോയതും ഓർക്കുന്നു. എന്റെ ഭാര്യ നിനിതക്കും വിദ്യാ’ത്ഥിയായിരിക്കേ കാര്യമായിത്തന്നെ പോലീസിന്റെ കയ്യിൽ നിന്ന് കിട്ടിയിട്ടുണ്ട്. പി. രാജീവിന് ലോക്കപ്പിൽ ഒരു രാത്രി മുഴുവൻ ക്രൂര മർദ്ദനമേറ്റിട്ടുണ്ട്.സ.ശിവദാസമേനോനെ പോലും പോലീസ് മർദ്ദിച്ചു മൃതപ്രായനാക്കിയിട്ടുണ്ട്. മന്ത്രിയായിരിക്കെ സല്യൂട്ട് ചെയ്ത കാക്കിപ്പട തന്നെയാണ് തൊട്ടുപിന്നാലെ തലയടിച്ചു തകർത്തത് എന്ന് മറക്കരുത്. ഇതെല്ലാം ഇപ്പോൾ പറയുന്നത് പൊലീസിന്റെ മർദ്ദനോപകരണം എന്ന അടിസ്ഥാന സ്വഭാവം സ്വന്തം അനുഭവത്തിൽ നിന്ന് ഓർമ്മിപ്പിക്കാനാണ്. ഗവൺമെന്റ് മാറുമ്പോൾ സ്വിച്ചിട്ട പോലെ പോലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ല. ഒരു ഇടതു പക്ഷ സർക്കാരിന് ഈ അടിസ്ഥാന സ്വഭാവം നിയന്ത്രിച്ചും വരുതിയിലാക്കിയും കൊണ്ടു പോകാനേ കഴിയൂ. പഴയ പോലീസിന്റെ പഴയ ശീലങ്ങളെക്കുറിച്ച് കർശന ഭാഷയിൽ മുഖ്യമന്ത്രി തന്നെ പലപ്പോഴും താക്കീത് നൽകുന്നത് അതുകൊണ്ടാണ്.UAPA, 124 – A എന്നിവക്കെതിരായ നിലപാട് പോലീസ് നടപടിയിൽ ഇന്നു പ്രതിഫലിച്ചതും യാദൃഛികമല്ല. നദീറുൾപ്പെട്ട കേസിൽUAPA ചുമത്തിയത് UDF സർക്കാർ.LDF ചെയ്തത് UAPA രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ചുമത്തില്ല എന്ന പ്രഖ്യാപനം.124 – A യും ചുമത്തില്ല എന്ന് സർക്കാർ വ്യക്തമാക്കി. സി പി ഐ(എം)ന്റെ പ്രഖ്യാപിത നിലപാടാണിത്.കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലെ ഖണ്ഡിക 2.45 ഇതു വ്യക്തമാക്കുന്നു. പോലീസിലെ ആരെങ്കിലും ഇതു ലംഘിച്ചാൽ സർക്കാർ ഇടപെട്ടു തിരുത്തും എന്നിപ്പോൾ വ്യക്തമായല്ലോ. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. സി പി എം നേതാക്കളായ കാരായി രാജനും, ചന്ദ്രശേഖരനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസിന്റെ വേട്ടയാടലിന് നിരപരാധികളായിട്ടും ഇരയായപ്പോൾ അവർക്ക് അന്ന് നീതി ലഭിച്ചില്ല, എന്നാൽ പോലീസിന്റെ നീതി നിഷേധം ഇപ്പോൾ സർക്കാർ തിരുത്തുന്നു. നദീറിനും കമൽ ചാവറക്കും നീതി നിഷേധിക്കപ്പെടില്ല എന്നുറപ്പാക്കിയിരിക്കുന്നു. അടിയന്തിരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രി പിണറായിക്കും കോടിയേരിക്കുമൊക്കെ പോലീസിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. എന്തായാലും ഈ സർക്കാരിന്റെ പോലീസിന് പഴയതുപോലെ പോകാനാവില്ല എന്ന സന്ദേശമാണ് ഇന്നുണ്ടായിരിക്കുന്നത്. സി പി ഐ (എം) നെ കടിച്ചുകീറാൻ അവസരം പാർത്തിരുന്നവർക്ക് അല്പം നിരാശ ഉണ്ടായിട്ടുണ്ടാവാമെങ്കിലും.

Leave a Reply