Home » ഇൻ ഫോക്കസ് » കമല്‍, നദീര്‍….. അതിവാദങ്ങള്‍ക്കും വിധേയത്വത്തിനുമപ്പുറം

കമല്‍, നദീര്‍….. അതിവാദങ്ങള്‍ക്കും വിധേയത്വത്തിനുമപ്പുറം

ഗുലാബ് ജാന്‍

കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയ ഒരു കുറിപ്പിന് അനുബന്ധമായി അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ പ്രതികരണങ്ങള്‍ ഉണ്ടാകുകയുണ്ടായി. പലരും എന്നെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങളും രോഷവും പ്രകടിപ്പിച്ചു. വൈകാരികവും രാഷ്ട്രീയവുമായ പ്രേരണയാണ് അത്തരം ഒരു കുറിപ്പ് എഴുതാനുള്ള കാരണം. വൈകാരികമായ കാരണം പ്രസ്തുത സന്ദര്‍ഭത്തിന്റെ സമ്മര്‍ദ്ദമായത് കൊണ്ട്തന്നെ ഇപ്പോള്‍ അപ്രസക്തമാണെന്ന് തോന്നുന്നു. എന്നാല്‍ അങ്ങിനെയല്ല രാഷ്ട്രീയം. അത് കൂടുതല്‍ ആഴത്തില്‍ പരിഗണിക്കേണ്ടതാണ്. എന്റെ കുറിപ്പിലെ ഞാന്‍ എന്നതിന് ഒരു വ്യക്തി എന്ന അര്‍ത്ഥമില്ല. അതൊരു പ്രതിനിദാനമാണ്.

സി പി ഐ എം ലെ ബ്രാഞ്ച് തലം മുതല്‍ പി ബി വരെയുള്ളവര്‍ പൊടുന്നനെ കാണിച്ച ജാഗ്രതയാണത്. അത് കാണാതെ കിട്ടിയ അവസരം സി പി ഐ എം ന് ശവപെട്ടിയൊരുക്കാനുള്ള ചിലരുടെ ഉത്സാഹമാണ് ഞാന്‍ പ്രശ്‌നവത്ക്കരിക്കാന്‍ ശ്രമിച്ചത്.
സര്‍ക്കാറിനെ സംരക്ഷിക്കാനോ, പിണറായിയുടെ കുറ്റകരമായ മൗനത്തിന് സല്യൂട്ട് ചെയ്യാനോ ഉള്ള ബാധ്യത എനിക്കില്ല.
എന്നാല്‍ ചില ബോധ്യങ്ങളുണ്ട്. സംഘപരിവാര്‍ ഫാസിസം ജീവിതത്തിന്റെ സര്‍വ്വരംഗങ്ങളിലും ഭയാനകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന നടപ്പ്കാലത്ത് സി പി ഐ എം അടക്കമുള്ള ഇടതുപക്ഷ ഇടങ്ങള്‍ക്കുണ്ടാകുന്ന ക്ഷതവും ശൂന്യതയും എന്നെ ഭയപ്പെടുത്തുന്നുണ്ട്. വിമര്‍ശനങ്ങളും വിയോജിപ്പുകളും നിലനില്‍ക്കുമ്പോഴും നമുക്ക് ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള പ്രദേശം ഇപ്പോഴും ഇടതുപക്ഷം തന്നെയാണ്. അതുകൊണ്ടുകൂടിയാണല്ലോ കമലിന്റേയും നദീറിന്റേയും കേസില്‍ 124, യു എ പി എ തുടങ്ങിയ വകുപ്പുകള്‍ പോലീസ് എഴുതി ചേര്‍ത്തിട്ടും പൊടുന്നനെ അത് അപ്രത്യക്ഷമായത്. സുഹുത്തുക്കളേ നാം ഒരുമിച്ച് നില്‍ക്കേണ്ടവരാണ്. പരസ്പരം കടിച്ച് കീറേണ്ടവരല്ല. സംഘപരിവാരത്തിന് ആഹ്ലാദിക്കാന്‍ അവസരം ഒരുക്കരുത്….

ഇത്രയും പറയുമ്പോള്‍ ഈ പ്രശ്‌നത്തിലുള്ള പൊതുപ്രതികരണങ്ങളെ നിസാരവത്ക്കരിക്കുന്നില്ല എന്ന കാര്യം പത്യേകം പറയേണ്ടതുണ്ട്. സാംസ്‌ക്കാരിക രംഗം പൊടുന്നനെ പ്രകടമാക്കിയ ഉണര്‍വ്തന്നെയാണ് വളരെപെട്ടെന്ന് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ദേശീയഗാനം ഇന്ന് നമ്മുടെ പൗരജീവിതത്തെ നിരന്തരം വിചാരണച്ചെയ്യും വിധം പ്രയോഗിക്കുന്നതിലെ ഫാസിസ്റ്റ് യുക്തികളാണ് ഒന്നാം പ്രതിയെന്നിരിക്കെ പിണറായിയെന്ന് മാത്രം ഉരുവിടുന്ന മാനസികാവസ്ഥയിലേക്ക് പ്രതികരണങ്ങള്‍ വഴിമാറുന്നത് അപകടകരമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലര്‍ കാണിക്കുന്ന അരാഷ്ട്രീയ പ്രതികരണങ്ങളുടെ നിലവാരത്തിലേക്ക് സാംസ്‌ക്കാരിക വൈഞ്ജാനിക മണ്ഡലത്തിലെ ഇടപെടലുകള്‍ മാറിക്കൂട. കാരണം അത്തരത്തിലുള്ള എല്ലാ ജാഗ്രതകുറവുകളും രോഗത്തെയല്ല, രോഗലക്ഷണങ്ങളെയാണ് സ്പര്‍ശിക്കുന്നത്. ‘ഒരു അമ്പത്തിരണ്ട് സെക്കന്റ് ഇവര്‍ക്കൊന്ന് എഴുന്നേറ്റാലെന്താ’ എന്ന് ചോദിക്കുന്നത് പോലൊരു അപകടമാണത്. കാരണം പ്രശ്‌നം അമ്പത്തിരണ്ട് സെക്കന്റിന്റേതല്ലായെന്നും ഒരു പൗരന്റെ ആത്മബോധത്തിന്റേതാണെന്നും മറന്ന്‌പോകരുത്.

കേരളത്തിലിന്ന് ശക്തമായ ഇഛാശക്തിയുള്ള ചെറുഗ്രൂപ്പുകളും അവരുടെ ഇടപെടലുകളും ശക്തിപ്പെടുന്നുണ്ട്. അവരുമായി സംവാദ സൗഹൃദം ഇടതുപക്ഷത്തിന് സാധ്യമാകേണ്ടതാണ്. എന്നാല്‍ ഇരുകൂട്ടരുടേയും അതിവാദങ്ങള്‍ ഇത്തരം സൗഹൃദത്തെ റദ്ദ് ചെയ്യും വിധമാണ് ഭവിക്കുന്നത്. നദീറിനെപോലുള്ള ചെറുപ്പക്കാരുടെ രാഷ്ട്രീയമായ രോഷവും വേദനകളും തിരിച്ചറിയാന്‍ കഴിയുംവിധം ഇടതുപക്ഷം വികസിക്കേണ്ടതുണ്ട്. ഈ ചെറുപ്രായത്തില്‍തന്നെ വിപുലമായ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുത്ത ചെറുപ്പക്കാരനാണ് നദീര്‍. അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരുടെ സമരമുഖങ്ങളില്‍ അവന്റെ സാന്നിദ്ധ്യമുണ്ട്. കമല്‍ സി ചവറയും, ഷഫീഖും സമാനമനസ്‌ക്കര്‍ തന്നെയാണ്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഇടതുപക്ഷജ്ഞാനമണ്ഡലത്തിന്റെ വികാസത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നതാണ്. ഫാസിസവും ജനാധിപത്യവിരുദ്ധതയും പ്രശ്‌നവല്‍ക്കരിക്കുന്ന ഏതൊരു ശബ്ദവും ഇടതുപക്ഷ പരിപ്രേക്ഷ്യത്തിനകത്ത് വെച്ച് നോക്കികാണുന്ന രാഷ്ട്രീയം പൊതുവില്‍ മുഖ്യധാരാ പാര്‍ട്ടിബോധം പ്രകടിപ്പിക്കുന്നില്ലയെന്ന വസ്തുതയെ അവഗണിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ തന്നെ ചരിത്രബോധവും രാഷ്ട്രീയവും നഷ്ടപ്പെട്ട ആള്‍ക്കൂട്ട മാനസികാവസ്ഥയിലേക്കുള്ള കൂപ്പുകുത്തലായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ശക്തി പ്രകടനങ്ങള്‍ക്ക് പുറത്താണ് പ്രതിബോധ നിര്‍മ്മിതിയുടെ സൈദ്ധാന്തികപരിസരം. അത് പലപ്പോഴും സ്തുതിഗീതങ്ങളായിരിക്കണമെന്നില്ല. നോവുന്ന പ്രഹരം കൂടിയായിരിക്കും. സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുന്നവരെല്ലാം വര്‍ഗ്ഗശത്രുക്കളാണെന്ന ധാരണ യുദ്ധകാല അടിസ്ഥാനത്തില്‍ തിരുത്തപ്പെടേണ്ടത് തന്നെയാണ്. വര്‍ഗം ഒരു ചരിത്രഘടനയാണ്. അത് ഒരു സവിശേഷ പാര്‍ട്ടിയില്‍ ഒതുക്കാവുന്നതല്ല. അതുകൊണ്ട് തന്നെ ഭരണകൂടത്തിനെതിരായ ഏതു ചെറിയ പ്രതികരണങ്ങള്‍പോലും വര്‍ഗസമരം തന്നെയാണെന്ന മാര്‍ക്‌സിന്റെ പ്രാഥമികപാഠം പലരും ഇനിയും പഠിച്ചുതുടങ്ങേണ്ടതുണ്ട്. മനുഷ്യാവകാശം, ആദിവാസി, ദളിത് പരിസ്ഥിതി ഇത്യാദി രാഷ്ട്രീയ ഇടങ്ങളെ സംശയത്തോടെ എതിരിടുന്ന മനോഘടന രൂപപ്പെടുന്നത് അത്തരം ഒരു പാഠത്തിന്റെ ശൂന്യതയിലാണ്.

ഷഫീക് പോലീസ് സ്റ്റേഷനില്‍ പ്രശ്‌നമുണ്ടാക്കിയതുകൊണ്ടാണ് അയാളെ കസ്റ്റഡിയിലെടുത്തത് എന്നൊരു ഫെയസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സ്വന്തം സുഹൃത്ത് തലകറങ്ങി വീഴുന്നത് കാണുമ്പോഴും അത് പോലീസ് സ്റ്റേഷന്റെ അകത്തായതുകൊണ്ട് പ്രതികരിക്കാതെ പോലീസിന്റെ മുമ്പില്‍ വിനീത വിധേയനായി അച്ചടക്കം പാലിക്കണമെന്ന ജനാധിപത്യവിരുദ്ധ അടിമമനസ്സ് പോലീസുകാര്‍ക്ക് ആഗ്രഹിക്കാമെങ്കിലും അത് അനുവദിച്ചുകൊടുക്കാന്‍ രാഷ്ട്രീയബോധത്തിന് സാധിക്കണമെന്നില്ല. നദീറിനെതിരെ ചുമത്തിയ കേസ്സില്‍ പോലീസ് എഴുതിയുണ്ടാക്കിയത് ‘ആദിവാസികള്‍ക്ക് നേരെ തോക്കുചൂണ്ടി ലഘുലേഖ വായിപ്പിച്ചുവെന്നാണ്’. തോക്കുചൂണ്ടി ലഘുലേഖ വായിപ്പിക്കുന്നവരും ഭക്ഷണം കവര്‍ന്നെടുക്കുന്നവരുമാണ് മാവോയിസ്റ്റുകളെന്ന് ഏത് പോലീസ് പറഞ്ഞാലും അത് വിഴുങ്ങുന്ന രാഷ്ട്രീയ നിരക്ഷതയിലേക്ക് മലയാളി കൂപ്പൂക്കുത്തിയിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് ഒരു കേമ്പസിലെ വിദ്യാര്‍ത്ഥികള്‍ ബെര്‍തോള്‍ഡ് ബ്രഹ്തിന്റെ കവിത അച്ചടിച്ചിറക്കിയതിന്റെ പേരില്‍ ബ്രഹ്തിനെ അന്വേഷിച്ച് പോലീസ് കേമ്പസ്സിലേക്ക് ഇരച്ചുകയറിയതിന്റെ ഒരനുഭവം ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് പോലീസിനൊപ്പിച്ച് ഭരണകൂടമായി പരിണമിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ മത്സരിക്കുന്നത് അപകടകരമാണ്. അച്ചടക്കം എന്നത് ഫാസിസത്തിന്റെ മുദ്രാവാക്യമാണെന്ന് അവര്‍ തിരിച്ചറിയണം. അതിന് പാകപ്പെടുത്താനുള്ള ഭരണകൂടോപകരണ പ്രയോഗത്തിന്റെ ഭാഗമായാണ് ”ദേശീയഗാനം, രാജ്യസ്‌നേഹം, ദേശീയത എന്നിങ്ങനെയുള്ള അമിതാധികാര പ്രയോഗങ്ങള്‍ സംഘിയേയും പോലീസിനേയും ഓരോ പൗരന്റേയും ഇടതും വലതും ചേര്‍ത്തുനിര്‍ത്തി നടപ്പാക്കികൊണ്ടിരിക്കുന്നത്.” അതിനോട് ഇടതുപക്ഷത്തിന് വിയോജിച്ചേ പറ്റൂ. അതിന് ഭരണം ഒരു തടസ്സമായിക്കൂട.
നേരത്തെ എഴുതിയ ലേഖനം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
.https://goo.gl/DfejMY

Leave a Reply